• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗൂംഗിഗുഡിയ ഇന്ത്യയുടെ ദുര്‍ഗയായി; ഉമ തോമസ് അടുക്കളയില്‍ മാത്രം ജീവിച്ച ഒരാള്‍ ആയിരുന്നില്ല: മറുപടി

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഉമ തോമസിന്റേത് സഹതാപം സൃഷ്ടിച്ചെടുക്കാനാണെന്ന എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രസ്താവനയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശാരദക്കുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷക സുധ മേനോന്‍.

1

ഉമാ തോമസ് അത്ര മികച്ച സ്ഥാനാര്‍ത്ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ് എന്നാണ് ശാരദക്കുട്ടി പറഞ്ഞത്. രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ ഗൂംഗി ഗുഡിയ എന്ന് വിളിക്കപ്പെട്ട ഇന്ദിരാ ഗാന്ധി ഒടുവില്‍ പ്രതിപക്ഷ നേതാവിനെക്കൊണ്ട് ദുര്‍ഗയെന്ന് വിളിപ്പിച്ചു എന്നായിരുന്നു സുധാമേനോന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാമേനോന്റെ മറുപടി.

2

ഇന്ദിരാജി രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍, അവര്‍ പലര്‍ക്കും നെഹ്രുവിന്റെ 'ഗൂംഗിഗുഡിയ' ആയിരുന്നു. നെഹ്രുവിന്റെ തണലില്‍ നിന്നും പുറത്തു വന്നിട്ടില്ലാത്ത, സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്ത, ദുര്‍ബലയായ 'dumb doll' ആയി അവരുടെ രാഷ്ട്രീയജീവിതം അവസാനിക്കുമെന്ന് പറഞ്ഞവര്‍ ആയിരുന്നു ഏറെ. പക്ഷെ, അധികം വൈകാതെ 'ഗൂംഗിഗുഡിയ', എല്ലാ ചങ്ങലകളും പൊട്ടിച്ചെറിയുകയും, സ്വന്തമായി ഒരു ചരിത്രമെഴുതിയതും നമുക്ക് മുന്നിലുണ്ട്. ഒടുവില്‍ പ്രതിപക്ഷനേതാവിനെ കൊണ്ട് ഇന്ത്യയുടെ ദുര്‍ഗ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തരത്തില്‍ അവര്‍ വളര്‍ന്നു. അവര്‍ക്ക്, അതിനു ഊര്‍ജ്ജം കൊടുത്തത് സാധാരണ ജനങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കമായിരുന്നു.

3

പിന്നീട്, മറ്റൊരു സ്ത്രീ-സോണിയാ ഗാന്ധി- കോണ്‍ഗ്രസ് അധ്യക്ഷ ആയപ്പോഴും സമാനമായ അധിക്ഷേപങ്ങള്‍ കേട്ടു. പക്ഷെ, അവര്‍ കോണ്‍ഗ്രസ്അധ്യക്ഷ ആയിരുന്നപ്പോള്‍ ആണ്, വിവരാവകാശ നിയമവും, തൊഴിലുറപ്പും, ഭക്ഷ്യസുരക്ഷാനിയമവും പോലെയുള്ള ജനകീയമായ ചുവടുവെയ്പ്പുകള്‍ നടത്തിയത്. 'രാഷ്ട്രീയപ്രവര്‍ത്തനം' നിരവധി മാനങ്ങളും, തലങ്ങളും ഉള്ള ഒന്നാണ്. സാധ്യതകളുടെ കല. അതില്‍ ആരെയും മുന്‍വിധിയോടെ സമീപിക്കുന്നതില്‍ അര്‍ത്ഥമില്ല. ഉമാ തോമസിന്റെ സ്ഥാനാര്‍ഥിത്വത്തെയും ഞാന്‍ അങ്ങനെയാണ് വിലയിരുത്തുന്നത്.

4

ഭര്‍ത്താവായ പി.ടി. തോമസ് മരിച്ചതിന് ശേഷം രാഷ്ട്രീയത്തില്‍ വന്ന ഒരാള്‍ അല്ല, ഉമാ തോമസ്. അവര്‍ എപ്പോഴും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക ആയിരുന്നു. മഹാരാജാസിലെ വിദ്യാര്‍ഥിനി ആയിരിക്കുമ്പോള്‍ മുതല്‍, പി.ടിയെ കണ്ടു മുട്ടുന്നതിനും എത്രയോ മുമ്പ് കോണ്ഗ്രസുകാരിയും, കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തകയും ആയിരുന്നു. സ്വന്തമായി തൊഴിലോ വരുമാനമോ, സാമ്പത്തികശേഷിയോ ഇല്ലാത്ത പി.ടി. തോമസിന്റെ കൈ പിടിച്ച് വീട് വിട്ടിറങ്ങുമ്പോഴും വിവാഹം കഴിക്കുമ്പോഴും, ജീവിതം തുടങ്ങുമ്പോഴും ഒക്കെ അവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക തന്നെയായിരുന്നു.

5

അതിനുശേഷം, സ്വാഭാവികമായും 'ജീവിക്കാന്‍ വേണ്ടി' അവര്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. എങ്കിലും അവര്‍ 'അടുക്കളയില്‍ മാത്രം' ജീവിച്ച ഒരാള്‍ ആയിരുന്നില്ല . ഉമാ തോമസ്, സ്വന്തമായി വ്യക്തിത്വവും, വരുമാനവും, ഐഡന്റിറ്റിയും ഉള്ള ഒരു മുഴുവന്‍ സമയ 'പ്രൊഫഷണല്‍ ' ആണ്. ദീര്‍ഘകാലം പ്രൊഫഷണല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും, അവര്‍ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പിടിയുടെ വീട് എല്ലാ കാലത്തും കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭയമായിരുന്നു.

6

രാവേറും വരെയുള്ള രാഷ്ട്രീയ ചര്‍ച്ചകളില്‍ വീറോടെ പങ്കെടുക്കുന്ന ഉമേച്ചിയെയാണ് എണ്പതുകളുടെ അവസാനം മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ മാസം അവസാനം വരെയുള്ള നീണ്ട കാലഘട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് ഏറെ പരിചയം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും അവര്‍ മിക്കവാറും എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിക്കുകയും, ഒരു ദിവസമെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് ഒപ്പം പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. അല്ലാതെ പി. ടി. ക്ക് വേണ്ടി മാത്രമല്ല അവര്‍ പ്രവര്‍ത്തിച്ചത്. ഉമേച്ചി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത്രമേല്‍ പ്രിയതരയായത് കൊണ്ടാണ് അവരുടെ സ്ഥാനാര്‍ഥിത്വം ആവേശത്തോടെ എല്ലാവരും ഏറ്റെടുത്തതും.

7

കേരളത്തിലും ഇന്ത്യയിലും ആദ്യമായിട്ടല്ല, പാര്‍ട്ടി ഭാരവാഹിത്വം ഇല്ലാത്ത ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒരു രാഷ്ട്രീയപ്രവര്‍ത്തനപരിചയവും സംഘടനാപാരമ്പര്യവും ഇല്ലാത്ത 'പ്രൊഫഷണലുകള്‍' വളരെ പെട്ടെന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങി ജയിക്കുന്നതും അതിലേറെ വേഗതയില്‍ മന്ത്രിയാകുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. കൊട്ടിഘോഷിച്ചു സ്ഥാനാര്‍ഥി ആക്കിയ, സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍, വെറും ആറു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി മാറി, കേന്ദ്രമന്ത്രി ആയതും നമ്മള്‍ കണ്ടു.

8

ഭാര്യയും ഭര്‍ത്താവും ഒരുപോലെ സജീവമായി രാഷ്ട്രീയത്തില്‍ തുടരുന്നതും, ഒരാള്‍ സ്ഥിരവരുമാനം കണ്ടെത്താന്‍ വേണ്ടി മാറി നില്‍ക്കുന്നതും, പിന്നീട് തിരികെ വരുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയോടെ പൊതുരംഗത്തു നിന്ന് തന്നെ അപ്രത്യക്ഷരായ താല്‍ക്കാലിക സ്ഥാനാര്‍ഥികളും നമുക്ക് അപരിചിതരല്ല. മണ്ഡലത്തിലെ ജാതി-മത സമവാക്യങ്ങള്‍ മാത്രം കണക്കിലെടുത്ത്‌കൊണ്ട് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതും ഇവിടെ സര്‍വസാധാരണമാണ്.

9

അതുകൊണ്ട്, ഉമാതോമസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മാത്രം മറ്റാര്‍ക്കും ബാധകമാകാത്ത രാഷ്ട്രീയധാര്‍മികമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. അവരുടെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകള്‍ അവരുടെതാണ്. മലയാളികള്‍ പ്രബുദ്ധരാണ്. ഗിമ്മിക്കുകള്‍ കൊണ്ട് വഞ്ചിക്കാന്‍ പറ്റുന്ന വോട്ടര്‍മാരല്ല തൃക്കാക്കര മണ്ഡലത്തില്‍ ഉള്ളത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും പി.ടി. തോമസ് വന്‍ഭൂരിപക്ഷത്തോടെ ജയിച്ച മണ്ഡലം.സുസ്ഥിരവികസനത്തിനും, സ്ത്രീസുരക്ഷക്കും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. നടി അക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ നമ്മള്‍ കണ്ടതാണ്. ഹേമാക്കമ്മിഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും മൂടിവെക്കപ്പെടുന്ന സാഹചര്യത്തില്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സംവാദത്തിലും പാരസ്പര്യത്തിലും ഊന്നിയ സ്ത്രീപക്ഷ-ജനപക്ഷനയം തൃക്കാക്കരയിലെ ചര്‍ച്ച ആകട്ടെ.

10

കേരളത്തിലെ ഒരു വികസനമുന്നേറ്റത്തെയും എതിര്‍ത്ത രാഷ്ട്രീയചരിത്രം കോണ്‍ഗ്രസ്സിന് ഇല്ല. കേരളത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ആയ, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും യാത്രക്കായി ആശ്രയിക്കുന്ന, കൊച്ചി വിമാനത്താവളം അതിന്റെ ഏറ്റവും വലിയ തെളിവായി മുന്നില്‍ തന്നെയുണ്ട്. 1970-77 കാലത്ത്, കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണിഭരണമാണ് സമാനതകള്‍ ഇല്ലാത്ത ടിസ്ഥാനവികസനസൌകര്യങ്ങള്‍ ഇവിടെ കെട്ടിപ്പടുത്തത്. ഇന്ന് കേരളാമാതൃകയായി വാഴ്ത്തപ്പെടുന്ന മിക്കവാറും നയങ്ങള്‍ക്ക് തുടക്കമിട്ടത് ആ കാലഘട്ടത്തില്‍ ആണ്.

11

പക്ഷെ, കോണ്‍ഗ്രസ് കേരളത്തില്‍ വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് സ്ത്രീകളെ റോഡിലൂടെ പോലീസിനെക്കൊണ്ട് വലിച്ചിഴപ്പിച്ചും, സമരം ചെയുന്നവരെ തീവ്രവാദികള്‍ ആക്കിയും, എതിര്‍ക്കുന്ന മനുഷ്യരെ മുഴുവന്‍ ഏകപക്ഷീയമായി വികസനവിരുദ്ധരായി ചിത്രീകരിച്ചും അല്ലായിരുന്നു. വികസനം പരമപ്രധാനമാണ്.പക്ഷെ, അതൊരു 'end in itself' ആകരുത്. അത്രേയുള്ളൂ. തൃക്കാക്കരയിലെ സുപ്രധാനമായ ഈ രാഷ്ട്രീയപോരാട്ടത്തില്‍ പ്രിയപ്പെട്ട ഉമാതോമസിന് അഭിവാദ്യങ്ങള്‍.

 'കാവ്യയില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം..എല്ലാം അവർക്ക് അറിയാം.. വക്രബുദ്ധിയാണ്';ഭാഗ്യലക്ഷ്മി 'കാവ്യയില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം..എല്ലാം അവർക്ക് അറിയാം.. വക്രബുദ്ധിയാണ്';ഭാഗ്യലക്ഷ്മി

cmsvideo
  മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam
  English summary
  Thrikkakkara By Election: Political observer Sudha Menon opposes writer Sharadakutty's statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X