തൃശൂരിൽ കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം കുളത്തിൽ; 20കാരൻ പിടിയിൽ
തൃശൂർ: കുഴൂരിൽ കാണാതായ ആറ് വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സമീപവാസിയായ ഇരുപതുകാരൻ ജോജോയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ വ്യാഴാഴ്ച വൈകീട്ടാണ് കാണാതായത്. ആറ് മണിക്ക് ശേഷം കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ നേരം ഏറെ വൈകിയിട്ടും കുട്ടി തിരികെ എത്താതെ വന്നതോടെയാണ് വീട്ടുകാർ പോലീസിൽ വിവരമറിയിച്ചത്.

കളി കഴിഞ്ഞ് കുട്ടി നേരത്തെ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു കൂടെ കളിച്ചിരുന്ന മറ്റ് കുട്ടികൾ പോലീസിൽ നൽകിയ മൊഴി. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് നിർണായകമായത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തിരിച്ചിലിലാണ് കുട്ടി സ്ഥലത്തെ ഒരു യുവാവുമായി റോഡിൽ ഓടിക്കളിക്കുന്നത് കണ്ടത്. ഇതിന് പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതോടെ ഇയാൾ കുറ്റം സമ്മതിച്ചു. രാത്രി ഒൻപതരയോടെ വീടിനടുത്തുള്ള കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇയാൾ നേരത്തെ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആളാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുമായി വാക്ക് തർക്കം ഉണ്ടായ ദേഷ്യത്തിൽ മർദ്ദിക്കുകയും അതിന് ശേഷം കുളത്തിലേക്ക് എറിഞ്ഞെന്നാണ് ആദ്യം മൊഴി നൽകിയത്. പിന്നീട് ഈ മൊഴി ഇയാൾ മാറ്റി.












Click it and Unblock the Notifications