വടക്കുംനാഥനെ സാക്ഷിയാക്കി ഭഗവതിമാര്‍ ഉപചാരം ചൊല്ലി; തൃശൂര്‍ പൂരത്തിന് സമാപനം
തൃശൂര്‍: വടക്കുംനാഥനെ സാക്ഷിയാക്കി ഭഗവതിമാര്‍ ഉപചാരം ചൊല്ലി തൃശൂര്‍ പൂരത്തിന് സമാപനം കുറിച്ചു. 36 മണിക്കൂര്‍ നീണ്ട പൂരത്തിനാണ് ഇന്ന് പരിസമാപ്തി കുറിച്ചത്. ഇനി അടുത്ത പൂരത്തിനുള്ള കാത്തിപ്പിലാണ്. അടുത്ത വര്‍ഷം ഏപ്രില്‍ 19ന് ആണ് തൃശൂര്‍ പൂരം. ഇന്നലെ മുതല്‍ സൂചി കുത്താനിടമില്ലാത്ത നിലയിലായിരുന്നു തേക്കിന്‍കാട് മൈതാനം.
അതേസമയം, തിരുവമ്പാടി , പാറമേക്കാവ് ഭഗവതിമാര്‍ രാവിലെ എട്ടരയോടെ പകല്‍ പൂരത്തിന് പുറപ്പെട്ടു. തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട് കൊമ്പന്‍ ചന്ദ്രശേഖരന്റെ പുറത്തായിരുന്നു. പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയത് കൊമ്പന്‍ എറണാകുളം ശിവകുമാറായിരുന്നു. പതിനഞ്ചാനകളുടെ അകമ്പടിയിലായിരുന്നു ഭഗവതിമാരുടെ വരവ് . കിഴക്കൂട്ട് അനിയന്‍ മാരാരും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരും മേളത്തിന് നേതൃത്വം നല്‍കി.

ഇരുകൂട്ടരുടേയും മേളം കലാശിച്ച ശേഷം ഭഗവതിമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തെത്തി. കൊമ്പന്‍മാര്‍ ഭഗവതിമാരെ പ്രതിനിധീകരിച്ച് തുമ്പിക്കൈ ഉയര്‍ത്തി പരസ്പരം വണങ്ങി. പൂരപറമ്പിനോട് വിടപറഞ്ഞ് ഭഗവതിമാരുടെ മടക്കം. അടുത്ത പൂരത്തിന് കാണാമെന്ന പ്രതീക്ഷയില്‍ ദേശക്കാരും മടങ്ങി. ആഘോഷത്തിന്റെ അവസാന കൂട്ടപ്പൊരിച്ചിലെന്നോണം പകല്‍ വെടിക്കെട്ട്.
അതേസമയം, രാവിലെ എട്ട് മണിക്കായിരുന്നു ഇത്തവണ എഴുന്നള്ളിപ്പ് ആരംഭിച്ചത്. പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് മണ്ികണഠനാല്‍ ഭാഗത്ത് നിന്നാണ് ആരംഭിച്ചത്. ഇതേ സമയം തന്നെ നായ്ക്കനാല്‍ ഭാഗത്ത് നിന്ന് തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പും ആരംഭിച്ചിരുന്നു. പറമേക്കാവ് ഭഗവതിക്കായി 14 ആനകള്‍ അണി നിരന്നു. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ മേളത്തോടൊപ്പമായിരുന്നു ഇത്.
അതേസമയം, കഴിഞ്ഞ ദിവസം വര്‍ണാഭമായ കുടമാറ്റത്തിനായിരുന്നു തൃശൂര്‍ പൂരം സാക്ഷ്യം വഹിച്ചത്. കുടമാറ്റത്തിന്റെ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ കപ്പുയര്‍ത്തുന്ന കുട ലോക ശ്രദ്ധയാകര്‍ഷിച്ചു. മെസിക്ക് ആശംസയുമായി തിരുമ്പാടി ദേവസ്വമായിരുന്നു മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചത്. ഇതോടെ വിദേശ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും തൃശൂര്‍ പൂരം ശ്രദ്ധയാകര്‍ഷിച്ചു. മെസിയുടെ ആരാധകരുടെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഉടന്‍ തന്നെ വീഡിയോ അര്‍ജന്റീനിയയില്‍ എത്തുമെന്നാണ് കരുതുന്നത്.
അതേസമയം, ഇത്തവണ തൃശൂര്‍ പൂരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഇത്തവണ പൂരത്തിനായി ഒരുക്കിയിരുന്നു. ഡിടിപിസിയുടെ നേതൃത്വത്തില്‍ വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കാനും അവര്‍ക്ക് പൂരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുവാനുമായി ഹെല്‍പ്പ് ഡെസ്‌കും കുടമാറ്റം ഉള്‍പ്പെടെ കാണുന്നതിന് പ്രത്യേക പവലിയന്‍ പാസ്സുകളും ഒരുക്കിയിരുന്നു.
കോവിഡിന്റെ ഇടവേളയ്ക്കു ശേഷം നടന്ന കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് റെക്കോര്‍ഡ് ജനങ്ങളാണ് എത്തിയത്. എന്നാല്‍ ആ റെക്കോഡ് മറികടക്കുന്ന രീതിയിലുള്ള ജനപങ്കാളിത്തമാണ് ഇത്തവണ പൂരത്തിനുണ്ടായത്.












Click it and Unblock the Notifications