കടുവകള്‍ക്ക് കാട്ടില്‍ തന്നെ സുഭിക്ഷ ഭക്ഷണം: മഞ്ഞക്കൊന്ന സമൂലം നശിപ്പിക്കുമെന്ന് മന്ത്രി
വയനാട്: വന്യജീവികള്‍ കാടിറങ്ങാതിരിക്കാനുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വയനാട് ജില്ലയില്‍ വന്യജീവി ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വന്യജീവികളുടെ പെരുപ്പം പരിശോധിക്കുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാക്കുന്നതിനും അതിര്‍ത്തി സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യാക്തമാക്കി.
വയനാട്ടിലെ കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നതാണ് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങള്‍ എന്നതിനാല്‍ മൃഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക പതിവാണ്. 12,000 ച.കി.മീ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതങ്ങളിലെ കടുവ, ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പും ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനുള്ള മാര്‍ഗങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തോടു കൂടിയേ സാധ്യമാകൂ. ഈ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളുന്നത് പരിഗണിക്കും.

വന്യജീവികള്‍ക്ക് കാട്ടിനകത്ത് സുഭിക്ഷമായ ഭക്ഷണം ലഭിക്കുന്നതിന് ഭീഷണിയായ മഞ്ഞക്കൊന്ന സമൂലം നശിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഇവ ശാസ്ത്രീയമായി പിഴുതു മാറ്റുന്ന പ്രക്രിയ നാലഞ്ചു വര്‍ഷം എടുക്കുന്നതാണ്. രണ്ടാഴ്ചയ്ക്കകം ഇതിനുളള നടപടികള്‍ തുടങ്ങും. സംസ്ഥാന തലത്തില്‍ 46 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ തേക്ക്, യൂക്കാലി തുടങ്ങിയ ഏകവിള തോട്ടങ്ങള്‍ക്കു പകരം സ്വാഭാവിക വനങ്ങള്‍ വെച്ചുപിടിക്കും.
ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാനിന്റെ കരട് ഈ മാസാവസനത്തോടെ തയ്യാറാകും. കരട് പ്ലാന്‍ ജനപ്രതിനിധികളുമായും വിവിധ കക്ഷികളുമായും ചര്‍ച്ച ചെയ്ത ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
വര്‍ദ്ധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി വനം വകുപ്പിന്റെ ആര്‍.ആര്‍.ടി സംവിധാനം ശക്തിപ്പെടുത്തും. ദ്രുത കര്‍മ്മ സംഘത്തിന്റെ അംഗബലം വര്‍ദ്ധിപ്പിക്കുന്നന്നതിനുളള ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. അനുമതി ലഭ്യമായാല്‍ വയനാടിന് മുന്തിയ പരിഗണന നല്‍കും. ആര്‍.ആര്‍.ടി സംഘത്തില്‍ കൂടുതല്‍ സ്ഥിരം ജീവനക്കാരെ നിയമിക്കും. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആയുധങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കും. വയനാടില്‍ വകുപ്പിന് കീഴില്‍ 175 പേര്‍ക്ക് കൂടി പുതുതായി നിയമനം നല്‍കിയിട്ടുണ്ട്.
വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ടുളള കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തില്ല. മാനന്തവാടി കുറുക്കന്‍മൂലയിലുണ്ടായ വന്യജീവി ആക്രമണത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ വിതരണം ചെയ്തു. നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ നിര്‍ദ്ദേശം അനുഭാവത്തോടെ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ അവതരിപ്പിക്കും.
Vastu Tips: വാസ്തു പറയുന്നത് കേള്‍ക്കൂ, സമ്പാദ്യം വർദ്ധിപ്പിക്കാന്‍ കറുവപ്പട്ടയ്ക്കും കഴിയും
പുതുതായി പിടിക്കുന്ന കടുവകളെ നിലവിലെ പരിചരണ കേന്ദ്രത്തില്‍ പരിപാലിക്കാന്‍ അസൗകര്യമുണ്ടെങ്കില്‍ മെരുങ്ങിയ കടുവകളെ പറമ്പിക്കുളം, പെരിയാര്‍ സങ്കേതങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും. കുരങ്ങന്മാരുമായി ബന്ധപ്പെട്ട് വന്ധ്യംകരണം നടത്തുന്നതിന് കല്‍പ്പറ്റയിലുള്ള വെറ്ററിനറി ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കും. വെറ്ററിനറി സര്‍വകലാശാലയുമായി ആലോചിച്ച് ഇതിനായി പദ്ധതി തയ്യാറാക്കും. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയ ദ്രുത കര്‍മ്മ സംഘത്തിന് 10000 രൂപയും പ്രശസ്തി പത്രവും നല്‍കും.
യോഗത്തില്‍ എം.എല്‍.എ മാരായ ടി. സിദ്ധീഖ്, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭ അധ്യക്ഷന്‍മാരായ കേയംതൊടി മുജീബ്, ടി.കെ.രമേശ്, സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിന്‍ ബേബി, സി. അസൈനാര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ്, പി.സി.സി.എഫ് (പ്ലാനിംഗ്) ഡി. ജയപ്രസാദ്, ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, സി.സി.എഫ് (വൈല്‍ഡ് ലൈഫ്)പി.മുഹമ്മദ് ഷബാബ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.എസ്. ദീപ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.












Click it and Unblock the Notifications