'വര്‍ഷങ്ങളായുള്ള ബന്ധം, ഷിബിലി തട്ടിപ്പുക്കാരനാണെന്ന് മകളെ ഓർമ്മിപ്പിച്ചു': വെളിപ്പെടുത്തി ഫർഹാനയുടെ കുടുംബം
കോഴിക്കോട്: തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖിന്റെ കൊലാപാതകവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി പ്രതി ഫര്‍ഹാനയുടെ മാതാവ്. സിദ്ദിഖിനെ ഷിബിലിക്ക് പരിചയപ്പെടുത്തി കൊടുത്തത് ഫര്‍ഹാനയാണെന്ന് മാതാവ് ഫാത്തിമ പറഞ്ഞു. ഒരു ജോലി വേണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചതോടെയാണ് മകള്‍ സഹായിക്കാന്‍ തയ്യാറായതെന്നും ഫര്‍ഹാനയെ കോഴിക്കോടേക്ക് വിളിച്ചുവരുത്തിയത് സിദ്ദിഖിന്റെ നിര്‍ദ്ദേശ പ്രകാരം ഷിബിലിയാണെന്നും ഫാത്തിമ പറഞ്ഞു.
'ഒരു റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ഫര്‍ഹാന സിദ്ദിഖിനെ പരിചയപ്പെടുന്നത്. ചെന്നൈയില്‍ ജോലി ചെയ്തിരുന്ന ഷിബിലിയെ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. ഏത് റെയില്‍വെ സ്റ്റേഷനാണെന്നൊന്നും മകള്‍ പറഞ്ഞിട്ടില്ല. കോഴിക്കോട് സിദ്ദിഖിന്റെ സ്ഥാപനത്തില്‍ ജോലി ശരിയാക്കി നല്‍കിയത് ഫര്‍ഹാനയായിരുന്നു. ഒരു ജോലി എങ്ങനെയെങ്കിലും കിട്ടട്ടെ എന്ന് കരുതിയാണ് ഷിബിലിലെ സിദ്ദിഖിന് പരിചയപ്പെടുത്തി കൊടുത്തത്. അങ്ങനെയാണ് സിദ്ദിഖ് ജോലി നല്‍കിയത്'- ഫാത്തിമ പറഞ്ഞു.

'സോഷ്യല്‍ മീഡിയ വഴിയാണ് ഫര്‍ഹാനയും ഷിബിലിയും പരിചയപ്പെടുന്നത്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലാണ്. കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആദ്യം പിന്മാറിയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും അടുപ്പത്തിലായി. ഷിബിലിയുടെ ഭീഷണിയെ തുടര്‍ന്നാണിത്'- ഫാത്തിമ പറയുന്നു.
ഷിബിലിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ താന്‍ എതിര്‍ത്തിരുന്നെന്ന് ഫര്‍ഹാനയുടെ പിതാവ് വീരാന്‍കുട്ടി പറഞ്ഞു. ഷിബിലി തട്ടിപ്പുക്കാരനാണെന്ന് പല സമയത്ത് മകളെ ഓര്‍മ്മിപ്പിച്ചു. ഷിബിലിയെ സഹായിച്ചതിന്റെ പേരിലാണ് ഫര്‍ഹാന ഇപ്പോഴും ആരോപണം നേരിടേണ്ടി വരുന്നതെന്നും കുടുംബം പറയുന്നു.
അതേസമയം, സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെയാണെന്ന് മലപ്പുറം എസ് പി സുജിത് ദാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോ എടുക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തതോടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഫര്‍ഹാനയാണ് സിദ്ദിഖിനെ ലോഡ്ജിലേക്ക് വിളിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
മറ്റ് പ്രതികളായ ഷിബിലയും ആഷിഖും സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. ഫര്‍ഹാന കയ്യില്‍ കരുതിയ ചുറ്റിക കൊണ്ട് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. നിലത്ത് വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചില്‍ ചവിട്ടിയെന്നും പൊലീസ് പറഞ്ഞു. ഈ ചവിട്ടിലാണ് സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞത്. തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് ഇയാളെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടുത്ത ആക്രമണത്തിനൊടുവിലാണ് സിദ്ദിഖ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എല്ലാവിധ ആസൂത്രണത്തോടെയുമാണ് മൂന്ന് പേരും ഹോട്ടലില്‍ എത്തിയത്. മരണം സ്ഥിരീകരിച്ചതോടെ മാനഞ്ചിറയില്‍ പോയി ട്രോളി ബാഗ് വാങ്ങി. ഈ ട്രോളി ബാഗില്‍ മൃതദേഹം കയറില്ലെന്ന് മനസിലായതോടെ പിറ്റേന്ന് ഒരു ഇലക്ട്രിക് കട്ടര്‍ വാങ്ങി. അതും കോഴിക്കോട് നിന്നാണ് വാങ്ങിയത്. പിന്നീട് മറ്റൊരു ട്രോളി ബാഗും കൂടെ വാങ്ങി ജി 4 മുറിയുടെ ബാത്ത്റൂമില്‍ വച്ച് മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications