ടിഎന്‍ പ്രതാപന്‍ അറസ്റ്റില്‍; നടന്‍ ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം
തൃശൂര്‍: വാടാനപ്പള്ളിയില്‍ വോട്ടിന് വേണ്ടി ബിജെപി കിറ്റ് വിതരണം ചെയ്യുന്നു എന്നാരോപിച്ച് നടന്ന പ്രതിഷേധത്തിന് ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെ അറസ്റ്റില്‍. പ്രതിഷേധിച്ച യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംഭവസ്ഥലത്തുണ്ടായിരുന്ന ബിജെപി നേതാവും നടനുമായ ദേവന്‍, ഒബിസി മോര്‍ച്ച നേതാവ് എന്നിവരെ കസ്റ്റഡിയില്‍ എടുക്കണം എന്ന ആവശ്യം പോലീസ് അംഗീകരിച്ചില്ല.
ഇന്ന് രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ ദിവസം തൃശൂരിലാണ് കിറ്റ് വിവാദമുണ്ടായിരുന്നത്. ഇന്ന് മണലൂല്‍ മണ്ഡലത്തിലും ആരോപണം ഉയര്‍ന്നു. ചാംപ്യന്‍ ഗോഡൗണില്‍ കിറ്റ് തയ്യാറാക്കുന്നു എന്നറിഞ്ഞ് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരാണ് എത്തിയത്.

4000ത്തോളം കിറ്റാണ് ഇവിടെ തയ്യാറാക്കിയിരുന്നത്രെ. കിറ്റും ഓര്‍ഡര്‍ ചെയ്ത വ്യക്തിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഗോഡൗണിന് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ദേവനും ബിജെപി നേതാക്കളും ഉണ്ടായിരുന്നു. ഇവര്‍ എങ്ങനെ ഇവിടെ എത്തി, കിറ്റ് കൊണ്ടുപോകാന്‍ വന്നവരാണ് എന്ന വിമര്‍ശനം ഉയര്‍ന്നു. ഇവരെ കസ്റ്റഡിയില്‍ എടുക്കണം എന്ന ആവശ്യവും ശക്തമായി.
തുടര്‍ന്ന് സിസിടിവി പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. അതിനിടെ സാഹചര്യം വഷളായതോടെ പോലീസിന് പുറമെ കേന്ദ്ര സേനയും എത്തി. ഒരു ഭാഗത്ത് യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകരും മറുഭാഗത്ത് ബിജെപി പ്രവര്‍ത്തകരും തമ്പടിച്ചു. ദേവന്‍ കിറ്റ് തയ്യാറാക്കുന്ന ഭാഗത്തേക്ക് പോകുന്നതായി സിസിസിടിവിയില്‍ കാണുന്നില്ല എന്ന് പോലീസ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
സംഭവത്തില്‍ ടിഎന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: ''ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അറസ്റ്റ് വരിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പോകും. ഓരോ കോണ്‍ഗ്രസുകാരനും, ഓരോ യുഡിഎഫുകാരനും ഈ സമരഭൂമിയില്‍ എന്ത് ത്യാഗവും സഹിക്കാന്‍ സജ്ജമായി നില്‍ക്കുകയാണ്.
ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ മണലൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ആയിരക്കണക്കിന് കിറ്റുകള്‍ വാടാനപ്പള്ളിയില്‍ കൈയ്യോടെ പിടികൂടിയത് സംഘ്പരിവാര്‍ ക്യാംപില്‍ ഉണ്ടാക്കിയിരിക്കുന്ന അലോസരം മനസ്സിലാകും. ശാരീരികമായി കൈയേറ്റം ചെയ്യാനുള്ള ശ്രമമൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി.
സ്വാതത്ര്യസമരത്തില്‍ പങ്കെടുത്തവരുടെ കൊടിയാണ് എന്റെ കൈയ്യില്‍; അല്ലാതെ ഒറ്റുകാരുടെയല്ല. അതുകൊണ്ട് അറസ്റ്റല്ല എന്തുതന്നെ സംഭവിച്ചാലും ഈ നാട്ടിലെ ജനാധിപത്യവും സുതാര്യമായ ജനഹിതപ്രക്രിയയും സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പൊരുതും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഒരു ഉദ്യോഗസ്ഥനെയും വെറുതെ വിടില്ല. കിറ്റും കാശും കൊടുത്ത് മണലൂരിലെ പ്രബുദ്ധരായ വോട്ടര്‍മാരെ അപഹസിക്കാന്‍ ശ്രമിച്ച ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കും.''












Click it and Unblock the Notifications