സ്വര്‍ണവില 960 രൂപ ഇടിഞ്ഞു; ഒരു പവന്‍ വാങ്ങുമ്പോള്‍ എത്ര ചെലവ് വരും, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 120 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ വന്‍തോതില്‍ വില കുറയുന്നതിന് അനുസരിച്ച് കേരളത്തിലും വില താഴോട്ട് പോകുകയാണ്. വരുംദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരാനാണ് സാധ്യത. അതേസമയം അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയാല്‍ വില കുതിക്കാനും സാധ്യതയുണ്ട്.
ബിറ്റ് കോയിന്‍ വില കുത്തനെ ഇടിയുകയാണ് ചെയ്തിരിക്കുന്നത്. ഡോളര്‍ മൂല്യത്തിലും നേരിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍വില അല്‍പ്പം താഴ്ന്നു. ഇന്ത്യന്‍ രൂപ മുന്നേറുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വന്‍കുതിപ്പിലായിരുന്നു സ്വര്‍ണം. ഉയര്‍ന്ന വിലയിലെത്തിയ സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റഴിച്ച് ലാഭം കൊയ്യാന്‍ തുടങ്ങിയതും വില ഇടിയാന്‍ കാരണമായി. ഇന്നത്തെ പവന്‍ വില അറിയാം....

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56640 രൂപയാണ് വില. 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 7080 രൂപ എന്ന നിരക്കിലേക്ക് എത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഈ കാരറ്റിലുള്ള ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5850 രൂപ ചെലവ് വരും. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 2 രൂപ കുറഞ്ഞ് 96 രൂപയിലെത്തി.
ആഗോള വിപണിയില്‍ സ്വര്‍ണവില ഇന്നലെ വലിയ തോതില്‍ ഇടിഞ്ഞ് ഔണ്‍സിന് 2608 എന്ന നിരക്കിലേക്ക് വരെ എത്തിയിരുന്നു. പക്ഷേ, ഇന്ന് മുന്നേറുമെന്നാണ് വിവരം. 2630 ഡോളറാണ് ഏറ്റവും പുതിയ നിരക്ക് കാണിക്കുന്നത്. ഇനിയും ഉയരുകയാണെങ്കില്‍ നാളെ കേരളത്തില്‍ നേരിയ വില വര്‍ധനവ് പ്രതീക്ഷിക്കാം. ഒരു ലക്ഷത്തിലേക്ക് കുതിച്ചിരുന്ന ബിറ്റ് കോയിന്‍ വന്‍തോതില്‍ ഇഞ്ഞ് 94500 ഡോളര്‍ എന്ന നിലയിലേക്ക് എത്തി. മറ്റു ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യവും ഇടിഞ്ഞു.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 61000 രൂപ ഏകദേശ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം നല്‍കേണ്ടി വരും. കൂടാതെ മൂന്ന് ശതമാനം ജിഎസ്ടിയും. ഇവ എല്ലാംകൂടി ചേരുമ്പോള്‍ പവന്‍ ആഭരണത്തിന്റെ വില 60000 കടക്കുമെന്ന് ഉറപ്പാണ്. ഒരു പവന്‍ ആഭരണമാണ് വാങ്ങുന്നതെങ്കിലും തൂക്കത്തില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ബില്ല് ഒടുക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.
ഡോളര്‍ സൂചിക 107.02 എന്ന നിരക്കിലേക്ക് കുതിച്ചിട്ടുണ്ട്. ഇത് സ്വര്‍ണവില കുറയാന്‍ സഹായിക്കുന്ന ഘടകമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം 84.26 എന്ന നേരിയ തോതിലുള്ള മെച്ചം കാണിക്കുന്നു. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വ്യത്യാസം കാണിക്കുന്നില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 73.26 ഡോളര്‍ എന്ന നിരക്കിലാണ് ക്രൂഡ് വ്യാപാരം.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. യുദ്ധങ്ങള്‍ അവസാനിക്കുമെന്ന സൂചന ലഭിച്ചതോടെയായിരുന്നു ഇത്. എന്നാല്‍ യുക്രൈന്‍-റഷ്യ യുദ്ധം ശക്തമായതോടെ വില വീണ്ടും കുതിച്ചു. നിലവില്‍ സാഹചര്യം അല്‍പ്പം മയപ്പെട്ടത് സ്വര്‍ണവില കുറയുന്നതിന് സഹായകമായിട്ടുണ്ട്. മാത്രമല്ല, ഇസ്രായേല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന വാര്‍ത്തകളും സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്. അമേരിക്കയിലെ പുതിയ ട്രഷറി സെക്രട്ടറി ഓഹരി വിപണിക്ക് ഗുണകരമായ തീരുമാനങ്ങള്‍ എടുക്കുമെന്ന പ്രതീക്ഷയും നിക്ഷേപകരെ സ്വര്‍ണം വിറ്റഴിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications