റെക്കോർഡ് നിരക്കില്‍ നിന്നും പിടിവിടാതെ സ്വർണവില: മൂന്ന് ആഴ്ചകൊണ്ട് കൂടിയത് 3100 രൂപ
സംസ്ഥാനത്ത് സ്വർണ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര രംഗത്തെ ചലനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായ വർധനവുകള്‍ക്ക് ശേഷം ഇന്ന് സ്വർണ വില അല്‍പം വിശ്രമം എടുത്തിരിക്കുകയാണ്. കേരള വിപണിയില്‍ ഇന്ന് സ്വർണത്തിന് വില വർധനവോ കുറവോ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം പവന് 480 രൂപ കൂടി 56480 രൂപയെന്ന സംസ്ഥാന ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിലേക്ക് വില എത്തിയിരുന്നു. ഈ നിരക്കില്‍ തന്നെയാണ് സംസ്ഥാനത്ത് ഇന്നും വില്‍പ്പന തുടരുന്നത്. ഗ്രാമിന്റെ വില 60 രൂപ വര്‍ധിച്ച് 7060 രൂപ എന്ന നിരക്കിലുമാണ് വില്‍പ്പന. 24 കാരറ്റ് സ്വർണത്തിന് പവന് 61616 രൂപയും 18 കാരറ്റിന് 46720 രൂപയുമാണ് വില.

സംസ്ഥാനത്ത് മൂന്നാഴ്ചക്കിടെ മാത്രം സ്വർണ വിലയില്‍ ഉണ്ടായത് 3100 രൂപയുടെ വർധനവാണ്. അന്താരാഷ്ട്ര രംഗത്ത് ട്രോയ് ഔണ്‍സിന് 2665 ഡോളര്‍ നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഇന്ത്യയിലെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവര്‍ധന രേഖപ്പെടുത്തി. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ആദ്യമായി 76000 രൂപയായി.
സ്വർണാഭരണ പ്രിയരെ കടുത്ത നിരാശയിലാക്കുന്ന വർധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വില വർധനവോടെ ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 62000 രൂപയെങ്കിലും നല്‍കേണ്ടി വരും. ജിഎസ്ടിയും ഹോൾമാർക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കമാണ് ഈ നിരക്ക്. മോഡലുകള്‍ക്ക് അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടാകുകയും ചെയ്യും.
സെപ്തംബർ മാസത്തിന്റെ തുടക്കത്തില്‍ പവന് 53560 രൂപയിലുണ്ടായിരുന്ന വിലയാണ് ഇന്ന് 56480 ലേക്ക് എത്തിയിരിക്കുന്നത്. രണ്ടാം തിയതി 200 രൂപയുടെ ഇടിവോടെ സ്വർണ വില 53360 രൂപയിലേക്ക് എത്തിയിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും സമാനമായ നിരക്കിലായിരുന്നു വില്‍പ്പന. എന്നാല്‍ പിന്നീട് പടിപടിയായി വില ഉയരുകയായിരുന്നു.
അമേരിക്കയിൽ വീണ്ടും പലിശ കുറയാനുള്ള സാധ്യതയോടൊപ്പം തന്നെ ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം എന്നിവയാണ് അന്താരാഷ്ട്ര രംഗത്ത് സ്വർണ വില വർധിക്കാനുണ്ടായ പ്രധാന കാരണങ്ങള്‍. സാമ്പത്തിക അസ്ഥിരതയോ ഭീഷണികളോ ഉയരുന്ന ഘട്ടങ്ങളില്‍ ആളുകള്‍ കൂടുതലായി സ്വർണത്തിലേക്ക് തിരിയുന്നതാണ് വില വർധനവിന് ഇടയാക്കുന്നത്.












Click it and Unblock the Notifications