ടിപി വധം: 24 പേരെ വെറുതെ വിട്ടു
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 24 പ്രതികളെ പ്രത്യേക കോടതി വെറുതെ വിട്ടു. കൊലപാതകത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. കേസില്‍ വിചാരണ നേരിട്ട 36 പേരില്‍ 12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതില്‍ സിപിഎം നേതാക്കളും ഉള്‍പ്പെടുന്നു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ മാഷേയും സിപിഎം നേതാവ് പടയങ്കണ്ടി രവീന്ദ്രനേയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഏഴ് പേരും കുറ്റക്കാരെന്ന് കോടതി വിധിച്ചു. പ്രത്യേക കോടതി ജഡ്ജി നാരായണ പിഷാരടിയാണ് വിധി പ്രഖ്യാപിച്ചത്.

ക്വട്ടേഷന്‍ സഘാംഗങ്ങളായ എംസി അനൂപ്, കിര്‍മാണി മനോജ്, കോടി സുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ കെസി രാമചന്ദ്രന്‍, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
സിപിഎം കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, മാഹി സ്വദേശി വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് വിധിച്ച മറ്റ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ ജനുവരി 23 വ്യാഴാഴ്ച പ്രഖ്യാപിക്കും.
2012 മെയ് നാലിന് രാത്രി 10 മണിയോടെയാണ് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വടകരക്കടുത്ത് വള്ളിക്കാട് വച്ച് ഒരു സംഘം ആളുകള്‍ ക്രൂരമായി വെട്ടിക്കൊന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് അന്ന് മുതലേ ആരോണം ഉണ്ടായിരുന്നു. ഒന്നര വര്‍ഷം നീണ്ട കേസ് അന്വേഷണത്തിനും വിചാരണക്കും ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.












Click it and Unblock the Notifications