ഇപി മാറി,ഇടതുമുന്നണിയെ നയിക്കാൻ ഇനി ടിപി; പാർട്ടിയുടെ വിശ്വസ്തൻ,സൗമ്യ മുഖം
പാർട്ടിയിലെ സൗമ്യ മുഖം, നേതൃത്വത്തിന്റെ വിശ്വസ്തനായ മുതിർന്ന നേതാവ്, തൊഴിലാളി സംഘടനകളുടെ അമരക്കാരൻ, വിവാദങ്ങൾ തീണ്ടാത്ത നേതാവ് ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഇടതുമുന്നണിയുടെ പുതിയ കൺവീനറായ ടി പി രാമകൃഷ്ണന്. അതുകൊണ്ട് തന്നെ ഇപി ജയരാജന് പകരക്കാരനായി ടിപി വരുമ്പോൾ അത് പാർട്ടിക്കും മുന്നണിക്കാകെയും കരുത്താകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം സംഘടനയുടെ തലപ്പത്തേക്ക് പടിപടിയായി ഉയർന്ന് വന്നത്. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, നിയമസഭയിൽ പാർലമെന്‍ററി പാർട്ടി സെക്രട്ടറി, സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കീഴരിയൂർ ഉണ്ണിച്ചിരാംവീട്ടിൽ ശങ്കരന്റേയും മാണിക്യത്തിന്റേയും മകനായി 1949 ൽ കോഴിക്കോട് മ്പത്തുകരയിലാണ് ടിപി രാമകൃഷ്ണൻ ജനിച്ചത്. നമ്പ്രത്തുകര എയുപി സ്കൂൾ, കൊയിലാണ്ടി ഗവ ബോയ്സ് ഹൈസ്കൂൾ, നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹൈസ്കൂൾ, കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളായി വിദ്യാഭ്യാസം പൂർത്തിയാക്കി.

1970 കളിൽ നമ്പ്രത്തുകര ബ്രാഞ്ച് കമ്മറ്റിയംഗമായാണ് ടിപി പൊതുപ്രവർത്തനം തുടങ്ങുന്നത്. പിന്നീട് കടയങ്ങാട് ലോക്കൽ സെക്രട്ടറി , പേരാമ്പ്ര, ബാലുശ്ശേരി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊയിലാണ്ടി താലൂക്കിൽ ചെത്തു തൊഴിലാളി യൂണിയനും മദ്യവ്യവസായ തൊഴിലാളി യൂണിയനും സംഘടിപ്പിക്കുന്നത് നേതൃത്വം നൽകിയത് ടിപിയായിരുന്നു.
1976 ൽ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും കക്കയം പോലീസ് ക്യാമ്പിൽ മർദ്ദനത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട്. മൂന്ന് മാസത്തോളമാണ് കോഴിക്കോട് ജില്ലാ ജയിലിൽ കിടന്നത്.
2004 മുതൽ 2014 വരെയായിരുന്നു ടിപി കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത്. എന്നാൽ ഒഞ്ചിയത്തെ പാർട്ടി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇതന്റെ പരിണിതഫലമായിട്ടായിരുന്നു പിന്നീട് ടിപി ചന്ദ്രശേഖരൻ എന്ന നേതാവിന്റേയും ആർഎംപി എന്ന പാർട്ടിയുടേയും ഉദയം സംഭവിച്ചത്. ടിപി കൊല്ലപ്പെട്ടുമ്പോഴും രാമകൃഷ്ണൻ തന്നെയായിരുന്നു ജില്ലാ സെക്രട്ടറി. വിവാദങ്ങൾ കത്തി നിൽക്കെ അദ്ദേഹം നടത്തിയ ചൈനയാത്ര അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
2001 ലാണ് ആദ്യമായി ടിപി നിയമസഭയിൽ എത്തുന്നത്. പേരാമ്പ്രയിൽ നിന്നായിരുന്നു വിജയനം. 2016 ലും 2021ലൂം നിയമസഭാംഗമായി. ഒന്നാം പിണറായി സർക്കാരിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.












Click it and Unblock the Notifications