• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാം മുടക്കുമെന്ന് തുറന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളി, എംഎം ഹസനെതിരെ ടിപി രാമകൃഷ്ണൻ

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ അടക്കമുളള പദ്ധതികൾ നിർത്തലാക്കുമെന്ന യുഡിഎഫ് കൺവീനർ എംഎം ഹസന്റെ പ്രസ്താവനയെ വിമർശിച്ച് മന്ത്രി ടിപി രാമകൃഷ്ണൻ. അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള പദ്ധതികള്‍ പിരിച്ചുവിടുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം നിര്‍ധന കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം ലഭ്യമാക്കിയ വികസന പദ്ധതി ഉപേക്ഷിക്കുമെന്ന് പ്രതിപക്ഷ മുന്നണിയുടെ കണ്‍വീനര്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് ടിപി രാമകൃഷ്ണൻ.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച നാല് മിഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രതിസന്ധികള്‍ക്ക് നടുവിലും രണ്ടരലക്ഷം പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഈ സര്‍ക്കാരിനായി. ലൈഫ് മാത്രമല്ല. ആരോഗ്യമേഖലയില്‍ സ്വയംപര്യാപ്തതയും അത്യാധുനിക ചികിത്സാ സൗകര്യവുമൊരുക്കിയ ആര്‍ദ്രം, തരിശു കിടന്ന ഉപയോഗശൂന്യമായ ഭൂമിയത്രയും കൃഷിക്കനുയോജ്യമാക്കി നീര്‍ച്ചാലുകളും ജലസംഭരണികളും ശുചീകരിച്ച് കേരളത്തെ ഹരിതാഭമാക്കിയ ഹരിതകേരളം, ലാഭമില്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടിയ പൊതുവിദ്യാലയങ്ങളെല്ലാം ഹൈടെക് നിലവാരത്തില്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച് സാധാരണക്കാരുടെ മക്കൾക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം സാധ്യമാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ മിഷനുകളും നിര്‍ത്തലാക്കുമെന്നാണ് യു.ഡി.എഫ് കണ്‍വീനറുടെ നിലപാട്. അധികാരത്തിലെത്തിയാല്‍ എന്തെല്ലാം നടപ്പിലാക്കുമെന്നല്ല, എല്ലാം മുടക്കുമെന്ന് തുറന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. അത് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും എംഎം ഹസ്സനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റ്: '' യുഡിഎഫ് വന്നാൽ രണ്ടേമുക്കാല്‍ ലക്ഷം വീടുകൾ പൊളിച്ചു കളയുമായിരിക്കും! ഈ സർക്കാർ പുതുതായി പെൻഷൻ നൽകിയ 30 ലക്ഷം മനുഷ്യരെ ഒഴിവാക്കുമായിരിക്കും! പെൻഷൻ 600 ആക്കി കുറച്ചു 18മാസം കുടിശ്ശികയാക്കുമായിരിക്കും! 45000 ഹൈടെക് ക്ലാസ് മുറികൾ പൊളിച്ചു കളയുമായിരിക്കും! എല്ലാ വിദ്യാലയങ്ങളിലും പുതിയതായിവന്ന കെട്ടിടങ്ങൾ പൊളിച്ച് സ്വകാര്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുമായിരിക്കും!

അങ്ങനെ വീട് ഇല്ലാത്ത, നല്ല വിദ്യാഭ്യാസം ലഭിക്കാത്ത, പെൻഷൻ ലഭിക്കാത്ത മനുഷ്യരെ ഉണ്ടാക്കിയെടുത്ത് ജീവിക്കാന്‍ സഹായത്തിനായി എന്നും ഇവരെ ആശ്രയിക്കുന്ന ജനതയാണ് യുഡിഎഫിന്റെ സ്വപ്നം. എന്നാൽ ഒന്നേ പറയാനുള്ളൂ: അത്തരം ഫ്യുഡല്‍ മാടമ്പികളുടെ കാലംകഴിഞ്ഞു. ഈ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിലൂടെയും ലൈഫ് പദ്ധതിയിലൂടെയും പെൻഷൻ വര്‍ദ്ധിപ്പിച്ചു വിതരണം ചെയ്യുന്നതിലൂടെയും ഇടതുപക്ഷം നട്ടെല്ലുള്ള സ്വതന്ത്രരായ ഒരു ജനതയെ നിർമ്മിച്ചെടുക്കുകയാണ്''.

English summary
TP Ramakrishnan slams MM Hassan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X