ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ട്രാഫിക് പോലീസ് 10വയസ്സുകാരിയെ തല്ലി
കൊല്ലം: വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണം എന്നായിരുന്നു ഡി ജി പി സെന്‍കുമാര്‍ ഉത്തരവിട്ടത്. അന്ന് അത് കേട്ട നാട്ടുകാരെല്ലാവരും ചിരിച്ചു. വെറുതെ ചിരിച്ചതല്ല. കേരളത്തിലെ പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ സാധാരണ ജനങ്ങളോട് പെരുമാറുന്ന രീതി ഓര്‍ത്ത് തന്നെയായിരുന്നു ആ ചിരി. നന്ദിയും നമസ്‌കാരവും പറഞ്ഞില്ലെങ്കിലും സാരമില്ല പോലീസുകാര്‍ മാന്യമായി സംസാരിച്ചാല്‍ മതി എന്നാണ് പലരും അന്ന് പറഞ്ഞത്.
ഹെല്‍മറ്റ് പരിശോധനയ്ക്കായാലും വാഹന പരിശോധനയ്ക്കായാലും റോഡില്‍ വണ്ടി നിര്‍ത്തിച്ച് പോലീസ് യാത്രക്കാരോട് തീരെ മാന്യതയില്ലാത്ത രീതിയില്‍ പെരുമാറുന്നത് മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ പരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ 10 വയസ്സുകാരിയായ ബാലികയെ മര്‍ദ്ദിച്ചതായാണ് പരാതി. കൊല്ലം ചെങ്കോട്ട ദേശീയപാതയില്‍ വെച്ചാണ് സംഭവം.

കരിക്കോട് ദേശീയപാതയില്‍ വെച്ച് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന കരിക്കോട് സ്വദേശി ലത്തീഫിന്റെ മകള്‍ അലീഷയ്ക്കാണ് പോലീസ് മര്‍ദ്ദനമേറ്റത്. ലത്തീഫ് ബൈക്കില്‍ വരുന്നതിനിടെ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ വാഹനത്തിന് കൈ കാണിക്കുകയായിരുന്നത്രെ.
എന്നാല്‍ കുറച്ച് മുന്നോട്ട് മാറിയാണ് ലത്തീഫ് വണ്ടി നിര്‍ത്തിയത്. പിന്‍സീറ്റിലിരുന്ന അലീഷയുടെ ശരീരത്തില്‍ ഇന്‍സ്‌പെക്ടര്‍ അടിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവം കണ്ട നാട്ടുകാരാണ് ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications