മലപ്പുറത്ത് കാട്ടാന ആക്രമണം: മകളെ ഹോസ്റ്റലിലാക്കി മടങ്ങുകയായിരുന്ന യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ മണിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ചൊല നായ്ക്കർ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് മണി. ഇന്നലെ രാത്രി ഏഴുമണിയോടെ കരുളായി വനമേഖലയില്‍ വെച്ച് മണിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കോളനിയിലേക്ക് എത്താന്‍ ഉള്‍വനത്തിലൂടെ സഞ്ചരിക്കണം. മാഞ്ചീരി കന്നിക്കൈ വരെ ജീപ്പിലെത്തി. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റത് അറിഞ്ഞ വനംവകുപ്പ് ജീവനക്കാർ കാട്ടിനുള്ളിലേക്ക് എത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.












Click it and Unblock the Notifications