ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം; വ്യാഴം, വെള്ളി ദിവസങ്ങളിൽ തെക്ക് - കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് ആൻഡമാൻ കടലിലു ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കന്‍ ആന്‍ഡമാന്‍ കടലിൽ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതത്തിലും വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത.

19 ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും - ആന്‍ഡമാന്‍ കടലിലും തെക്ക് - കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും. ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും കാറ്റി വീശിയേക്കാൻ സാധ്യതയുണ്ട്. 20 ന് മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും, 21 ന് മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഈ തിയതികളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത്ഖോസ അറിയിച്ചു. അതേസമയം കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കളക്ടർ വ്യക്തമാക്കി.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദം മാര്‍ച്ച് 21 ഓടെ ശക്തി പ്രാപിച്ച് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടര്‍ന്ന് വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22 ഓടെ ബംഗ്ലാദേശ് - മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണിത്. ഇന്ത്യന്‍ തീരത്ത് ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications