ആളറിയാതെയാണ് സംസാരിച്ചത്. ബിജെപി നേതാവാണെന്ന് അറിയില്ല; വിശദീകരണവുമായി ടിവി രാജേഷ്
പാലക്കാട്: ഹോട്ടലിലെ റെയ്ഡിനിടെ ബിജെപി നേതാവുമായി സംസാരിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് ടിവി രാജേഷ്. ആളറിയാതെയാണ് ബിജെപി നേതാവ് പ്രഫുല്‍ കൃഷ്ണയുമായി സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ രാജേഷ് ബിജെപി നേതാവുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയായിരുന്നു ചിത്രത്തില്‍ രാജേഷിനൊപ്പമുണ്ടായിരുന്നത്. റെയ്ഡ് നടക്കുമ്പോള്‍ അതേ ഹോട്ടലിലുണ്ടായിരുന്ന തന്നോട് പലരും വന്ന് സംസാരിച്ചിരുന്നുവെന്നും, അതില്‍ ആരാണ് ബിജെപി നേതാവെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് രാജേഷ് വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ക്ക് അറിയാവുന്നത് പോലെ തങ്ങള്‍ക്ക് ബിജെപി നേതാക്കളെ അറിയില്ലെന്നും രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഎം-ബിജെപി തിരക്കഥയാണ് രാത്രിയിലെ റെയ്‌ഡെന്ന പ്രചാരണത്തിനെതിരെയാണ് ടിവി രാജേഷ് രംഗത്തെത്തിയത്. ഒന്നും മറച്ചുപിടിക്കാനും ഒന്നും ഒളിച്ചുവെക്കാനും ഒന്നും മാറ്റിവെക്കാനും ഇല്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്? കോണ്‍ഗ്രസ് നേതാക്കളുടെ മുറികള്‍ മാത്രമല്ല പരിശോധിച്ചതെന്നും, തന്റെ മുറിയും പരിശോധിച്ചിട്ടുണ്ടെന്നും ടിവി രാജേഷ് പറഞ്ഞു.
ഹോട്ടലിലെ ആദ്യത്തെ മുറിയിലാണ് ഞാന്‍ താമസിക്കുന്നത്. രാത്രി 11.45നാണ് പോലീസുകാര്‍ എത്തിയത്. ആ സമയം പോലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മാധ്യമപ്രവര്‍ത്തകരോ കോണ്‍ഗ്രസുകാരോ അങ്ങനെ മറ്റാരെയും ആ സമയത്ത് അവിടെ കണ്ടിട്ടില്ല. പോലീസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള പരിശോധനയാണെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ താന്‍ മുറിക്ക് പുറത്തേക്ക് ഇറങ്ങി കൊടുത്തു. എംഎല്‍എ ആയിരിക്കുന്ന സമയത്തൊക്കെ ഇതുപോലുള്ള പരിശോധനകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോലീസുകാരോട് കര്യങ്ങള്‍ സംസാരിക്കുന്നതിന് പകരം ബഹളം ഉണ്ടാക്കാനും സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസുകാരില്‍ നിന്നുണ്ടായത്. എന്റെ മുറി പോലീസ് പരിശോധിച്ചിരുന്നു എന്ന് പറഞ്ഞെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല. ഇതിനിടയില്‍ പലരും എന്റെയടുത്ത് വന്ന് സംസാരിച്ചു. അവരോടെല്ലാം ഞാനിത് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
രാവിലെ നോക്കിയപ്പോള്‍ ടി വി രാജേഷ് ബിജെപി നേതാവുമായി സംസാരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ഒരാളുമായി സംസാരിച്ചുനില്‍ക്കുന്ന ഒരു ചിത്രം യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്നതാണ് കണ്ടത്. ഇതിനിടയില്‍ ഇവര്‍ക്ക് ഇതൊക്കെ ഫോട്ടോയെടുക്കാനും സമയം കിട്ടിയിരുന്നു എന്നോര്‍ക്കുമ്പോഴാണ് അത്ഭുതമെന്നും രാജേഷ് എഫ്ബി പോസ്റ്റില്‍ കുറിച്ചു.
പികെ ശ്രീമതി ടീച്ചറുടെ മുറി പരിശോധിക്കാതെയാണ് പോലീസ് ഷാനിമോള്‍ ഉസ്മാന്റെ മുറിയിലേക്ക് പോയതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തെയും ടിവി രാജേഷ് തള്ളി. ശ്രീമതി ടീച്ചറുടേത് താന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത മുറിയാണ്. ടീച്ചര്‍ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ ആയിരുന്നു. അതുകൊണ്ട് മുറി ഒഴിഞ്ഞുകിടക്കുകയാണ്. ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാനും, കുഴപ്പങ്ങളുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് ബഹളം വെക്കുന്നത്. ഹോട്ടലിലെയും ഹോട്ടലിന് പുറത്തുള്ള സിസിടികളും പരിശോധിക്കണമെന്നും ടിവി രാജേഷ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications