ധര്‍മ്മപുരി വനമേഖലയില്‍ 2 മലയാളികളുടെ മൃതദേഹങ്ങൾ; ശരീരത്ത് ഗുരുതര പരിക്കുകള്‍
ധർമ്മപുരി: തമിഴ്‌നാട് ധർമ്മപുരിയില്‍ രണ്ട് മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. നല്ലമ്പള്ളി വനമേഖലയിലെ കൽക്കുവാരിക്ക് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവിൽ ജി. ക്രൂസ് (57), എറണാകുളം വരാപ്പുഴ സ്വദേശി ശിവകുമാർ പൈ (50) എന്നിവരാണ് മരിച്ചത്.
ഇരുവരും ഊട്ടിയില്‍ നിന്ന് ഭൂമി വിറ്റ് മടങ്ങുകയായിരുന്നു. ധർമ്മപുരി - സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡരികില്‍ സാരമായ പരിക്കുകളോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കന്നുകാലികളെ മേയ്‌ക്കാൻ പോയവരാണ് മൃതദേഹങ്ങൾ കണ്ടത്. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി.

മൃതദേഹങ്ങള്‍ തമ്മില്‍ പത്ത് മീറ്ററോളം അകലത്തിലാണ് കിടന്നിരുന്നത്. സംഭവ സ്‌ഥലത്ത് നിന്ന് കണ്ടെത്തിയ വാഹനത്തിന്‍റെയും തിരിച്ചറിയില്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇരുവരും മലയാളികളെന്ന് തിരിച്ചറിഞ്ഞത്. തുടന്ന് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു.
എൻജിനീയറായിരുന്ന തിരുവനന്തപുരം സ്വദേശി നെവില്‍ നാല് ദിവസം മുമ്പാണ് ഊട്ടിക്ക് പോയതെന്ന് ബന്ധുകള്‍ പറഞ്ഞു. യാത്ര തിരിക്കുമ്പോള്‍ ഒപ്പം നാലുപേര്‍ ഉണ്ടായിരുന്നു. മരിച്ച ശിവകുമാറിനെയോ, മറ്റ് രണ്ട് പേരേയോ അറിയില്ലന്ന് അറിയില്ലന്നും നെവിലിന്‍റെ ബന്ധുക്കള്‍ അറിയിച്ചു. ശിവകുമാർ പൈ ഞായറാഴ്ചയാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഊട്ടിയിൽ വർഷങ്ങൾക്ക് മുമ്പാണ് നെവിലും സുഹൃത്തുക്കളും ചേർന്ന് ഭൂമി വാങ്ങിയത്.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ബിസിനസ് ബന്ധങ്ങളുളള പൈക് യാത്രകളും പതിവായിരുന്നെന്നും ബന്ധുകള്‍ പറയുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി ധർമ്മപുരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും പോസ്റ്റ്മോർട്ടം.












Click it and Unblock the Notifications