രക്ഷിതാക്കൾ അടക്കം ആശങ്കയിൽ, ഇന്ത്യക്കാർക്കായി അടിയന്തര ഇടപെടൽ വേണമെന്ന് എംപി
ദില്ലി: യുക്രൈനിൽ കുടുങ്ങികിടക്കുന്ന മലയാളി വിദ്യാർത്ഥികൾ ഉൾപെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ അടിയന്തര സംവിധാനമൊരുക്കണമെന്ന് കോൺഗ്രസ് എംപി എംകെ രാഘവൻ. രക്ഷിതാക്കൾ അടക്കം ധാരാളം ആളുകളാണ് ആശങ്കയോടെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് എംപി പറയുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ 18000 ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്
എംകെ രാഘവൻ എംപിയുടെ പ്രതികരണം: '' യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾ അടക്കം ധാരാളം ആളുകളാണ് ആശങ്കയോടെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. നിലവിൽ ഷെഡ്യൂൾ ചെയ്ത എല്ലാ സ്‌പെഷൽ ഫ്‌ളൈറ്റുകളും യുക്രൈൻ എയർസ്‌പേസ് അടച്ചതിനാൽ കാൻസൽ ചെയ്തിരിക്കുകയാണെന്നും ബദൽ മാർഗ്ഗങ്ങൾ ഇന്ത്യൻ എംബസി അധികൃതർ നടപ്പിലാക്കുന്നത് വരെ താരതമ്യേന സുരക്ഷിതമായ യുക്രൈനിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് മാറണമെന്നും എംബസി നിർദ്ദേശിച്ചിരിക്കുകയാണ്.
പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ നിർബന്ധമായും കൈയിൽ കരുതണമെന്നും, എംബസി വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴി തുടർന്നുള്ള നിർദ്ദേശങ്ങൾ പിന്തുടരുകയും പാലിക്കുകയും ചെയ്യണമെന്നും അധികൃതർ നിര്ദെഷിക്കുന്നുണ്ട്. യുക്രൈനിൽ കുടുങ്ങികിടക്കുന്ന മലയാളി വിദ്യാർത്ഥികൾ ഉൾപെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ അടിയന്തര സംവിധാനമൊരുക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടു. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യത്തിന് ശേഷം വിദ്യാർത്ഥികൾ ഉൾപ്പെടെ 18000 ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുകുന്നത്.
റഷ്യയുടെ സൈനിക നീക്കത്തോടെ യുക്രൈനിൽ യുദ്ധ സമാന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ വ്യോമ മാർഗ്ഗം ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് അസാധ്യമായതിനാൽ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി നയതന്ത്ര ഇടപെടലുകൾ ആവശ്യമാണ്. വിഷയത്തിൽ നിഷ്പക്ഷ നിലപാടുള്ള ഇന്ത്യ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

മുസ്ലീം ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം: '' യുക്രെയിനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം,. അവിടെ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികളായ വിദ്യാർത്ഥികളാണ് . ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അടിയന്തരമായി മടങ്ങാന്‍ എംബസി ആവശ്യപ്പെട്ടെങ്കിലും, ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് ആദ്യ സമയങ്ങളിൽ പ്രതിസന്ധി സൃഷ്ട്ടിച്ചു. ഇപ്പോൾ വിമാനത്താവളങ്ങൾ അടച്ചിട്ടതിനാൽ ആ സാധ്യതയും അടഞ്ഞു. അതിനാൽ അടിയന്തിരമായി ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തി എത്രയും വേഗം അവരെ നാട്ടിലെത്തിക്കണം. നിലവിൽ അവർക്ക് സുരക്ഷ ഒരുക്കാൻ എംബസി തയ്യാറാവണം, ഒപ്പം ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കണം . ഈ കാര്യങ്ങളെല്ലാം ബന്ധപ്പെട്ടവരുമായി സംസാരിച്ചു. യുദ്ധത്തിൽ ഇരയാക്കപ്പെടുന്ന മനുഷ്യർക്ക് ഐക്യദാർഢ്യം''.












Click it and Unblock the Notifications