ഏക സിവില്‍ കോഡ് തെരഞ്ഞെടുപ്പ് തന്ത്രം, നിയമം ഇന്ത്യയില്‍ സാധ്യമല്ല; മുസ്ലീം ലീഗ് ദേശീയ സെക്രട്ടേറിയേറ്റ് യോഗം
മലപ്പുറം: ഏക സിവില്‍ കോഡുമായി മുന്നോട്ടുപോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്ന ബിജെപിയുടെ മരണമൊഴി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴങ്ങുമെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം.നിയമം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന വിശ്വാസ, ജീവിത രീതിയെ ബാധിക്കുമെന്നും രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനിടയാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഇത്തരമൊരു നിയമം ഇന്ത്യയില്‍ സാധ്യമല്ല. നിയമം പാസായാല്‍ മുസ്‌ലിംകളെ മാത്രമല്ല മറ്റുന്യൂനപക്ഷ വിഭാഗങ്ങളെയും ബാധിക്കും. വിവിധ രാഷ്ട്രീയ സംഘടനകള്‍ ഇപ്പോള്‍ തന്നെ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ഏക സിവില്‍ കോഡിനെ എതിര്‍ക്കും.

നിയമനിര്‍മാണ സമിതി മുതല്‍ മുസ്‌ലിംലീഗ് ഏക സിവില്‍ കോഡിനെതിരെ സംസാരിച്ചിരുന്നു. ജനാധിപത്യ പാര്‍ട്ടികളുമായി സഹകരിച്ച് ഇതിനെതിരെ പടനയിക്കും. മതേതര പാര്‍ട്ടികളുമായി സംസാരിക്കുന്നുണ്ട്. പെരുന്നാള്‍ ദിനത്തില്‍ സോണിയാഗാന്ധിയുമായി വിഷയങ്ങള്‍ പങ്കുവെച്ചിരുന്നു. ബാംഗ്ലൂരില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലും മുസ്‌ലിംലീഗ് വിഷയം പ്രധാന അജണ്ടയാക്കും. വിഷയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലോ കമ്മീഷന് മുന്നില്‍ മുസ്‌ലിംലീഗ് ഹാജരാകും.
2018ല്‍ ഇതേവിഷയം വന്നപ്പോള്‍ അനാവശ്യമായതെന്നും അഭിലഷണീയമല്ലെന്നും പറഞ്ഞ് ലോ കമ്മീഷന്‍ തള്ളിക്കളഞ്ഞതാണ്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കേരളത്തിലും ഡല്‍ഹിയിലും സെമിനാറുകള്‍ സംഘടിപ്പിക്കാനും വിഷയം പാര്‍മെന്റില്‍ ഉയര്‍ത്താനും യോഗം തീരുമാനിച്ചു. നിയമത്തിലൂടെ പ്രതിപക്ഷ ഐക്യം തകര്‍ക്കാമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ വിവിധ സമുദായങ്ങളെ ബാധിക്കുമെന്നതിനാല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും നേതാക്കള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, സെക്രട്ടറി ഖുറം അനീസ് ഒമര്‍, അസി. സെക്രട്ടറിമാരായ എം.പി മുഹമ്മദ് കോയ, സി.കെ സുബൈര്‍, ദല്‍ഹി, ബംഗാള്‍, ഝാര്‍ഖണ്ഡ്, ആസാം, ബീഹാര്‍, തെലുങ്കാന, കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.












Click it and Unblock the Notifications