Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയുടെ ജയമല്ല, അയോധ്യയിലെ തോല്‍വിയാണ് ബജറ്റില്‍ പ്രതിഫലിക്കാന്‍ പോകുന്നത്: സിപി ജോണ്‍

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ചൊവ്വാഴ്ച നടക്കാനിരിക്കുകയാണ്. പതിവ് പോലെ വലിയ പ്രതീക്ഷയാണ് ഇത്തവണയും കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നത്. എന്നാല്‍ കേന്ദ്ര ബജറ്റില്‍ പൊതുവായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നല്ലാതെ സംസ്ഥാനത്തിന് പ്രത്യേകമായി എന്തെങ്കിലും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് സിഎംപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സിപി ജോണ്‍ പറയുന്നത്.

വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ വിജയത്തേക്കാള്‍ ഈ ബജറ്റിനെ സ്വാധീനിക്കാന്‍ പോകുന്നത് രാമക്ഷേത്രം നിലനില്‍ക്കുന്ന ഫൈസാബാദിലെ തോല്‍വിയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

union budget 2024

കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രതീക്ഷക്ക് വകയുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? പ്രത്യേകിച്ച് ആദ്യമായി ഒരു ലോക്സഭാ സീറ്റ് ബിജെപിക്ക് സംസ്ഥാനത്ത് നിന്ന് ലഭിച്ച സാഹചര്യത്തില്‍?

കേന്ദ്ര ബജറ്റ് പൊതുവില്‍ സ്റ്റേറ്റ് സ്‌പെസിഫിക് അല്ല. അതുകൊണ്ട് ആ ചോദ്യത്തിന് വലിയ പ്രസക്തിയില്ല. തീര്‍ച്ചയായും ഒരു എംപി ഉള്ളത് കണക്കിലെടുക്കാതിരിക്കില്ല. എങ്കില്‍പ്പോലും അവര്‍ക്ക് ധാരാളം എംപിമാരുള്ള വേറെയും സസ്ഥാനങ്ങള്‍ ഉണ്ടല്ലോ. തിരിച്ചടി നേരിട്ടുള്ള സംസ്ഥാനങ്ങളും ഉണ്ട്. അങ്ങനെ സ്‌റ്റേറ്റുകള്‍ക്ക് വിഭജിച്ച് കൊടുക്കുന്ന ഒരു ബജറ്റല്ല ഉണ്ടാകുക. പൊതുവായിട്ടുള്ള കാര്യങ്ങളാണ് പ്രധാനം.

നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

ആദായ നികുതി സ്ലാബില്‍ സാധാരണക്കാര്‍ക്ക് അനുകൂലമായിട്ട് മാറും എന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ബജറ്റിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കാരണം ഈ ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയാണ് എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ ഭാഗികമായി അവതരിപ്പിച്ച് കഴിഞ്ഞ ബജറ്റിന്റെ പൂര്‍ണരൂപമാണ് എന്നും പറയാം. 57 ലക്ഷം കോടി രൂപയുടെ ബജറ്റാണ് നമുക്ക് വന്നിരിക്കുന്നത്.

ഇടക്കാല ബജറ്റില്‍ അതൊന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ തൊട്ടിട്ടില്ല. ഇത്തവണ ബിജെപിക്ക് തിരിച്ചടിയുണ്ടായിരിക്കുന്ന പശ്ചാത്തലത്തില്‍ ചില മാറ്റങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. കാരണം രാമക്ഷേത്രം കൊണ്ട് മാത്രം രാജ്യം ഭരിക്കാമെന്ന് കരുതിയ ബിജെപിയാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കും ഉണ്ടായിരുന്നത്. കാരണം സ്ഥാനത്തും അസ്ഥാനത്തുമെല്ലാം അവര്‍ രാമക്ഷേത്രം എന്നായി പറഞ്ഞ് കൊണ്ടിരുന്നത്.

എന്നാല്‍ അത് പറഞ്ഞത് കൊണ്ടുമാത്രം ആളുകളുടെ വിശപ്പ് മാറില്ല എന്ന് ബിജെപിക്ക് മനസിലായി. അതിനാലാണ് ഫൈസാബാദ് എന്ന് പറയുന്ന രാമക്ഷേത്രം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ പോലും ബിജെപി പരാജയപ്പെട്ടിരിക്കുകയാണ്. ആ പരാജയമാണ് സുരേഷ് ഗോപിയുടെ വിജയത്തേക്കാള്‍ ഈ ബജറ്റിനെ സ്വാധീനിക്കാന്‍ പോകുന്നത്.

വിലക്കയറ്റം, തൊഴിലില്ലായ്മ... ഇവ രണ്ടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതാണ്. ബിജെപിയുടെ മോശം പ്രകടനത്തിനും ഇത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ രണ്ട് അടിസ്ഥാന പ്രശ്നങ്ങള്‍ പരിഗണിക്കാനുള്ള സാധ്യത കാണുന്നുണ്ടോ?

തീര്‍ച്ചയായും. നമ്മുടെ ധനക്കമ്മി എന്ന് പറയുന്നത് കടം വാങ്ങിച്ച വരവടക്കമുള്ള തുകയും ആകെ ദേശീയ വരുമാനത്തിന്റെ ശതമാനത്തേയുമാണ് ധനക്കമ്മി ശതമാനം എന്ന് പറയുന്നത്. അത് മൂന്ന് ശതമാനത്തില്‍ കൂടരുത് എന്നാണ് സംസ്ഥാനങ്ങളോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നമ്മള്‍ വളരെ ഞെരുക്കത്തിലാണ്. പക്ഷെ കേന്ദ്രത്തിലെ ധനക്കമ്മി, സംസ്ഥാനങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ 5.8 ശതമാനമാണ്.

റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതമായി രണ്ടരലക്ഷം കോടി രൂപ കേന്ദ്രത്തിന് ലഭിക്കുന്നുണ്ട്. ഇത് നമ്മുടെ ബജറ്റ് സൈസുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ഒരു തുകയല്ല. 5.1 ശതമാനമായി ധനക്കമ്മി കുറച്ചിരിക്കുകയാണ്. ധനക്കമ്മി വീണ്ടും കുറയ്ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതുകൊണ്ട് വലിയ പ്രയോജനമില്ല. 5.8 ല്‍ തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ കടമെടുക്കാനുള്ള സ്‌പേസ് കിട്ടും.

union budget 2024

അങ്ങനെ വരുമ്പോള്‍ ലഭിക്കുന്ന തുക കൊണ്ട് എന്ത് ചെയ്യണം എന്നുള്ള ചര്‍ച്ചകള്‍ സജീവമാണ്. തൊഴിലുറപ്പ് പദ്ധതി ബിജെപി ആദ്യഘട്ടത്തില്‍ എതിര്‍ത്തതാണ്. പരാജയപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്മാരകമായി അതവിടെ നിന്നോട്ടെ എന്നായിരുന്നു അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. വാസ്തവത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്ലായിരുന്നെങ്കില്‍ ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമായിരുന്നു.

ഇത് മനസിലാക്കിയ ബിജെപി അര്‍ബന്‍ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. തൊഴിലില്ലായ്മ ശക്തമായ സാഹചര്യത്തില്‍ നഗരങ്ങളിലും തൊഴിലുറപ്പ് കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ തൊഴിലില്ലായ്മ ഒരു മോശം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പൊട്ടിത്തെറിയുടെ വക്കിലാണ് രാജ്യം. 30 ലക്ഷത്തോളം തൊഴിലുകളാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത്.

നല്ല ജോലിയല്ല ഇന്ന് പലര്‍ക്കും ലഭിക്കുന്നത്. കൂടാതെ അസ്ഥിരമായി തൊഴില്‍ ചെയ്ത് ജീവിക്കേണ്ട അവസ്ഥയിലാണ് യുവാക്കള്‍. അസംഘടിത മേഖലയില്‍ ഇഎസ്‌ഐ പോലുള്ള ആനുകൂല്യങ്ങളില്ല. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇഎസ് ഐ ആനുകൂല്യം എന്ന മുദ്രാവാക്യം ഇഎംഎസ് മുന്നോട്ട് വെച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടം അത് നടന്നില്ല. ലക്ഷോപലക്ഷം ഓട്ടോറിക്ഷാ തൊഴിലാളികള്‍ നമ്മുടെ രാജ്യത്തുണ്ട്.

union budget 2024

ഓട്ടോറിക്ഷയായാലും ടാക്‌സിയായാലും ബസ് ഡ്രൈവറായാലും വൈറ്റ് കോളര്‍ ജോബ് ചെയ്യുന്നവര്‍ക്ക് പോലും ഈ ആനുകൂല്യങ്ങളില്ല. ഏഴ് ശതമാനം പേര്‍ മാത്രമാണ് മാസശമ്പളം കിട്ടുന്നവരായിട്ടുള്ളത്. ഇങ്ങനെ ഇന്ത്യയെ പോലൊരു വികസ്വര രാജ്യത്തിന് മുന്നോട്ട് പോകാനാകില്ല. ജനങ്ങളുടെ കൈയില്‍ പണം വന്നാല്‍ മാത്രമെ വിപണിയില്‍ നിന്ന് ആളുകള്‍ സാധനം വാങ്ങിക്കൂ. തൊഴില്‍രഹിതരുടെ പ്രശ്‌നം ഇന്ത്യയിലെ വ്യവസായങ്ങളുടേയും വാണിജ്യത്തിന്റേയും കൂടി പ്രശ്‌നമാണ്.

കാര്‍ഷിക മേഖലയെ സഹായിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോ?

കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം ഒരു ആനുകൂല്യവും നേരില്‍ കൊടുക്കാതിരിക്കുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. പക്ഷെ അതും ഇനി നടപ്പാകില്ല. പഞ്ചാബിലെ കര്‍ഷകര്‍ നടത്തിയ പോരാട്ടം ബിജെപിയുടെ കൈ പൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയിലെ കര്‍ഷകരെല്ലാം അസംതൃപ്തിയിലാണ്. കാര്‍ഷിക കടങ്ങള്‍ ഇളവ് ചെയ്യുന്നത് പോലുള്ള നടപടികള്‍ അനിവാര്യമാണ്. അത് ചെയ്യുന്നില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ല എന്ന തിരിച്ചറിവ് ബിജെപിക്ക് ഉണ്ടായാല്‍ നല്ലത്.

പണപ്പെരുപ്പം, പൊതുകടം, കടമെടുപ്പ് പരിധി എന്നീ പ്രശ്നങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്?

2019 ല്‍ തന്നെ ജിഡിപിയുടെ 75 ശതമാനം ആഭ്യന്തര വിദേശകടമായിട്ടുണ്ട്. അതില്‍ വിദേശകടം 18 ശതമാനം എന്നത് ജിഡിപിയുടെ ശതമാനവുമായി നോക്കുമ്പോള്‍ കുറഞ്ഞിട്ടുണ്ട്. പക്ഷെ മൊത്തം കടം നോക്കുകയാണെങ്കില്‍ അത് 81 ശതമാനമായിരിക്കുകയാണ് എന്നാണ്. ഇതിനെ സംബന്ധിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത്. 2029 ആണെങ്കില്‍ പോലും അന്നത്തെ ജിഡിപിയുടെ കടം ഉണ്ടാകാതിരിക്കാന്‍ വയ്യ. ഇപ്പോള്‍ 80-82 നില്‍ക്കുന്നത് അല്‍പം കുറഞ്ഞാല്‍ ഭാഗ്യം എന്ന് മാത്രമെ പറയാന്‍ പറ്റൂ.

എയിംസ് എല്ലാ കാലത്തും കേരളത്തിന്റെ ആവശ്യവും പ്രതീക്ഷയുമാണ്. ഇത്തവണയും അത് അങ്ങനെ തന്നെ തുടരുമോ? അതോ യാഥാര്‍ത്ഥ്യമാകുമോ? സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് എംപി തല ചര്‍ച്ചകള്‍ നടന്നിട്ടുണ്ടല്ലോ

എയിംസ് കേരളത്തിന് തത്വത്തില്‍ അനുവദിച്ചിട്ടുണ്ട്. അത് എവിടെ വേണമെന്ന് സംബന്ധിച്ച് നമുക്കും തര്‍ക്കമുണ്ട്. അത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് കേന്ദ്രത്തിന് സഹായകമായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+