Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2024; വിമർശനവുമായി വിഡി സതീശൻ, കേരളത്തിന് പൂർണ അവഗണനയെന്ന് ആക്ഷേപം

തിരുവനന്തപുരം: ഇടക്കാല ബജറ്റിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജ്യത്തെ യാഥാർഥ്യങ്ങൾ വിസ്‌മരിച്ചെന്നും, കോർപറേറ്റ് താൽപര്യങ്ങൾക്ക് മാത്രമാണ് ബജറ്റിൽ മുൻഗണന നൽകിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. കേവലം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മല സിതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തെ സംബന്ധിച്ചടുത്തോളം ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ തയ്യാറാകാത്തത് ജനങ്ങളോടുള്ള ബിജെപി സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

 vdsatheesannirmalasitharaman

'നാരി ശക്തി' എന്ന് പ്രധാനമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്ത് തൊഴിലായ്‌മ കുതിച്ചുയരുമ്പോഴും തൊഴില്‍ നല്‍കുന്നതിന് വേണ്ടിയുള്ള കാര്യമായ പദ്ധതികളൊന്നും ബജറ്റിലിൽ പ്രഖ്യാപിച്ചിട്ടില്ല. മൂലധന ചെലവ് കൂടുമ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്ന സ്ഥിരം പല്ലവിയാണ് ഈ ബജറ്റിലുമുള്ളതെന്നും സതീശൻ വ്യക്തമാക്കി.

കര്‍ഷക സമൂഹത്തിനോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെടുത്തിയില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നിവയുടെ വിഹിതത്തിലും കാലാനുസൃതമായ വര്‍ധനവ് വരുത്താൻ സർക്കാർ തയ്യറായിട്ടില്ല. പാവങ്ങളോട് ഒട്ടും അനുതാപമില്ലാത്ത ബജറ്റ് കോര്‍പ്പറേറ്റുകളോട് അമിത വിധേയത്വമാണ് പ്രകടിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

തിരഞ്ഞെടുപ്പിന് മുന്‍പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് അടുത്ത പൊതുബജറ്റും ഞങ്ങള്‍ തന്നെ അവതരിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരും ബജറ്റിനെതിരെ രംഗത്ത് വന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗങ്ങളിലൊന്നാണിതെന്നും നിർമല സീതാരാമൻ അവ്യക്തമായ ഭാഷയാണ് ഉപയോഗിച്ചതെന്നും ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വളരെ കുറച്ച് കണക്കുകളാണ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ കേന്ദ്രമന്ത്രി വി മുരളീധരൻ ബജറ്റിനെ പ്രശംസിച്ചു രംഗത്ത് വന്നു. വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നല്‍കുന്നതാണ് കേന്ദ്ര ബജറ്റെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

'കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തെ ദരിദ്രജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേകം ഊന്നല്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ അവതരിപ്പിക്കാനും സാധിച്ചു.' മുരളീധരൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+