യുപി സംഭവം: വിദ്യാര്‍ത്ഥിയെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി, ഓണസമ്മാനങ്ങൾ കൈമാറി, തുടർ പഠനത്തിന് സഹായവും
ഡൽഹി: ഉത്തർപ്രദേശിൽ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച ഏഴ് വയസുകാരനേയും കുടുംബത്തേയും കണ്ട് ജോൺ ബ്രിട്ടാസ് എംപി.പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കൊപ്പമായിരുന്നു സന്ദര്‍ശനം. 'കുട്ടിയുടെ കുടുംബത്തിനോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും തുടര്‍പഠനത്തിന് താങ്ങാകാന്‍ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ സന്ദേശവും കുടുംബത്തെ അറിയിച്ചു', ജോൺ ബ്രിട്ടാസ് പറഞ്ഞു. സന്ദർശനം സംബന്ധിച്ച് സി പി എം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
'മനുഷ്യർക്കുള്ളിൽ അപരവിദ്വേഷം വളർത്തി വർഗീയമായി വിഘടിപ്പിക്കുന്ന ഹിന്ദുത്വരാഷ്ട്രീയം മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടി.

അധ്യാപികയുടെ ക്രൂരമായ വർഗീയ വേട്ടയ്ക്ക് ഇരയായ കുട്ടിയേയും പിതാവ് ഇർഷാദിനെയും കുടുബാംഗങ്ങളെയും കുബ്ബാപുർ ഗ്രാമത്തിലെ വീട്ടിലെത്തി പോളിറ്റ് ബ്യുറോ അംഗം സ. സുഭാഷിണി അലിയും രാജ്യസഭാ എംപി സ. ജോൺ ബ്രിട്ടാസും അടങ്ങുന്ന സിപിഐ എം പ്രതിനിധി സംഘം സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തേണ്ടിവന്ന സഹോദരന്റെയും തുടർപഠനത്തിന് എല്ലാ സഹായവും ഉറപ്പു നൽകി. ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി സംഘം ഈ കുടുംബത്തെ സന്ദർശിക്കുന്നത്.
ഈർഷാദിന്റെ കുടുംബത്തോടൊപ്പം കേരളമുണ്ടെന്ന മുഖ്യമന്ത്രി സ. പിണറായി വിജയന്റെയും കുട്ടിക്ക് കേരളത്തിൽ തുടർപഠനത്തിനു സൗകര്യമൊരുക്കാൻ സന്നദ്ധമാണെന്ന വിദ്യാഭ്യാസ മന്ത്രി സ. വി ശിവൻകുട്ടിയുടെയും സന്ദേശം ഇരുവരും കുടുംബത്തെ അറിയിച്ചു. കേരളത്തിന്റെ മതമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു.
സ്‌കൂളിലുണ്ടായ ദാരുണ സംഭവത്തിന് ശേഷം കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചു കുടുംബം ഇരുവരോടും പങ്കുവെച്ചു. ഭാര്യയോടൊപ്പം വിവാദ അധ്യാപികയായ തൃപ്തി ത്യാഗിയെ രണ്ടു വട്ടം കണ്ടിരുന്നെങ്കിലും താൻ ചെയ്തത് ശരിയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ടായതെന്ന് കുട്ടിയുടെ പിതാവ് ഇർഷാദ് പറഞ്ഞു. അത് കൊണ്ടാണ് മറ്റൊരു സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. ഒരാഴ്ച കഴിഞ്ഞു അഡ്മിഷൻ നൽകാമെന്നാണ് പുതിയ സ്കൂൾ അധികൃതർ അറിയിച്ചത്.
കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണസമ്മാനം കൂടി നൽകിയാണ് സിപിഐ എം പ്രതിനിധി സംഘം മുസഫർനഗറിലെ കുബ്ബപ്പൂരിലെ കുഞ്ഞിന്റെ വീട്ടിൽ നിന്നും മടങ്ങിയത്', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications