Vande Bharat Express kerala: വന്ദേഭാരത് കുതിച്ച് തുടങ്ങി: പരീക്ഷണ ഓട്ടം ആരംഭിച്ചു, 12.30 കണ്ണൂരിലെത്തും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. രാവിലെ കൃത്യം 5.10 നാണ് വന്ദേഭാരത് എക്സപ്രസിന്റെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം ആരംഭിച്ചത്. കഴിഞ്ഞ ദിവസം കൊച്ചുവേളിയില്‍ എത്തിച്ച ട്രെയിന്‍ പുലർച്ചയോടെ തന്നെ തിരുവനന്തപുരത്ത് എത്തിച്ചു. 5.10 ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടു. 5:59 ന് കൊല്ലത്ത് എത്തിയ ട്രെയിന്‍ അല്‍പസമയത്തിനകം കോട്ടയത്ത് എത്തും.
തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുമാണ് വണ്ടിയിലുള്ളത്. പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർ തൃശൂരില്‍ വെച്ച് വണ്ടിയില്‍ കയറും. പാലക്കാട് ജില്ലയില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ തൃശൂരില്‍ എത്തിയായിരിക്കും വണ്ടിയില്‍ കയറുക. ക്രൂവും ഇവിടെ നിന്ന് മാറും. 12.30 ഓടെ കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സഞ്ചാരം. വിശ്രമത്തിന് ശേഷം 2.30 നുള്ളില്‍ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്ര ആരംഭിക്കും.

പരീക്ഷണ ഓട്ടത്തിലൂടെ ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ, സ്റ്റോപ്പുകളില്‍ നിർത്തിയിടേണ്ട സമയം, തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും. പരീക്ഷണ ഓട്ടതിന് ശേഷം ഇന്ന് വൈകീട്ട് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും പുറത്ത് വിട്ടേക്കും. 24 ന് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 25 ന് തിരുവനന്തപുരത്ത് എത്തി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവർ പരിപാടിയില്‍ പങ്കെടുക്കും.
അതേസമയം, വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്നാണ് മെട്രോ റെയിൽ കോർപറേഷൻ മുൻ എംഡിയും ബി ജെ പി നേതാവുമായ ഇ ശ്രീധരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. വന്ദേഭാരത് ട്രെയിന്‍ കേരളത്തിലേക്ക് അനുവദിച്ചത് ബി ജെ പി വലിയ ആഘോഷമാക്കുന്നതിനിടയിലാണ് ഇ ശ്രീധരന്‍ തന്നെ ശക്തമായ എതിർ നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. 160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിനുകൾ. കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വെച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂ. ഇത് വിഡ്ഢിത്തമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
നിലവിൽ കേരളത്തിലെ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ 90 മാത്രമേ ലഭിക്കുകയുള്ളൂ. വന്ദേഭാരതിന്റെ വേഗതയ്ക്ക് പ്രധാന തടസ്സം ട്രാക്കിന്റെ വളവും തിരിവുമാണ്. കേരളത്തിലെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തന്നെ വർഷങ്ങള്‍ സമയമെടുക്കുമെന്നും ഈ ശ്രീധരന്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications