വന്ദേ ഭാരത് ഇന്ന് ആദ്യമായി കാസർകോഡേക്ക്: രണ്ടാംഘട്ട പരീക്ഷണയോട്ടം ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച് ആദ്യ വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച ട്രയല്‍ റണ്‍ ഇത്തവണ കാസർകോഡ് വരെ നീളും. ആദ്യഘട്ടത്തില്‍ കണ്ണൂർ വരെയായിരുന്നു പരീക്ഷണയോട്ടം നടത്തിയിരുന്നത്. 5.10 ന് പുറപ്പെടാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പത്ത് മിനുട്ട് വൈകി 5.20 നാണ് ഇത്തവണ ട്രെയിന്‍ പുറപ്പെട്ടത്. നിലവില്‍ ട്രെയിന്‍ കോട്ടയം പിന്നിട്ടു.
കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. തിരുവനന്തപുരത്തുനിന്ന് 7 മണിക്കൂര്‍ 10 മിനിറ്റ് സമയം എടുത്തായിരുന്നു ആദ്യഘട്ടത്തില്‍ ട്രെയിന്‍ കണ്ണൂർ എത്തിയത്. ട്രെയിനിന്‍റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്. 25-ാം തിയതി തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നതില്‍ വിവിധ കോണുകളില്‍ നിന്നും വലിയ വിമർശനമായിരുന്നു ഉയർന്നത്. കൊട്ടിഘോഷിച്ച വന്ദേ ഭാരത ട്രെയിനിന്റെ റൂട്ടിൽ നിന്ന് കാസർഗോഡ് ജില്ലയെ ഒഴിവാക്കിയതിന് ജില്ലയിലെ എംപിയും ബിജെപിയും സമാധാനം പറയണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു. കാസർകോട്ടുകാർ കേരളത്തിലല്ല എന്ന് തോന്നിപ്പോകും കേന്ദ്രസർക്കാരിന്റെ നിലപാട് കണ്ടാലെന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.

ഇതിനെതിരെ ഒരക്ഷരം പ്രതികരിക്കാൻ ജില്ലയിലെ ബി ജെ പിക്ക് കഴിയുന്നില്ല. സ്വന്തം ജനതയെ അവഗണിക്കുന്ന കേന്ദ്ര നിലപാടിനെതിരെ ധീരമായ ശബ്ദം മുഴക്കാൻ ജില്ലയിലെ എംപിക്കും ആകുന്നില്ല. ജില്ലയിലെ മേൽപ്പാലം അടക്കമുള്ള റെയിൽവേ വികസനം ഇഴയുന്നതിന്റെ മുഖ്യ കാരണക്കാരൻ എംപിയാണെന്നും ജില്ലാ പ്രസിഡന്റ് ഷാലു മാത്യുവും സെക്രട്ടറി രജീഷ് വെള്ളാട്ടും പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു.
സ്വന്തം പ്രവർത്തകർ തന്നെ എതിർ സ്വരവുമായി എത്തിയതോടെ ബി ജെ പി നേതൃത്വം കേന്ദ്രത്തില്‍ സമ്മർദം ചെലുത്തിയാണ് ട്രെയിന്‍ കാസർകോട് വരെ നീട്ടിപ്പിച്ചതെന്നാണ് സൂചന. . കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്‍റെ നിലവിലെ വേഗത. ആദ്യഘട്ടം കേരളത്തില്‍ ഒന്നര വർഷത്തിനുള്ളില്‍ പൂർത്തിയാവും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. ഇതിന് ഒന്നര വർഷം കൂടി സമയമെടുക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്നും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications