വന്ദേഭാരത്: വേഗത കുറവില്‍ നിരാശ, ആദ്യമായിട്ടാവും ഒരു ട്രെയിന്‍ ഫ്ലാഗ് ഓഫിന് ഇത്ര ഹൈപ്പ്: സുജിത് ഭക്തന്‍
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തപ്പോള്‍ ആദ്യയാത്രയില്‍ പങ്കെടുക്കുന്നതിനായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരായിരുന്നു തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചത്. ജപ്പാനിലും ചൈനയിലുമുള്ള ബുള്ളറ്റ് ട്രെയിനുകളുടെ എല്ലാ സവിശേഷതയും വന്ദേഭാരതിനുണ്ടെന്നാണ് ആദ്യ യാത്രക്ക് എത്തിയ വ്ളോഗർ സുജിത് ഭക്തന്‍ വ്യക്തമാക്കിയത്. അതേസമയം മറ്റുള്ളവയെ അപേക്ഷിച്ച വേഗത പോരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്ദേഭാരതില്‍ ഇതിന് മുമ്പ് കയറിയിട്ടുണ്ട്. രാജ്യത്ത് ഈ ട്രെയിന്‍ സർവ്വീസ് രണ്ട് വർഷം മുമ്പ് തുടങ്ങിയപ്പോഴാണ് അതില്‍ യാത്ര ചെയ്തത്. ദില്ലിയില്‍ നിന്നും കത്രയിലേക്കായിരുന്നു യാത്ര. ആ വന്ദേഭാരത് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വന്നതില്‍ വലിയ സന്തോഷമുണ്ട്. തിരുവനന്തപുരത്ത് നിന്നും കാസർകോട് വരെ വന്ദേഭാരതില്‍ യാത്രചെയ്യാം എന്നുള്ളതിലാണ് വലിയ സന്തോഷമെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും അവസാനമായി ജപ്പാനിലും ചൈനയിലുമാണ് പോയത്. അവിടെയുള്ള ബുള്ളറ്റ് ട്രെയിനുകളുടെ എല്ല സവിശേഷതയും വന്ദേഭാരത് ട്രെയിനിനുമുണ്ട്. എന്നാല്‍ സ്പീഡ് മാത്രം കുറവാണ്. അവിടുത്തേക്കാള്‍ കൂടുതല്‍ ഫെസിലിറ്റീസ് ഇവിടെയുണ്ടെന്ന് തോന്നുന്നു. സ്പീഡ് ഇച്ചിരി കുറവാണെങ്കിലും നമ്മുടെ ബുള്ളറ്റ് ട്രെയിനാണ് ഇത്. ട്രെയിനും സീറ്റുകളുമെല്ലാം സെയിമാണെന്നും സുജിത് ഭക്തന്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ആദ്യമായിരിക്കും ഒരു ട്രെയിനിന്റെ ഉദ്ഘാടനം ഇത്ര ഹൈപ്പില്‍ നടക്കുന്നത്. അതില്‍ മലയാളികള്‍ക്ക് ശരിക്കും അഭിമാനിക്കാം. എല്ലാം ആഘോഷിക്കുന്നവരാണ് നമ്മള്‍. അതുപോലെ ഇത്തരത്തിലുള്ള കൂടുതല്‍ ട്രെയിനുകള്‍ വരട്ടെ. വന്ദേഭാരത് ശരിക്കും ഒരു മാറ്റത്തിന് തുടക്കമിടും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മൂന്ന് മണിക്കൂർ കൊണ്ടും കാസർകോടേക്ക് എട്ട് മണിക്കൂർ കൊണ്ടും എത്താന്‍ സാധിക്കും എന്നുള്ളതാണ് പ്രാധനപ്പെട്ട കാര്യം.
വന്ദേഭാരതിലെ എക്സിക്യൂട്ടീവ് കോച്ച് വിമാനത്തിലെ ബിസിനസ് ക്ലാസ് പോലെ തന്നെയാണ്. വളരെ വിശാലമായതും പ്രൈവസിയുള്ളതുമാണ്,. കൂടുതല്‍ പണം കൊടുക്കുമ്പോള്‍ കൂടുതല്‍ സൌകര്യം ലഭിക്കുന്നു. വളരെ സൌകര്യപ്രദമായി യാത്ര ചെയ്യാന്‍ സാധിക്കും. മറ്റ് ക്ലാസുകളില്‍ ഇല്ലാത്തത് പോലെ ഈ ക്ലാസില്‍ സീറ്റ് എങ്ങോട്ട് വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. യാത്ര ചെയ്തുകൊണ്ട് ജോലി എടുക്കുന്നുവർക്കും ഇതെല്ലാം വളരെ ഉപകാരപ്രദമാണ്.
മറ്റ് വന്ദേഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്തപ്പോള്‍ 150 ലും 160 കിലോ മീറ്റർ വേഗതയിലുമൊക്കെ സഞ്ചരിക്കുമായിരുന്നു. എന്നാല്‍ കേരളത്തില്‍ വളവും തിരുവുമൊക്കെ ആയതിനാല്‍ പരമാവധി 110 കിലോ മീറ്റർ വേഗതയിലാണ് പോവുക എന്ന് അറിഞ്ഞപ്പോള്‍ ചെറിയ നിരാശ തോന്നി. ഈ ട്രെയിനിന് 180 കിലോ മീറ്റർ സ്പീഡില്‍ പോവാന്‍ സാധിക്കും. വേഗത്തില്‍ ഒരു സ്ഥലത്ത് എത്താന്‍ സാധിക്കുന്നത് യാത്രയുടെ സാധ്യതകളും വർധിപ്പിക്കുമെന്നും സുജിത് ഭക്തന്‍ പറയുന്നു.












Click it and Unblock the Notifications