വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവം: പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ഗുരുതര വീഴ്ച: സുരേന്ദ്രന്‍
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നേരെ മലപ്പുറത്ത് ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പൊലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിന് ശേഷമുള്ള ട്രെയിന്‍ ആക്രമണത്തെ ഗൗരവമായി കാണാത്ത പൊലീസിന്റെ സമീപനം ശരിയല്ല. പൊലീസിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. കളിക്കുമ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാന്‍ മാത്രം മണ്ടന്‍മാരാണോ കേരള പൊലീസെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

മണിക്കൂറുകള്‍ക്ക് മുമ്പാണ് വന്ദേഭാരത് എക്‌സ്പ്രസിനെ കല്ലെറിഞ്ഞ ആളെ പൊലീസ് അറസ്റ്റ് ചെയ്തത്. താനൂര്‍ സ്വദേശിയായ മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വച്ചല്ല കല്ലെറിഞ്ഞതെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നും പ്രതി പറയുന്നു. ഇയാളെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
കഴിഞ്ഞ മെയ് ഒന്നിനായിരുന്നു സംഭവം. കല്ലേറില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വന്ദേ ഭാരത് ട്രെയിനിന്റെ സി 4 കോച്ചിന്റെ ചില്ലിന് വിള്ളല്‍ വീണിരുന്നു. സംഭവത്തില്‍ ആര്‍ പി എഫ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴിക്കോട് കഴിഞ്ഞാല്‍ ഷൊര്‍ണൂരില്‍ ആണ് വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ളത്. തിരൂര്‍ പിന്നിട്ട് അല്‍പ്പദൂരം കഴിഞ്ഞപ്പോഴാണ് കല്ലെറുണ്ടായത്. ഷൊര്‍ണൂരിലെത്തി ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കേരളത്തില്‍ സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയായിരുന്നു സര്‍വീസ്. പിന്നീട് കാസര്‍കോടേക്ക് നീട്ടിയിരുന്നു. ട്രെയല്‍ റണ്‍ നടത്തുന്ന വേളയില്‍ തിരൂരില്‍ സ്റ്റോപ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായാണോ ആരെങ്കിലും കല്ലെറിഞ്ഞതെന്ന സംശയം നിലനിന്നിരുന്നു.
അതേസമയം, ഷൊര്‍ണൂരില്‍ ട്രെയല്‍ റണ്‍ വേളയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. സ്റ്റോപ്പ് വേണമെന്ന് വികെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും റെയില്‍വെ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. കേരളത്തില്‍ വിജയകരമായാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications