ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങുന്നത് ബിജെപിയുടെ ഇരട്ടത്താപ്പെന്ന് വിഡി സതീശൻ; മറുപടി നൽകി ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി ബി.ജെ.പി നേതാക്കൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ വിമർശനം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കർണാടകയിൽ ഒരു ബിജെപി മന്ത്രി ജനങ്ങളോട് പറഞ്ഞത് ക്രൈസ്തവരെ അക്രമിക്കണമെന്നാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. അവർ വീടുകളിലേക്ക് വരുന്നത് മതപരിവർത്തനം നടത്താനാണെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. രാജ്യവ്യാപകമായി ഇതേ നിലപാടാണ് ബി.ജെ.പി ക്രൈസ്തവ സമൂഹത്തോട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാല് വർഷത്തിനിടെ 600-ഓളം പള്ളികളാണ് രാജ്യത്ത് അക്രമിക്കപ്പെട്ടത്. വൈദികരുൾപ്പെടെയുള്ളവർ ഇപ്പോഴും ജയിലിലാണ്. മദർ തെരേസയ്ക്ക് നൽകിയ ഭാരതരത്‌നം പോലും പിൻവലിക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റർ ആശംസകൾ നേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.ജെ.പി. നേതാക്കൾ ബിഷപ്പ് ഹൗസിൽ പോയി ക്രൈസ്തവ മേലധ്യക്ഷന്മാരെ കണ്ട് ഈസ്റ്റർ സന്ദേശം കൈമാറുന്നതിൽ വി.ഡി. സതീശന്റെ ഭയം സ്വാഭാവികമാണെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ഇത്രയും കാലം ക്രൈസ്തവ സഭയെ കോൺഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്ന യാഥാർഥ്യം സഭ തിരിച്ചറിയുമോ എന്ന ആശങ്കയാണ് സതീശനുള്ളത്. അരമനയിലെ അകത്തളങ്ങളിൽ പോയിരുന്ന് ബി.ജെ.പി. വിരുദ്ധ ഉമ്മാക്കി പറഞ്ഞ് ക്രൈസ്തവ സമൂഹത്തിൽ ആശങ്കയുണ്ടാക്കി വോട്ട് തട്ടിക്കൊണ്ടിരുന്ന പഴയ കലാപരിപാടി ഇനിയും നടക്കാൻ പോകുന്നില്ലന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ക്രൈസ്തവ സഭയുടെ കുഞ്ഞാടുകളായി അഭിനയിച്ച് ക്രൈസ്തവ സമൂഹത്തെ ചൂഷണം ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് അടക്കമുള്ള ന്യൂനപക്ഷക്ഷേമ ഫണ്ടിന്റെ കേരളത്തിലെ വിനിയോഗം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യേണ്ട ന്യൂനപക്ഷ ഫണ്ടിലെ ശരിയായ വിഹിതം എന്തുകൊണ്ട് ക്രൈസ്തവ സഭയ്ക്ക് ഇതുവരെ കിട്ടാതെ പോയി. ബി.ജെ.പി. ഉയർത്തിക്കാട്ടിയ ഈ കാര്യത്തിൽ ക്രൈസ്തവ സഭയ്ക്ക് ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ടിവന്നത് എന്തുകൊണ്ട്? ഇന്നുവരെ ഇക്കാര്യത്തിൽ ഒരക്ഷരം ഉരിയാടാൻ പ്രതിപക്ഷ നേതാവിന്റെ നാവ് പൊന്തിയിട്ടില്ലെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.
മതഭീകരവാദികൾ ഭീഷണിയുമായി പാലായിലെ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയപ്പോൾ വി.ഡി. സതീശൻ എവിടെയായിരുന്നു. അന്നും ബിഷപ്പ് ഹൗസിൽ എത്തിയതും ഭീഷണികളെ തടഞ്ഞ് പുറത്ത് കാവൽ നിന്നതും ബി.ജെ.പി.ക്കാരണന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ക്രൈസ്തവ സഭ എന്താവശ്യപ്പെട്ടാലും നീതിയുടെയും നിയമത്തിന്റെയും ഉള്ളിൽനിന്നുകൊണ്ട് ക്രൈസ്തവ സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി ബി.ജെ.പി. പ്രവർത്തിക്കും. വിഡി സതീശനും കോൺഗ്രസുകാരും ഭയപ്പെട്ടിട്ട് ഒരു കാര്യവുമില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.












Click it and Unblock the Notifications