'ചാണ്ടി ഉമ്മന്‍ പള്ളിയില്‍ പോകേണ്ടെന്ന് കോണ്‍ഗ്രസ് പറയണോ?'; സിപിഎം തരംതാഴുകയാണെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സി പി എം ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പള്ളിയില്‍ എല്ലാദിവസവും പ്രാര്‍ത്ഥനയുണ്ട്. അത് മതപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. അതിലൊക്കെയാണ് സി.പി.എം നേതാക്കള്‍ കയറിപ്പിടിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. മത്സരത്തെ രാഷ്ട്രീയമാക്കുമെന്ന് തിരുവനന്തപുരത്ത് വച്ച് കേമത്തില്‍ പ്രഖ്യാപിച്ചവര്‍ ഇവിടെയെത്തി തരംതാണം പ്രചരണം നടത്തുകയാണ്. ഇത് സി പി എഎമ്മിന്റെ സ്ഥിരം പരിപാടിയാണ്. ഇതൊക്കെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
'സഭാ വിശ്വാസം അനുസരിച്ച് ഈ മാസം 26 വരെ മുടങ്ങാതെ പള്ളിയില്‍ ആരാധന നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ നാല്‍പ്പതാം ദിവസത്തെ ആരാധന വേണ്ടെന്ന് പറയാനാകില്ല. അതൊക്കെ കുടുംബത്തിന്റെ തീരുമാനമാണ്. പള്ളിയില്‍ എല്ലാദിവസവും പ്രാര്‍ത്ഥനയുണ്ട്. അത് മതപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. അതിലൊക്കെയാണ് സി.പി.എം നേതാക്കള്‍ കയറിപ്പിടിക്കുന്നത്.

'ചാണ്ടി ഉമ്മന്‍ പള്ളിയില്‍ പോകാന്‍ പാടില്ല, സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് നാല്‍പത് ദിവസത്തെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കരുത് എന്നൊക്കെയാണ് സി.പി.എം ആവശ്യപ്പെടുന്നത്. വാ തുറന്ന് എന്തെങ്കിലും രാഷ്ട്രീയം പറഞ്ഞാല്‍ സി.പി.എം പ്രതിക്കൂട്ടിലാകും. അതുകൊണ്ടാണ് ചികിത്സ, പള്ളി, പ്രാര്‍ത്ഥന എന്നൊക്കെ പറയുന്നത്. ചാണ്ടി ഉമ്മന്‍ പള്ളിയില്‍ പോകേണ്ടെന്ന് കോണ്‍ഗ്രസ് പറയണോ? അത്രത്തോളം തരംതാഴുകയാണ് സി.പി.എം'- വി ഡി സതീശന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. 'ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ട്. 2019-ലാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്സിയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയത്'
'അതേ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ചികിത്സയ്ക്ക് ശേഷം നാട്ടില്‍ തുടര്‍ ചികിത്സ നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 2019-ല്‍ തന്നെ വെല്ലൂരില്‍ പ്രവേശിപ്പിച്ചു. അതിനു ശേഷം പ്രത്യേക ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് കൊണ്ടുപോയി'- വി ഡി സതീശന്‍ പറഞ്ഞു.
'മുന്‍ മുഖ്യമന്ത്രിയുടെ ചികിത്സയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയുണ്ടാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു ചികിത്സയും നല്‍കിയിട്ടില്ല. കുടുംബത്തിലെ നാല് പേരും മാറിമാറി അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയും രോഗവിവരം സംബന്ധിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി വേണുഗോപാലും കൃത്യമായി അന്വേഷിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും അദ്ദേഹത്തിനൊപ്പം നിന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് വിവാദമുണ്ടാക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല'- വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications