കെ-ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് ചൈനീസ് കേബിളുകള്‍; ഗുരുതര ആരോപണവുമായി വിഡി സതീശന്‍
കൊച്ചി: കെ-ഫോണ്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പദ്ധതി ഏറ്റെടുത്ത കമ്പനി മാനദണ്ഡം ലംഘിച്ചിട്ടുണ്ട് എന്ന് വി ഡി സതീശന്‍ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ പി ജി കേബിളുകള്‍ സ്ഥാപിച്ചത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടാണ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ-ഫോണ്‍ പദ്ധതിയില്‍ ഇന്ത്യന്‍ നിര്‍മിത കേബിളുകള്‍ ഉപയോഗിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നിലവില്‍ ഉപയോഗിച്ചിരിക്കുന്നത് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കേബിളുകളാണ്. ഈ കേബിളുകളുടെ ഗുണമേന്മയില്‍ യാതൊരു ഉറപ്പുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി ഏറ്റെടുത്ത കമ്പനി മൂന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ട് എന്നും ഇത് കെ-ഫോണിനും വൈദ്യുതി ബോര്‍ഡിനും അറിയാം എന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഒരു കത്തിലൂടെ 500 കോടി രൂപയുടെ അധിക ബാധ്യത പദ്ധതിയിലുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലുണ്ടായിരുന്ന ശിവശങ്കറാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021 ല്‍ ഉദ്ഘാടനം ചെയ്ത കെ-ഫോണ്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.
അങ്ങനെയിരിക്കെ കെ-ഫോണ്‍ ഉദ്ഘാടനത്തിന് 4.35 കോടി രൂപയാണ് ചിലവാക്കുന്നത് എന്നും വി ഡി സതീശന്‍ പറഞ്ഞു. പൊതുജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് കെ-ഫോണും അഴിമതി ക്യാമറയും എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന നടപടിയാണ് അഴിമതി ക്യാമറ എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരേയും അദ്ദേഹം രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ കുടുംബം ആരോപണവിധേയരായി നില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റുള്ള മന്ത്രിമാര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം എന്നാണ് കുടുംബത്തിലെ അംഗമായ റിയാസ് പറയുന്നത് എന്ന് സതീശന്‍ പരിഹസിച്ചു. അഴിമതിയെ സംരക്ഷിക്കാനിറങ്ങാത്ത മന്ത്രിമാര്‍ക്കെതിരായ ഭീഷണിയാണ് മുഹമ്മദ് റിയാസ് നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണ്‍ ഇന്ന് വൈകീട്ടാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തുടനീളം എല്ലാ ജനവിഭാഗങ്ങളിലേക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് കെ-ഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇത്തരം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
സ്വകാര്യ കമ്പനികളുടെ കുത്തകയുള്ള ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സേവന രംഗത്തേക്കാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്നൊരു സ്ഥാപനത്തിന്റെ വരവ്. കെഎസ്ഇബിയും കെഎസ്ഐടിഐഎലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് കെഫോണിന്റെ സെന്റര്‍ ഹബ്ബായ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications