'സർക്കാർ ആശുപത്രിയിൽ ചാത്തൻ മരുന്നുകൾ സുലഭം,സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു, അന്വേഷണം വേണം'; വിഡി സതീശൻ
തിരുവനന്തപുരം:സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും സിഎജി റിപ്പോർട്ടിൽ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
26 സർക്കാർ ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്‌തെന്ന സിഎജിറിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഗുണനിലവാര പരിശോധനയിലും ഉണ്ടായത് ഗുരുതര അലംഭാവമാണ് ഉണ്ടായത്.46 മരുന്നുകള്‍ക്ക് ഒരു ഗുണനിലവാരവും പരിശോധിച്ചില്ല. 14 വിതരണക്കാരുടെ ഒറ്റമരുന്നുപോലും പരിശോധിച്ചില്ല. ഏത് ചാത്തന്‍ മരുന്നും നല്‍കുന്ന രീതിയാണ് ഇവിടെ ഉണ്ടായതെന്നും സതീശൻ പറഞ്ഞു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സതീശൻ പറഞ്ഞു.

സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടാണെന്നും പത്രസമ്മേളനത്തിൽ സതീശൻ വിമർശിച്ചു. വിവാദ ഇടപാടിനെ കുറിച്ച് ഇഡി അന്വേഷണം നടത്തിയിട്ടുണ്ടോയെന്നത് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
'സേവനങ്ങളൊന്നും നൽകാതെയാണ് മാസപ്പടി വാങ്ങിയത്. ഞങ്ങൾക്ക് സർവ്വീസൊന്നും കിട്ടിയിട്ടില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിഎംആർഎല്ലിന് ആവശ്യമായ സോഫ്റ്റ്വെയർ സൊല്യൂഷനല്ല എക്സാലോജിക് നൽകുന്നത്. രണ്ടും വ്യത്യസ്തമാണ്. വേണമെന്ന് വിചാരിച്ചാൽ പോലും എക്സാലോജികിന് സേവനം നൽകാനാകില്ല. സേവനം നൽകാത്തത് കൊണ്ടുതന്നെ കൊടുത്ത പണം കള്ളപ്പണമാണ്. അത് നിയമപരമാക്കാനാണ് എഗ്രിമെന്റ് വെച്ചത്. ഈ ഇടപാടിനെ കുറിച്ച് ഇഡിയാണ് അന്വേഷിക്കേണ്ടത്. മാസപ്പടി വിവാദത്തിൽ ഇഡി അന്വേഷണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം', സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി സോഷ്യൽമീഡിയ മാനേജ്‌മെന്റ് ഒരു മാസം കൊടുക്കുന്നത് 6.67 ലക്ഷം രൂപയാണെന്നും സതീശൻ പറഞ്ഞു. 'മുഖ്യമന്ത്രി സോഷ്യൽമീഡിയ മാനേജ്‌മെന്റിനായി ഒരു മാസം കൊടുക്കുന്നത് 6.67 ലക്ഷം രൂപയാണ്. എല്ലാ സോഷ്യൽ മീഡിയകളിലുമായി മാസം കുറഞ്ഞത് 20 പോസ്റ്റിടുമായിരിക്കും. അതിനെന്തിനാണ് 6.67 ലക്ഷം രൂപ. എന്തിനാണ് ഇത്രയവും വലിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയ ടീം ലീഡർക്ക് മാസം 75000 ആണ് ശമ്പളം. കണ്ടന്റ് മാനേജർ 70,000, സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ 65,000, സോഷ്യൽ മീഡിയ കോർഡിനേറ്റർ 65,000 , കണ്ടന്റ് മീഡിയ സ്ട്രാറ്റജിസ്റ്റ് 65,000, കമ്പ്യൂട്ടർ അസിസ്റ്റന്റിന് 22,000 തുടങ്ങി 12 പേരെയാണ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനായി നിയമിച്ചിരിക്കുന്നത്. ഒരു വർഷം 80 ലക്ഷത്തോളം രൂപയാണ് വരിക. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ സോഷ്യൽ മീഡിയ ടീമിനെ മുഖ്യമന്ത്രി ഉപയോഗിക്കുന്നുണ്ടോ.ഇതൊക്കെ സർക്കാർ ചെലവിൽ അല്ലേ', അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications