പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു; വേടനുമായി ജ്വല്ലറിയിൽ തെളിവെടുപ്പ് നടത്തി
കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയുമായി വനംവകുപ്പ് തൃശൂരിൽ തെളിവെടുപ്പ് നടത്തി. വേടന്റെ മാലയിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ല് വെള്ളിയിൽ പൊതിഞ്ഞ വിയ്യൂരിലെ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ വേടന്റെ ഫ്ലാറ്റിൽ ഉൾപ്പെടെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വേടനുമാഇ വീട്ടിലും തെളിവെടുപ്പ് നടത്തി.
പ്രാഥമിക പരിശോധനയിൽ മാലയിൽ നിന്ന് കണ്ടെത്തിയ പല്ല് യഥാർത്ഥ പുലപ്പല്ല് തന്നെയാണെന്ന് വനംവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്താനായി പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുള്ള കാത്തിരിപ്പിലാണ് വനംവകുപ്പ്.

അതേ സമയം ഇത് ശരിക്കുമുള്ള പുലിപ്പല്ല് ആണോ എന്ന് തനിക്ക് വ്യക്തമല്ലെന്നും ആരാധകൻ സമ്മാനിച്ചതാണെന്നുമാണ് വേടൻ പറഞ്ഞത്. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന വനം വകുപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയിൽ അനുവദിച്ചത്. വേടന്റെ ജാമ്യാപേക്ഷ മേയ് രണ്ടിന് കോടതി പരിഗണിക്കും.
അതേ സമയം പുലിപ്പല്ലിൽ വെള്ളി കെട്ടിക്കാനായി സമീപിച്ചത് വേടൻ ആയിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. കല്ലിൽ വെള്ളികെട്ടാനാണെന്നാണ് പറഞ്ഞിരുന്നത്. പുലിപ്പല്ലാണ് എന്ന് അറിയില്ലായിരുന്നുവെന്നും ലോക്കറ്റ് തിരികെ വാങ്ങാൻ വന്നവരിൽ വേടനും ഉണ്ടായിരുന്നെന്നും ജ്വല്ലറി ഉടമ പറഞ്ഞു. എന്നാൽ വേടനാണെന്ന് അന്ന് മനസ്സിലായില്ലെന്നാണ് ജ്വല്ലറി ഉടമ പറഞ്ഞത്.
' മുൻപരിചയമില്ല, ആരുടെയോ കെയർ ഓഫിൽ വന്നതാണ്. വേടാനാണെന്ന് എനിക്ക് മനസ്സിലായില്ല. പുലിപ്പല്ലാണെന്ന് മനസ്സിലായിരുന്നില്ല. കല്ലുകെട്ടാനാണ് എന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ശംഖ് കെട്ടുന്നത് പോലെ അമ്പലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്യാറുണ്ടായിരുന്നത്., ' തെളിവെടുപ്പിന് ശേഷം ജ്വല്ലറി ഉടമ പറഞ്ഞു. പരമ്പരാഗതമായി ശംഖ്, മാല എന്നിവ കെട്ടിക്കൊടുക്കുന്ന ജ്വല്ലറിയിൽ എട്ട് മാസം മുമ്പാണ് വേടൻ എത്തി പുലിപ്പല്ല് കൊണ്ടുള്ള ലോക്കറ്റ് നിർമിച്ചത്. രൂപ മാറ്റം ചെയ്യാനായി തനിക്ക് 1000 രൂപയിൽ താഴെയാണ് കൂലി നൽകിയതെന്ന് സന്തോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ ജാമ്യം ലഭിച്ചിരുന്നു. ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാൽ ജാമ്യം ലഭിച്ചികുന്നു. എന്നാൽ മാലയിൽ നിന്ന് പുലി പല്ല് കണ്ടെത്തിയതിന് പിന്നാലെ വനംവകുപ്പ് കേസെടുക്കുകയായിരുന്നു.












Click it and Unblock the Notifications