വില്ലേജ് ഓഫീസ് കത്തിച്ച പ്രതി അറസ്റ്റില്‍; കാരണം വെളിപ്പെടുത്തി
തിരുവനന്തപുരം: ജില്ലയിലെ വെള്ളറട വില്ലേജ് ഓഫിസ് തീയിട്ട ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. വെള്ളറട സ്വദേശിയായ ടാപ്പിങ് തൊഴിലാളി സാംകുട്ടിയാണ് അറസ്റ്റിലായത്. തന്റെ ഭൂമിയുടെ പോക്കുവരവ് ചെയ്യുന്നത് വൈകിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് ഇത്തരമൊരു ആക്രമണത്തിന് സാംകുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന് നല്‍കിയ മൊഴി.
പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മറ്റേതെങ്കിലും സംഭവവുമായി ബന്ധപ്പെട്ടാണോ വില്ലേജ് ഓഫീസ് അക്രമം എന്ന് പരിശോധിച്ചുവരുന്നുണ്ട്. പ്രതിക്ക് ഒറ്റയ്ക്ക് ഇക്കാര്യം ചെയ്യാന്‍ സാധിക്കില്ലെന്നും മറ്റാരെങ്കിലും കൂട്ടിനുണ്ടായിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം.

ഭൂമിയുടെ പോക്കുവരവിനായി സാംകുട്ടി നിരവധി തവണ വില്ലേജ് ഓഫീസില്‍ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. എന്നാല്‍ ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞു മടക്കിയതോടെ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യം വര്‍ധിക്കുകയും ആക്രമണം നടത്താന്‍ പദ്ധതിയിടുകയുമായിരുന്നു. സംഭവം നടന്നശേഷം രക്ഷപ്പെട്ട സാംകുട്ടിയെ അടൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ബൈക്കിലെത്തിയ സാംകുട്ടി ഹെല്‍മറ്റ് ധരിച്ചാണ് വില്ലേജ് ഓഫീസിനുള്ളിലേക്ക് കയറിയത്. തുടര്‍ന്ന് തന്റെ കൈയ്യില്‍ കരുതിയിരുന്ന കടലാസ് പാക്കറ്റ് തീകൊളുത്തി രേഖകള്‍ക്കിടയിലേക്കിടുകയായിരുന്നു. പൊടുന്നനെ തീ പടര്‍ന്നതോടെ പരിഭ്രാന്തരായ ജീവനക്കാര്‍ ടോയ് ലെറ്റില്‍ അഭയം തേടി. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാല്‍ ഗുരുതരാവസഥയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications