ആരെങ്കിലും മരിച്ചാലേ കോണ്‍ഗ്രസ് ജയിക്കൂ... കോടിയേരി വീണ്ടും!
തിരുവനന്തപുരം: അരുവിക്കരയിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിന്റെ വിശദീകരണ മഹാമഹം അവസാനിയ്ക്കുന്നില്ല. വോട്ടുകളുടെ വര്‍ഗ്ഗീയ ധ്രുവീകരണമാണ് തോല്‍വിയ്ക്ക് കാരണം എന്ന് ആദ്യം പറഞ്ഞു, കള്ളും പണവും കൊടുത്ത് വോട്ട് വാങ്ങിയതാണെന്ന് പിന്നെ പറഞ്ഞു. ഇപ്പോഴിതാ കോടിയേരി വേറൊരു കാര്യം കൂടി പറയുന്നു.
അരുവിക്കരയില്‍ യുഡിഎഫ് നേടിയത് ഒറ്റപ്പെട്ട ഒരു വിജയം മാത്രമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടന്ന ഒരു ഉപതിരഞ്ഞെടുപ്പില്‍ പോലും ജയിക്കാനാകാത്ത പാര്‍ട്ടിയാണ് സിപിഎം എന്ന കാര്യം കോടിയേരി മറന്നുപോയോ?

അരുവിക്കര യുഡിഎഫ് മണ്ഡലമാണ്. ഇരുപത് വര്‍ഷത്തിലേറെ ജി കാര്‍ത്തികേയന്‍ പ്രതിനിധീകരിച്ച മണ്ഡലം. ആ കാര്‍ത്തികേയന്റെ മകനായിരുന്നു സ്ഥാനാര്‍ത്ഥി. സഹതാപ തംരഗത്തിലൂടെ നേടിയ താത്കാലിക വിജയം മാത്രമാണിതെന്നാണ് കോടിയേരിയുടെ പക്ഷം.
ആരെങ്കിലും മരിച്ചാലേ കോണ്‍ഗ്രസ് ജയിക്കൂ എന്നും ജി കാര്‍ത്തികേയന്റെ മരണം സംബന്ധിച്ച് കോടിയേരി പറഞ്ഞു. എസ്എഫ്‌ഐ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിയ്ക്കുകയായിരുന്നു കോടിയേരി.
അരുവിക്കര ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിനും എല്‍ഡിഎഫിനും ഉള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി സംവിധാനം പൂര്‍ണതോതില്‍ ഉപയോഗിച്ചിട്ടും വിജയിക്കാനാകാതെ പോയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications