വിഴിഞ്ഞത്ത് നടുറോഡില്‍ യുവാവിനെ തല്ലിക്കൊന്നു, നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് നാടിനെ നടുക്കിയ സംഭവം. തിരുവല്ലം വണ്ടിത്തടം പാലപുരയില്‍ വാടകയ്ക്ക് താമസിക്കുന്ന സുമന്‍ (38) എന്നയാളാണു മരിച്ചത്. സഹോദരങ്ങളായ അച്ചു, അനന്തു എന്നിവര്‍ ചേര്‍ന്നാണ് സുമനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ബാറിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകം.
സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. വിഷു ആഘോഷത്തിനു ശേഷം രാത്രി പതിനൊന്നോടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയിലെ മുക്കോലയിലെ ബാറില്‍ മദ്യപിക്കാനെത്തിയിരുന്നു. ഇവിടെ വെച്ച് ഷാന്‍ എന്ന ചെറുപ്പക്കാരനുമായി സംഘം വാക്കേറ്റമുണ്ടായി.

ഇതില്‍ ഇടപെട്ടയാളാണ് കൊല്ലപ്പെട്ട സുമനെന്നാണ് പൊലീസ് പറയുന്നത്. ബാറില്‍ നിന്ന് തന്നെ സംഘം സുമനെതിരെ തിരിഞ്ഞു. എന്നാല്‍ അവിടെ നിന്ന് പുറത്തേക്കോടിയ സുമനെ പിന്തുടര്‍ന്നെത്തിയ സഹോദരങ്ങളായ യുവാക്കള്‍ നടുറോഡില്‍ വെച്ച് മര്‍ദിക്കുകയുമായിരുന്നു. അതിക്രൂരമായാണ് യുവാവിനെ സംഘം മര്‍ദ്ദിക്കുന്നത് എന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
അച്ചുവും അനന്തുവും സുമന്റെ നെഞ്ചിനും മുഖത്തും ആഞ്ഞ് ചവിട്ടുകയും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തലയ്ക്ക് നിരന്തരം മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കള്‍ പകര്‍ത്തിയ ദൃശ്യവും റോഡില്‍ കൂടി കടന്നു പോയ കാറിലെ ആള്‍ ചിത്രീകരിച്ച ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സുമന്‍ അബോധാവസ്ഥയിലായ ശേഷവും യുവാക്കള്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുമന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫോര്‍ട്ട് അസി. കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രതികളെല്ലാം മദ്യലഹരിയിലായതിനാല്‍ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications