വിഴിഞ്ഞം തുറമുഖ നിർമ്മാണം അടുത്തൊന്നും തീരില്ല? സമയം നീട്ടി നൽകണമെന്ന് അദാനി ഗ്രൂപ്പ്...
1460 ദിവസങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാമെന്നായിരുന്നു അദാനി ഗ്രൂപ്പുമായുള്ള കരാറിൽ പറഞ്ഞിരുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് അദാനി ഗ്രൂപ്പ്. ഓഖി ദുരന്തവും, കാലാവസ്ഥ വ്യതിയാനവും കാരണം മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം നിർമ്മാണം പൂർത്തിയാക്കാനാകില്ലെന്നും, സമയം നീട്ടി നൽകണമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് കത്തും നൽകി.
1460 ദിവസങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാമെന്നായിരുന്നു അദാനി ഗ്രൂപ്പുമായുള്ള കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ നിലവിലെ അവസ്ഥയിൽ കരാറിൽ പറഞ്ഞതുപോലെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. ഓഖി ചുഴലിക്കാറ്റിൽ ഡ്രഡ്ജറുകൾ തകർന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കിയത്. ഇതോടെ തുറമുഖത്തിന്റെ ഡ്രഡ്ജിങ് ജോലികൾ തടസപ്പെട്ടു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിൽ ഇതുവരെ 40 ശതമാനം ഡ്രഡ്ജിങ് ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളു. ഇതിനുപുറമേ പുലിമുട്ട് നിർമ്മാണവും ഇഴഞ്ഞുനീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കരാറുകാരായ അദാനി ഗ്രൂപ്പിന്റെ ആവശ്യ ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് പരിശോധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇവർ പരിശോധന നടത്തി നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും സമയം നീട്ടിനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളു.












Click it and Unblock the Notifications