'മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല'; ജുനൈദിന്റ മരണം ദുരൂഹതയുള്ളതെന്ന് സംവിധായകൻ
തിരുവനന്തപുരം: വ്ലോഗർ ജുനൈദിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ജുനൈദ് നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ ജുനൈദിന് കഴിയില്ലെന്നും അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ചുപോയിരിക്കുന്നതെന്നും മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല, എന്തായാലും അയാൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാതെ അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവർ അടുത്ത ഇരയെ തേടുമെന്നും ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പിൽ സനൽ കുമാർ ശശിധരൻ കുറിച്ചു.

സനൽ കുമാർ ശശിധരൻ പങ്കുവെച്ച കുറിപ്പ്:
വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാൾ മുൻപ് ഒരു ബലാത്സംഗ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിൻ ശ്രദ്ധിച്ചപ്പോൾ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാൾ വലിയ അളവിലുള്ളതാണെന്ന് തോന്നി.
അയാൾ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലിൽ കണ്ടു. അതിൽ പക്ഷെ അയാൾ പറയുന്നത് കേൾപ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാൾ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.
അയാളുടെ വ്ലോഗ് നോക്കാൻ വേണ്ടി കുറേ വാർത്തകൾ തപ്പി. ഒന്നിലും അയാളുടെ മുഴുവൻ പേരില്ല. ഏതാണ് അയാളുടെ വ്ലോഗ് എന്നില്ല. വ്ലോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന് മാത്രം. അയാൾ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല. എന്തായാലും അയാൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാതെ അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവർ അടുത്ത ഇരയെ തേടും.
ഇന്നലെ വൈകീട്ട് 5. 20 ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. മഞ്ചേരി തൃത്തലങ്ങോട് മരത്താണ് വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത് എന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് ആളുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജുനൈദിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications