'തലയ്‌ക്ക് അടിയേറ്റ് ഞാന്‍ എന്തെങ്കിലും ആയിപ്പോയ മെഹ്നു എന്താക്കും';റിഫയെ മര്‍ദിച്ചതിന് വീഡിയോ തെളിവ്
കോഴിക്കോട്: ദുബായിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഭര്‍ത്താവ് മെഹ്നാസ് മർദിച്ചന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. റിഫയ്ക്കും മെഹ്നാസിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന ജംഷാദ് റെക്കോര്‍ഡ് ചെയ്ത സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. മര്‍ദനത്തെപ്പറ്റി റിഫ ജംഷാദിനോട് പറയുന്ന സംഭാഷണം വീഡിയോയില്‍ വ്യക്തമാണ്. റിഫ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ജംഷാദാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്‌തത്.
തന്നെ മര്‍ദിക്കുന്നതിനെക്കുറിച്ചുള്ള പരാതികളാണ് റിഫ പറയുന്നത്. ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാന്‍ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും'
സംഭാഷണത്തില്‍ റിഫ പറയുന്നു. പിടിച്ചിട്ട് കൊണ്ടുപോയി ഇടിച്ചതാണെന്നും നിലത്തിട്ട് ഉരുട്ടിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തല ഇപ്പോള്‍ അങ്ങനെ മുഴച്ചതാണോ എന്ന ചോദ്യത്തിന് 'പിന്നേ ഇതിപ്പൊ കട്ടിലിന് കൊണ്ട് പോയി ഇടിച്ചിട്ട് മുഴച്ചതല്ലേ' എന്നാണ് റിഫയുടെ മറുപടി.

എന്ത് വഴക്കുണ്ടാക്കിയാലും നിനക്ക് അവനെ പിരിഞ്ഞ് ജീവിക്കാനാകുമോ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് തല്ലി പ്രതികാരം ചെയ്യാൻ പറ്റില്ലന്നാണ് റിഫയുടെ മറുപടി. അതേസമയം വീഡിയോ ക്ലിപ്പ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പി. റഫ്ത്താസ് പറഞ്ഞു.
കുറ്റം തെളിയിക്കുന്നതിന് വിഡിയോ നിര്‍ണായക തെളിവാകുമെന്നും അഭിഭാഷകൻ പറഞ്ഞു. ഈ മാസം 29-നാണ് കേസിലെ വിധി.

മാര്‍ച്ച് ഒന്നാം തീയതിയാണ് വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചു.

തുടര്‍ന്ന് കുടുംബത്തിന്‍റെ ആവശ്യപ്രകാരം മേയ് 7ന് റിഫയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തു. സബ് കളക്ടര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം വീണ്ടും പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു.

പള്ളി പരിസരത്തുവെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള പ്രത്യേക സൗകര്യങ്ങള്‍ അധികൃതര്‍ നേരത്തെ ഒരുക്കിയിരുന്നു. എന്നാല്‍ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് റിഫ മെഹ്‍നുവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്‌ക്കുന്നു എന്നായിരുന്നു നിഗമനം

ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരില്‍നിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളില്‍ സംസാരിച്ചിരുന്നു. മൂന്നുവര്‍ഷംമുമ്പ് ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവവുമായിരുന്നു.
പ്രിയപ്പെട്ടവളുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ച് അപര്‍ണ; രണ്ട് പേരും എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications