നേതാക്കൾക്ക് തങ്ങൾ കറിവേപ്പില ആയി പോയെന്ന പ്രതീതി ഉണ്ടാകാൻ പാടില്ല;വിമർശനവുമായി എൻ സുബ്രമണ്യൻ
തിരുവനന്തപുരം; കെ പി സി സി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മുതിർന്ന നേതാവും മുൻ കെ പി സി സി അധ്യക്ഷനുമായ വിഎം സുധീരൻ കെപുസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചത് കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.അതേസമയംകോൺഗ്രസ് പാർട്ടി ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വി എം സുധീരനെ പോലുള്ള മുതിർന്ന നേതാക്കന്മാർ കളം വിട്ടൊഴിയുന്നത് ഒട്ടും ആരോഗ്യകരമല്ലെന്ന് പറയുകയാണ് കോൺഗ്രസ് നേതാവ് എൻ സുബ്രമണ്യൻ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'കോൺഗ്രസ് പാർട്ടി ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വി എം സുധീരനെ പോലുള്ള മുതിർന്ന നേതാക്കന്മാർ കളം വിട്ടൊഴിയുന്നത് ഒട്ടും ആരോഗ്യകരമല്ല. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നു അദ്ദേഹം രാജി വെച്ചത് തീർത്തും നിർഭാഗ്യകരമാണ്. അനാരോഗ്യമാണ് അദ്ദേഹം കാരണമായി പറയുന്നതെങ്കിലും പാർട്ടി പുനഃസംഘടന അടക്കം വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നു മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ ഇത്തരത്തിലൊരു പ്രചരണം പാർട്ടിക്ക് ദോഷകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും അതിനു ശേഷവുമായി സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന പത്തോളം നേതാക്കൾ പാർട്ടി വിട്ടു പോയിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിമാരെ പോലെ ഉയർന്ന തസ്തിക വഹിച്ചിരുന്നവരാണ് അവരിൽ ചിലരെങ്കിലും. സീ പിഎമ്മിലേക്കാണ് അവരിൽ ഭൂരിഭാഗവും പോയത്. പോകുന്നവരൊക്കെ പോകട്ടെ എന്ന സമീപനമല്ല ഇവരുടെ കാര്യത്തിൽ സ്വീകരിക്കേണ്ടത്. ദീർഘ കാലം കോൺഗ്രസ് കൊടി പിടിച്ചവർ പൊടുന്നനെ അതുപേക്ഷിച്ചു സിപിഎം പാളയത്തിലേക്കു പോകുന്നതിനെ അതീവ ഗൗരവത്തോടെ കാണാനും ഏതു വിധേനയും തടയാനുമാണ് നേതൃത്വം ശ്രമിക്കേണ്ടത്.
Recommended Video

പാർട്ടിക്ക് വേണ്ടി ദീർഘകാലം കഠിനാധ്വാനം ചെയ്തവർക്കു പൊടുന്നനെ തങ്ങൾ കറിവേപ്പില ആയി എന്ന പ്രതീതി ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല. വി എം സുധീരനെ പോലുള്ളവർ രാഷ്ട്രീയത്തിന് അതീതമായ വ്യക്തിത്വം ഉള്ളവരും പൊതുസമൂഹത്തിൽ സ്വീകാര്യത നിലനിർത്തുന്നവരുമാണ്. . അവരെയൊക്കെ ചേർത്തു പിടിച്ചാണ് പാർട്ടി മുന്നോട്ടു പോകേണ്ടത്', ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സുബ്രമണ്യൻ പറഞ്ഞു.
അതേസമയം വിഎം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നായിരുന്നു രാജിയ്ക്ക് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്.












Click it and Unblock the Notifications