വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനില്ല; സിപിഎം മതാചാരങ്ങള്‍ക്കെതിരല്ലെന്ന് വാസവന്‍
കൊച്ചി: മതപരമായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സിപിഎം ഒരിക്കലും എതിരല്ലെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്സപ്രസിന്റെ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വി എന്‍ വാസവന്‍.
അതേസമയം വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിപിഎം ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നും എന്ന് കരുതി ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു നടപടിയും പാര്‍ട്ടി സ്വീകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തീര്‍ഥാടനം ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചുകൊണ്ടായിരിക്കണം എന്നതാണ് പാര്‍ട്ടി നിലപാട്.

ആ നിലപാടില്‍ പാര്‍ട്ടി എന്നും ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിശ്വാസത്തെ എവിടെയെങ്കിലും ഹനിക്കുന്ന ഒരു സമീപനം സിപിഎമ്മിനില്ല. ഏതെങ്കിലും ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഏതെങ്കിലും സ്ഥലത്ത് നിഷേധിക്കുകയോ അവിടെ ക്ഷീണം വരുത്തുകയോ ചെയ്യില്ല. അത് എല്ലാക്കാലത്തും ജാഗ്രതാപൂര്‍ണമായി ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തിലും നിലപാടില്‍ മാറ്റമില്ല. സുപ്രീം കോടതി ഉത്തരവിനോട് ഏറെ യോജിച്ചതാണ് ഇപ്പോഴും തങ്ങളുടെ നിലപാട് എന്നും ആ വിഷയം സുപ്രീം കോടതിയുടെ മുന്നിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് സംബന്ധിച്ച അന്തിമ വിധിക്കായി കാത്തിരിക്കാം. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണം എന്നതില്‍ സിപിഎമ്മോ സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ല എന്നും വാസവന്‍ വ്യക്തമാക്കി.
കോടതി വിധി പ്രകാരം പടവുകള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണ്. സന്നിധാനത്ത് വിന്യസിച്ചിരിക്കുന്ന പൊലീസ് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അത് ശ്രമകരമായ ജോലിയാണ്. 10 ദിവസത്തെ സന്നിധാനത്തെ പ്രയത്നത്തിനൊടുവില്‍ 18-ാം പടിയില്‍ നിന്ന് ഒരു ഫോട്ടോ വേണമെന്ന് അവര്‍ക്ക് തോന്നിയത് സ്വാഭാവികമാണെങ്കിലും ആചാരങ്ങള്‍ക്ക് എതിരാണെന്ന് കോടതി പറയുമ്പോള്‍ നടപടിയെടുക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്നും തന്ത്രി തന്നെ ഇക്കാര്യം സമ്മതിച്ചതാണ് എന്നും വാസവന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ജൂലൈയില്‍ തന്നെ ആരംഭിച്ചു. വേണ്ട നടപടികളെല്ലാം സമയബന്ധിതമായി നടപ്പാക്കി.
അതാണ് കാര്യമായ പരാതികളില്ലാത്ത തരത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് വഴിയൊരുക്കുന്നത്. ശബരിമലയിലെ സൗകര്യങ്ങളോടും സംവിധാനങ്ങളോടും എന്‍എസ്എസും പരസ്യമായി അഭിനന്ദിച്ചു. അയ്യപ്പസേവാസംഘം പോലുള്ള മറ്റ് സംഘടനകളും ഇതിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പൊലീസ്, ആരോഗ്യ വകുപ്പ്, ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ വിജയത്തിന് കാരണം.












Click it and Unblock the Notifications