കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘടനാ റിപ്പോര്‍ട്ടിന് വിഎസിന്‍റെ ബദല്‍... ഇത് വിഎസ് തയ്യാറാക്കിയ കുറ്റപത്രം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഫെബ്രുവരി 20 ന് ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങും. എന്നാല്‍ സസംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന സംഘടന റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തേയും സംസ്ഥാന സെക്രട്ടറിയേയും വഴിവിട്ട് ന്യായീകരിക്കാന്‍ മാത്രമുള്ളതാണെന്ന് പറഞ്ഞ് വിഎസ് അച്യുതാനന്ദന്‍ ബദല്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് വാര്‍ത്തകള്‍. മലയാള മനോരമ പത്രം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്. പിണറായി വിജയനെതിരെയുള്ള കുറ്റപത്രത്തിന് സമാനമാണ് വിഎസിന്‍റെ ബദല്‍ റിപ്പോര്‍ട്ട്. അതിന്‍റെ പൂര്‍ണരൂപം....

VS Achuthanandan

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ട് കഴിഞ്ഞ സമ്മേളനത്തിനുശേഷമുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ വസ്തുതാപരവും സ്വയം വിമര്‍ശനപരവുമായ വിലയിരുത്തലായിരിക്കണം. സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന സെക്രട്ടറിയെയും വഴിവിട്ടു ന്യായീകരിക്കാന്‍ മാത്രമുദ്ദേശിച്ചു രൂപകല്‍പന ചെയ്തതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

1. ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകവും തുടര്‍ന്നുള്ള കോടതിവിധിയുമാണ് കഴിഞ്ഞ സമ്മേളനത്തിനുശേഷം പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ ഉലച്ചത്. ഒരു മധ്യവയസ്കനാണു കൊലചെയ്യപ്പെട്ടത്. അയാള്‍ തന്റെ 52 വയസ്സിലെ 40 വര്‍ഷവും നമുക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പാര്‍ട്ടിയിലും ധൈര്യശാലിയായി, സജീവമായി പ്രവര്‍ത്തിച്ച സഖാവാണ്. പാര്‍ട്ടിയുടെ തെറ്റായ സമീപനത്തെ എതിര്‍ത്തതിനാണു ചന്ദ്രശേഖരന്‍ പുറത്താക്കപ്പെട്ടത്. ഈ ബോധ്യത്താലാണ് ഒഞ്ചിയത്തും ചുറ്റുപാടുമുള്ള നമ്മുടെ സഖാക്കള്‍ ചന്ദ്രശേഖരനൊപ്പം ചേര്‍ന്നതും ആര്‍എംപി എന്ന സംഘടനയുണ്ടാക്കിയതും.

VS Achuthanandan

ഈ സംഘടന ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളില്‍ നമ്മുടെ പാര്‍ട്ടിക്കു കനത്ത വെല്ലുവിളിയായി. ഇവരൊക്കെ നല്ല സഖാക്കളാണെന്നും മടക്കിക്കൊണ്ടുവരണമെന്നും പറഞ്ഞതും അതിനു മുന്‍കൈയെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടതും സഖാവു വിജയന്‍ തന്നെയാണ്. അതനുസരിച്ച് ഞാന്‍ ഒഞ്ചിയത്തുപോയി, അവരോടു പാര്‍ട്ടിയിലേക്കു മടങ്ങാന്‍ അഭ്യര്‍ഥിച്ചു. മടങ്ങാന്‍ അവര്‍ സന്നദ്ധത അറിയിച്ചു. മാധ്യമങ്ങള്‍ ഇതു വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ഈ ഘട്ടത്തിലാണ്, 'ആരെ കുലംകുത്തികളെന്നു വിശേഷിപ്പിച്ചോ അവര്‍ പാര്‍ട്ടിയിലേക്കു മടങ്ങാമെന്നും ഇടം നേടാമെന്നും കരുതേണ്ട എന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ പ്രസ്താവന നടത്തിയത്. ഇവിടെ സെക്രട്ടറിയുടെ മനസ്സിലുണ്ടായിരുന്നതു പാര്‍ട്ടിയുടെ താല്‍പര്യമല്ല, തരംതാണ വ്യക്തിവൈരാഗ്യമാണ്. അപ്പോള്‍തന്നെ പാര്‍ട്ടി സെക്രട്ടറിയുടെ ഈ തെറ്റായ നിലപാട് പാര്‍ട്ടി നേതൃത്വം തിരുത്തണമായിരുന്നു. അതുണ്ടായില്ല.

TP Chandrasekharan

നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്തുതന്നെ ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഡാലോചന നടക്കുന്നതായി സൂചിപ്പിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവസാനം, 2012 മേയ് നാലിനു ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു. വര്‍ഷങ്ങളായി പല സംഘങ്ങളുടെ ശ്രമങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കുമൊടുവിലാണ് ഈ കൊല. ഇത്തരം ക്രൂരമായ കശാപ്പ് തീര്‍ത്തും അപൂര്‍വമാണെന്നു കോടതി വിധിയില്‍ തലയിലെ മുറിവുകളുടെ എണ്ണവും ആഴവും സംബന്ധിച്ചുള്ള വിവരണത്തില്‍നിന്നു വ്യക്തമാവും. പതിമൂന്നാം പ്രതി കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടിലാണു ചന്ദ്രശേഖരനെ വധിക്കാന്‍ 2012 ഏപ്രില്‍ 20നു ഗൂഢാലോചന നടന്നതെന്നും 10-ാം പ്രതി കെ.സി. രാമചന്ദ്രനും ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും കോടതിവിധിയില്‍ പറയുന്നു.

ഈ ഗുഢാലോചനയാണു രാമചന്ദ്രനെതിരെ തെളിഞ്ഞ കുറ്റം. എന്നാല്‍, കുഞ്ഞനന്തന്റെയും മനോജന്റെയും കേസുകള്‍ വ്യത്യസ്തമാണ്. വാടകക്കൊലയാളികളുമായി 11-ാം പ്രതി മനോജനും കുഞ്ഞനന്തനും സ്ഥിര സമ്പര്‍ക്കത്തിലായിരുന്നുവെന്നു വിധിന്യായത്തിന്റെ 532-ാം ഖണ്ഡികയില്‍ പറയുന്നു. 529, 530 ഖണ്ഡികകളില്‍ പറയുന്നത് വധത്തിനു പിന്നിലെ കാരണമാണ്. വാടക്കൊലയാളികള്‍ക്കു ചന്ദ്രശേഖരനോടു പകയോ വെറുപ്പോ ഉണ്ടായിരുന്നില്ലെന്ന് വിധിന്യായം പറയുന്നു. അവര്‍ക്കു നേരത്തേ ചന്ദ്രശേഖരനെ അറിയുകപോലുമില്ലായിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ വൈരമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിധി വ്യക്തമാക്കുന്നത്.

CPM Flag

ഏഴു വാടകക്കൊലയാളികള്‍ക്കൊപ്പം നമ്മുടെ പാര്‍ട്ടി അംഗങ്ങളായ മുന്നുപേര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. പാര്‍ട്ടിക്കു പങ്കില്ലെന്നു നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതേസമയം ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ കുഞ്ഞനന്തനെ പാര്‍ട്ടി സെക്രട്ടറി ന്യായീകരിക്കുകയും ചെയ്യുന്നു. കുഞ്ഞനന്തന്റെ സന്ദേശം പാനൂര്‍ ഏരിയ സമ്മേളനത്തില്‍ വായിച്ചു. കുഞ്ഞനന്തനെ പാനൂര്‍ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. പാര്‍ട്ടിയെ ദുഷിപ്പിക്കുകയും തീവ്ര വലതു രീതിയിലുള്ള ഉന്മൂലനത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരെ പുറത്താക്കി പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനുപകരം ഇവറ്റകളെ സംരക്ഷിക്കാനാണു പാര്‍ട്ടി നേതൃത്വം അകമഴിഞ്ഞു ശ്രമിച്ചത്. ഇത്തരം ചെയ്തികള്‍ പാര്‍ട്ടിയെ ഗുരുതര പ്രശ്നത്തിലാക്കുന്നു.

പാര്‍ട്ടി പ്രതിരോധത്തിലാകുന്നതിന് എന്നെ പഴിചാരുന്നതു വസ്തുതകളില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. കൊലപാതകവുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നാണു ജനറല്‍ സെക്രട്ടറി നിലപാടെടുത്തത്. തല്‍ഫലമായി, കെ.സി. രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. അത്രയെങ്കിലും സംഭവിച്ചതു വലിയ കാര്യം. എന്നാല്‍, പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടശേഷവും പൊളിറ്റ് ബ്യൂറോ അംഗങ്ങളുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ രാമചന്ദ്രനെ സന്ദര്‍ശിച്ചു. ഇതു തെറ്റായ സന്ദേശമാണു നല്‍കിയത്. പാര്‍ട്ടി കുറ്റക്കാരനെന്നു കണ്ടെത്തിയ കൊലപാതകിയെ നേതാക്കള്‍ സന്ദര്‍ശിച്ചത് തെറ്റായിപ്പോയെന്നു റിപ്പോര്‍ട്ടില്‍ പറയണം.

രാമചന്ദ്രനെക്കാള്‍ കുഞ്ഞനന്തനും മനോജനുമാണു കൂടുതല്‍ തെറ്റുകാരെനന്നും കുറ്റത്തില്‍ കൂടുതല്‍ പങ്കുകാരെന്നും സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. അതിനുശേഷവും പാര്‍ട്ടി സെക്രട്ടറി കുഞ്ഞനന്തനെയും മനോജനെയും ന്യായീകരിക്കാന്‍ നിര്‍ബന്ധിതനാകുന്നതിന്റെ സാഹചര്യം പരിശോധിക്കപ്പെടണം. കുഞ്ഞനന്തനും മനോജനും വായ തുറക്കുമെന്നു ഭയന്നിട്ടല്ലേ ഇപ്പോഴും അദ്ദേഹം ഇത്തരമൊരു നിലപാടെടുക്കുന്നത്? ഇത്തരമൊരു നിലപാടിന്റെ ഫലമായി പാര്‍ട്ടിക്കുണ്ടായ കോട്ടം ചെറുതല്ലെന്നതു തിരിച്ചറിയണം. ഉടനെ ഈ അംഗങ്ങളെ പുറത്താക്കി പാര്‍ട്ടിയുടെ നിലപാടു തിരുത്തണം.

നമ്മുടെ കൂടെ പാര്‍ട്ടി സഖാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചശേഷം പാര്‍ട്ടിവിരുദ്ധമായ നിലപാടെടുക്കുന്നവരെ വേട്ടയാടി വകവരുത്തുകയെന്നത് നമ്മുടെ പാര്‍ട്ടിയുടെ നയമാണോയെന്നു പരിശോധിക്കണം. ജനം ഒരുകാലത്തും ഈ ഫാസിസ്റ്റ് മനോഭാവം അംഗീകരിക്കില്ല. പാര്‍ട്ടിയില്‍നിന്നു പുറത്തുപോകുന്നവര്‍ വകവരുത്തപ്പെടാന്‍ യോഗ്യരെന്ന രീതിയില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ നമ്മള്‍ ഗൌരവത്തില്‍ പരിശോധിക്കേണ്ടതുണ്ട്. അത്തരം രീതികള്‍ക്കും ജല്‍പനങ്ങള്‍ക്കുമെതിരെ പാര്‍ട്ടി ശക്തമായ നിലപാടെടുക്കണം. ഈ കേസില്‍ അത്തരത്തിലൊന്നും സംഭവിച്ചില്ലെന്നു നമ്മള്‍ റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനപരമായി വ്യക്തമാക്കണം.

Pinarayi Vijayan

2. പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കുകയും ദേശീയ തലത്തില്‍ ഇടതു ജനാധിപത്യമുന്നണി രൂപീകരിക്കുകയുമാണു നമ്മുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ അടവുനയ രേഖ പറയുന്നു. അതിനു കരുത്തുപകരേണ്ടതു ബംഗാള്‍, ത്രിപുര, കേരളം എന്നിങ്ങനെ പാര്‍ട്ടി ശക്തമായിട്ടുള്ള സംസ്ഥാനങ്ങളാണ്. എന്നാല്‍, കേരളത്തിലെ പാര്‍ട്ടി നേതൃത്വവും അവരുടെ അഹങ്കാരവും സംസ്ഥാനത്തെ ഇടതു ജനാധിപത്യ മുന്നണിയെ വിഘടിപ്പിക്കുകയാണ്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നമുക്ക് 20ല്‍ 18 സീറ്റ് കിട്ടി. അന്നത്തെ എല്‍ഡിഎഫില്‍ സിപിഐയും ആര്‍എസ്പിയും വീരേന്ദ്രകുമാര്‍ നയിച്ച ജനതാ ദളും സിപിഎമ്മുമാണ് ഉണ്ടായിരുന്നത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നമ്മുടെ സീറ്റ് ഇരുപതില്‍ നാല് ആയി. സംസ്ഥാന നേതൃത്വത്തിന്റെ അഹങ്കാരമാണ് ഈ തിരിച്ചടിക്കു കാരണമായത്. തല്‍ഫലമായി വീരേന്ദ്രകുമാറിന്റെ ജനതാ ദള്‍, എല്‍ഡിഎഫ് വിട്ടു. പൊന്നാനി സീറ്റു പിടിച്ചെടുത്ത് അബ്ദുല്‍ നാസര്‍ മഅദനി നിര്‍ദേശിച്ച ആര്‍ക്കോ നല്‍കാനായി നമ്മള്‍ സിപിഐയുമായി വഴക്കടിച്ചു.

ഒരു ഘട്ടത്തില്‍, മുന്നണി വിടുമെന്നുവരെ അന്നത്തെ സിപിഐ സെക്രട്ടറി സഖാവ് വെളിയം ഭാര്‍ഗവന്‍ ഭീഷണിപ്പെടുത്തി. പ്രചാരണകാലത്തു മഅദനിയുമായി വേദി പങ്കിട്ടു - ഇതെല്ലാം ചേര്‍ന്നാണ് ഇരുപതില്‍ നാലു സീറ്റെന്ന സ്ഥിതിയെത്തിച്ചത്. അന്നുതന്നെ ഇക്കാര്യമെല്ലാം ഞാന്‍ കേന്ദ്ര നേതൃത്വത്തിന് എഴുതിയതാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോള്‍ ആര്‍എസ്പിയും എല്‍ഡിഎഫ് വിട്ടു. ആര്‍എസ്പിയെ സീറ്റ് ചര്‍ച്ചയ്ക്കു ക്ഷണിച്ചതാണെന്നും അവരതിനു കാത്തുനില്‍ക്കാതെ വിട്ടുപോയി എല്‍ഡിഎഫിനെ വഞ്ചിച്ചെന്നുമാണു സംസ്ഥാന സെക്രട്ടറിയുടെ ന്യായീകരണം. ഇതു വസ്തുതാപരമായി ശരിയാണോയെന്നു നമ്മള്‍ പരിശോധിക്കണം. ആര്‍എസ്പിയുമായുള്ള യോഗത്തിനും, നമ്മുടെ സ്ഥാനാര്‍ഥികളെ പാര്‍ട്ടി ഒൌദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുംമുന്‍പ് എം.എ. ബേബിയുടെ ചിത്രംവച്ചുള്ള പോസ്റ്ററുകള്‍ കൊല്ലം മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടതെങ്ങനെ? സ്ഥാനാര്‍ഥികളെ ഒൌദ്യോഗികമായി പ്രഖ്യാപിക്കുന്നതുമുന്‍പു പത്തനംതിട്ടയില്‍ പീലിപ്പോസ് തോമസിന്റെ പ്രചാരണം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ആനന്ദന്റെ ഈ നടപടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലായിരുന്നോ? നമ്മുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയും ഏകപക്ഷീയമായി നമ്മുടെ സ്ഥാനാര്‍ഥികളുടെ പ്രചാരണം തുടങ്ങുകയും ചെയ്തശേഷം, ആര്‍എസ്പിയെ സീറ്റ് ചര്‍ച്ചയ്ക്കു ക്ഷണിച്ചതാണെന്ന വാദത്തിന്റെ അര്‍ഥമെന്ത്? രണ്ട് അസംബ്ളി സീറ്റു മാത്രമുള്ള പാര്‍ട്ടിക്കെങ്ങനെ ഒരു പാര്‍ലമെന്റ് സീറ്റ് ചോദിക്കാനാവുമെന്നതാണു പാര്‍ട്ടി സെക്രട്ടറി ഇപ്പോള്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. ആര്‍എസ്പിയെ അവഗണിച്ച് എഐസിസി അംഗം പീലിപ്പോസ് തോമസിനു സീറ്റ് നല്‍കിയപ്പോള്‍ അദ്ദേഹത്തിന് എത്ര സീറ്റുണ്ടായിരുന്നു?

ആര്‍എസ്പി നാല് അസംബ്ളി സീറ്റുകളില്‍ മല്‍സരിച്ചിരുന്നു. ആര്‍എസ്്പിക്കു നാല് അസംബ്ളി സീറ്റീല്‍ മല്‍സരിക്കാനുള്ള കരുത്തുണ്ടെന്നു നമ്മള്‍ സമ്മതിച്ചിരുന്നു എന്നുകൂടി അതിനര്‍ഥമുണ്ട്. നമ്മള്‍ അവരുമായി ചര്‍ച്ചയ്ക്കുപോലും തയ്യാറല്ലെന്ന നിലപാടാണു പാര്‍ട്ടി സെക്രട്ടറിക്കുള്ളത്. പാര്‍ട്ടി സഖാക്കളോടു കാട്ടുന്ന സ്വേച്ഛാധിപത്യസമീപനവും അഹങ്കാരവുമാണു സഖ്യകക്ഷികളോടും കാട്ടുന്നത്. ഇതാണു സംസ്ഥാനത്തെ ഇടതു മുന്നണിയെ വിഘടിപ്പിക്കുന്നത്. ഈ അഹങ്കാരവും വലതുപക്ഷ വ്യതിയാനവും ചേര്‍ന്നാണു സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ക്കുന്നത്. മഅദനിയുമായി കൂട്ടുകൂടുക, മുസ്ലിം ലീഗുമായി 'തന്ത്രപരമായ സഖ്യമുണ്ടാക്കുക, കെ. കരുണാകരന്റെ ഡിഐസി(കെ)യുമായി സഖ്യത്തിനു ശ്രമിക്കുക, നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്കു ക്ഷണിക്കുക തുടങ്ങിയവയും ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമൊക്കെ സംസ്ഥാന നേതൃത്വത്തിന്റെ റിവിഷനിസ്റ്റ് രീതിയുടെ ഉദാഹരണങ്ങളാണ്.

പത്തനംതിട്ട സീറ്റ് ആര്‍എസ്പിക്കു നല്‍കിയിരുന്നെങ്കില്‍ നമുക്കു കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ എന്നിങ്ങനെ നാലു മണ്ഡലങ്ങള്‍ക്കൂടി ജയിക്കാമായിരുന്നു. ഒരു പിബി അംഗത്തിന്റെ പരാജയം ഒഴിവാക്കാനുമാവുമായിരുന്നു. ആര്‍എസ്പിയുമായി ചര്‍ച്ചപോലും നടത്താതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച നമ്മുടെ നടപടി തെറ്റാണ്. ഇടതു ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനു പകരം ഇടതു പാര്‍ട്ടികളെ ഒന്നൊന്നായി മുന്നണി വിടാന്‍ നിര്‍ബന്ധിച്ച് അതിലൂടെയുണ്ടാകുന്ന വിടവ് വലതുപക്ഷക്കാരെയും അഴിമതിക്കാരെയും വര്‍ഗീയ പാര്‍ട്ടികളെയുംകൊണ്ടു നികത്തുകയാണു നമ്മള്‍ ചെയ്യുന്നത്. അത്രത്തോളമായിരിക്കുന്നു സംസ്ഥാന നേതൃത്വത്തിന്റെ വലതുപക്ഷ വ്യതിയാനം. ഇതു സ്വയം വിമര്‍ശനത്തിലൂടെ സമ്മതിക്കണം, ജനതാദള്‍, ആര്‍എസ്പി പോലെയുള്ള പാര്‍ട്ടികളെ മടക്കിക്കൊണ്ടുവരാന്‍ നടപടിയെടുക്കണം. ഇക്കാര്യങ്ങളെല്ലാം സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

3. എല്‍ഡിഎഫ് അധികാരത്തിലേക്കു മടങ്ങുന്നെന്ന സൂചനയാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും പ്രചാരണവും വ്യക്തമാക്കിയത്. പ്രചാരണം അവസാനിക്കാറായി, എല്‍ഡിഎഫ് അധികാരത്തിലേക്കു മടങ്ങുമെന്ന സൂചനയായി, അപ്പോഴാണു പ്രചാരണത്തിനുള്ള ഫ്ലെക്സ് ബോര്‍ഡുകളില്‍ എന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് ഇടതുപക്ഷ സ്ഥാനാര്‍ഥികളെ ചോദ്യംചെയ്തുകൊണ്ടു സംസ്ഥാന സെക്രട്ടറി ഒരു വിവാദം തുടങ്ങിവച്ചത്. ഈ പ്രസ്താവന അനാവശ്യമായിരുന്നു, തീര്‍ത്തും അനവസരത്തിലായിരുന്നു, പാര്‍ട്ടിക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പവുമുണ്ടാക്കി. അത്തരം ഫ്ലെക്സ് ബോര്‍ഡുകള്‍ പുതുമയുള്ള കാര്യമല്ലെന്നു ബംഗാളിലെ പ്രചാരണം ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി തന്നെ പിന്നീടു വിശദീകരിച്ചു. സെക്രട്ടറിയുടെ പ്രസ്താവനയും അതിനു കൊടുക്കേണ്ടി വന്ന വിലയും വിമര്‍ശനാത്മകമായി പരിശോധിക്കണം. തൃശൂരും തിരുവനന്തപുരത്തും സ്ഥാനാര്‍ഥിനിര്‍ണയിത്തിലുണ്ടായ പിഴവും നേരിയ വ്യത്യാസത്തിനു ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കി.

4. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാരിനെതിരെ നമ്മള്‍ ഇൌയിടെ പ്രഖ്യാപിച്ചതും നടത്തിയതുമായ സമരങ്ങള്‍ നമ്മുടെ സംഘടനാപരമായ പിഴവിനു മികച്ച ഉദാഹരണങ്ങളാണ്. സോളര്‍ വിവാദത്തിനെതിരായ സമരമെടുക്കാം: നമ്മള്‍ സമരം തുടങ്ങുന്നതിനു വളരെ മുന്‍പുതന്നെ സര്‍ക്കാര്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചു - ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാം, മുഖ്യമന്ത്രി രാജിവയ്ക്കില്ല. ഈ നിര്‍ദേശം തള്ളിയ നമ്മള്‍ സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.

അപ്പോള്‍, ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് നമ്മുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായതുകൊണ്ടാണു സമരം പിന്‍വലിച്ചതെന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. സമരം പിന്‍വലിച്ചതിന്റെ കാരണമിതാണെന്നു ജില്ലാ സമ്മേളനങ്ങളില്‍ സഖാക്കളുടെ ചോദ്യത്തിനു മറുപടി നല്‍കുന്നത് വസ്തുതാപരമായി തെറ്റാണ്, സഖാക്കളെ തെറ്റിദ്ധരിപ്പിക്കലുമാണ്. സമരം ഉദ്ഘാടനം ചെയ്യാന്‍ നാല് ഇടതു പാര്‍ട്ടികളുടെ ജനറല്‍ സെക്രട്ടറിമാര്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി രാജിവച്ചാലേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് അവര്‍ പ്രഖ്യാപിച്ചു. അവര്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തുംമുന്‍പേ സമരം പിന്‍വലിച്ചു.

ലക്ഷ്യങ്ങളൊന്നും നേടാതെ സമരമവസാനിപ്പിച്ചു എന്ന വസ്തുതയെക്കുറിച്ചു മാത്രമല്ല വിമര്‍ശനമുള്ളത്. സമരം നടത്തിയ രീതിയും പരിശോധിക്കേണ്ടതുണ്ട്. സെക്രട്ടേറിയറ്റ് ഉപരോധിക്കാനാണു പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍, ഒരു ഗേറ്റ് - കന്റോണ്‍മെന്റ് ഗേറ്റ് - തുറന്നിടണമെന്ന് ആരോ തീരുമാനിച്ചു. ആരാണ് ആ തീരുമാനമെടുത്തത്? പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ എല്ലാ അംഗങ്ങളും നഗരത്തിലുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി സെക്രട്ടേറിയറ്റ് പോലും ചേരാതെയാണു സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്തിനായിരുന്നു ഈ തിടുക്കം? സമരം പിന്‍വലിച്ചതായി തന്നെ അറിയിച്ച പത്രപ്രവര്‍ത്തകരോടു സഖാവ് തോമസ് ഐസക് ആക്ഷേപഹാസ്യത്തില്‍ പ്രതികരിച്ചത്, 'പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്നാണ്. ഇതു തല്‍സമയം സംപ്രേഷണം ചെയ്യപ്പെട്ടു, പാര്‍ട്ടിക്കാരും അഭ്യുദയകാംഷികളും കണ്ടു. കൂടിയാലോചനയില്ലാതെയുള്ള ഇത്തരം തീരുമാനങ്ങള്‍ക്ക് 'ആമേന്‍ പറയുക എന്നതാണു പാര്‍ട്ടി സെക്രട്ടറി ഉദ്ദേശിക്കുന്ന അച്ചടക്കം. സമരങ്ങള്‍ വിജയിക്കാത്തതിനെക്കുറിച്ച് ജില്ലാ സമ്മേളനങ്ങളിലുണ്ടാകുന്ന ചോദ്യങ്ങള്‍ക്കു സ്വയം വിമര്‍ശനാത്മകമായ വിലയിരുത്തല്‍ നല്‍കുന്നതിനു പകരം പുലഭ്യം വര്‍ഷിക്കുന്നതു ശരിയല്ല. അതുകൊണ്ട്, സമരം തുടങ്ങിയ ഉടനെ എന്തുസംഭവിച്ചെന്ന് അറിയാന്‍ സഖാക്കള്‍ക്ക് അവകാശമുണ്ട് - അവരോടു സത്യം പറയണം, സംഘടനാപരമായ ഈ പിഴവ് സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കണം.

5. പാര്‍ട്ടി കമ്മിറ്റികളെ തിരഞ്ഞെടുക്കുന്നതിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. തികച്ചും വിഭാഗീയമായ കാഴ്ചപ്പാടോടെയാണു നേതൃത്വം കമ്മിറ്റികളുണ്ടാക്കുന്നത്. മലപ്പുറം സമ്മേളനത്തില്‍ ഒൌദ്യോഗിക പാനലിനെതിരെ വോട്ടുചെയ്തു എന്ന കാരണത്താലാണു ടി. ശശിധരനെ സംസ്ഥാന കമ്മിറ്റിയില്‍നിന്നു തരംതാഴ്ത്തിയത്. മറ്റേതോ കാരണത്തിന് എന്‍.എന്‍. കൃഷ്ണദാസിനെ തരംതാഴ്ത്തി. എസ്. ശര്‍മയെയും എം. ചന്ദ്രനെയും സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നു തരംതാഴ്ത്തി. ഈ സഖാക്കളുടെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താനാവുന്നില്ലെന്ന പിഴവ് 12 വര്‍ഷമായി തുടരുകയാണ്.

ഈ സഖാക്കളെ കീഴ്ക്കമ്മിറ്റികളില്‍ തളച്ചിടുമ്പോള്‍, വളരെ കുറച്ചുമാത്രം അനുഭവസമ്പത്തുള്ളവര്‍ കേന്ദ്ര കമ്മിറ്റിയിലെത്തുന്നു. ഇതു തിരുത്തണം. ടി. ശശിധരന്‍, എന്‍.എന്‍. കൃഷ്ണദാസ്, സി.കെ.പി. പത്മനാഭന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയിലേക്കു തിരികെ കൊണ്ടുവരണം. എസ്. ശര്‍മയെയും എം. ചന്ദ്രനെയും സംസ്ഥാന സെക്രട്ടേറിയറ്റിലെങ്കിലും ഉള്‍പ്പെടുത്തണം.

English summary
VS Achuthanadan submits subrogate report for CPM state conference's organisational report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X