'മനുഷ്യസ്‌നേഹിയായ ഏട്ടനെ വിജയിപ്പിക്കണം' എന്ന് പറയുന്നവരോട്..; കമന്റ് പങ്ക് വെച്ച് ബല്‍റാം
പാലക്കാട്: ഇന്ത്യയെ നശിപ്പിക്കുക എന്നതാണ് സംഘപരിവാറിന്റെ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ വി ടി ബല്‍റാം. പത്മശ്രീ പ്രഖ്യാപനത്തെ പരിഹസിച്ച് കൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റ് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ പ്രതികരണം. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇത് കൂടുതല്‍ പ്രത്യക്ഷമായി കാണാം എന്നും ബല്‍റാം വ്യക്തമാക്കി.
ഭരണഘടനയില്‍ ശാസ്ത്രാവബോധം വളര്‍ത്തിയെടുക്കണം എന്ന ഭാഗം പങ്ക് വെച്ച് കൊണ്ടായിരുന്നു ബല്‍റാമിന്റെ ആദ്യ പോസ്റ്റ്. ഇതിന് താഴെയാണ് ശര്‍വണ്‍ മേക്കാട്ട് എന്ന പ്രൊഫൈലില്‍ നിന്ന് മഹാദേവ് ഹം ആയേംഗെ മന്ദിര്‍ വഹി ബനായേംഗെ (മഹാദേവ ഞങ്ങള്‍ വരുന്നു, അവിടെ ക്ഷേത്രം പണിയും) പറഞ്ഞ് കൊണ്ടുള്ള കമന്റ് വന്നത്. ഇത് പങ്ക് വെച്ച് കൊണ്ടാണ് സംഘപരിവാര്‍ അജണ്ട ചൂണ്ടിക്കാട്ടി ബല്‍റാം രംഗത്തെത്തിയത്.

ഇതിന് താഴെ തൃശൂരിലുള്ള പുത്തന്‍പള്ളി കഴിഞ്ഞിട്ടാണോ അതോ അതിന് മുന്‍പാണോ എന്ന് ബല്‍റാം ചോദിക്കുന്നുണ്ട്. ഇതിന് അതിന് മുന്‍പാണ് എന്നാണ് ഈ പ്രൊഫൈലില്‍ നിന്ന് വന്ന മറുപടി. സംഘപരിവാറിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട് എന്നും ഇന്ത്യന്‍ റിപ്പബ്ലിക്കിനെ പൊളിച്ചടുക്കുക എന്ന കൃത്യമായ രാഷ്ട്രീയം എന്നുമാണ് ബല്‍റാം പറയുന്നത്. ഒപ്പം തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പും ബല്‍റാം നല്‍കുന്നുണ്ട്. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
'എന്റെ ഒരു പോസ്റ്റില്‍ വന്ന കമന്റാണിത്. സംഘികള്‍ ഒരു കാര്യത്തില്‍ സത്യസന്ധരാണ്. എന്തൊക്കെയാണ് അജണ്ട എന്നും അതിന്റെ മുന്‍ഗണനാ ക്രമവുമെല്ലാം അവര്‍ കൃത്യമായി നിശ്ചയിച്ചു വച്ചിട്ടുണ്ട്. ചിലപ്പോഴെങ്കിലും അത് തുറന്നുപറയാനും അവര്‍ക്ക് മടിയില്ല. അയോധ്യക്ക് ശേഷം ഇത്തരം തുറന്നുപറച്ചിലുകളും തുറന്ന വെല്ലുവിളികളും കൂടുതല്‍ ഉച്ചസ്ഥായിയിലായിട്ടുണ്ട് എന്നതും കാണാതിരിക്കാനാവില്ല.
'നിങ്ങളുടെ രാഷ്ട്രീയം എന്തുമാവട്ടെ, മനുഷ്യ സ്‌നേഹിയായ നമ്മുടെ ഏട്ടനെ വിജയിപ്പിക്കണം' എന്നു പറഞ്ഞുകൊണ്ട് തൃശൂരുകാരോട് അഭ്യര്‍ത്ഥന നടത്തുന്ന 'നിഷ്‌ക്കളങ്കര്‍' കൂടി മനസ്സിലാക്കാനാണ് പറയുന്നത്: സംഘ് പരിവാറിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്, ഇന്ത്യന്‍ റിപ്പബ്ലിക്കിനെ പൊളിച്ചടുക്കുക എന്ന കൃത്യമായ രാഷ്ട്രീയം.
സംഘി പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരുന്ന ഏത് 'മനുഷ്യസ്‌നേഹി'യും ഏത് ചാരിറ്റിക്കാരനും ഏത് അഭിനേതാവും ഏത് സാംസ്‌ക്കാരിക നായകനും ഏത് എഴുത്തുകാരനും ഏത് പാട്ടുകാരനും ഏത് നാടന്‍ കലാകാരനും അടിസ്ഥാനപരമായി പ്രതിനിധീകരിക്കുന്നത് ആ വിധ്വംസക രാഷ്ട്രീയത്തെയാണ്. അങ്ങേയറ്റത്തെ അപര വിദ്വേഷത്തിലൂന്നിയ ആ വിഷലിപ്ത രാഷ്ട്രീയത്തെയാണ്. അതിനെ കൃത്യമായി തിരിച്ചറിയുക എന്നതാണ് അതിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴി.'












Click it and Unblock the Notifications