Get Updates
Get notified of breaking news, exclusive insights, and must-see stories!

'വഖഫ് ബോര്‍ഡില്‍ വനിതകള്‍ വരുന്നതില്‍ എതിര്‍പ്പില്ല; അക്രമം കാണിച്ചവരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല'

കൊച്ചി: വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലും പുറത്തും രേഖപ്പെടുത്തുന്നത്. മുസ്ലിം സമുദായത്തില്‍ നിന്ന് വലിയ പ്രതിഷേധം വിഷയത്തില്‍ ഉയര്‍ന്നുവരുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തെ സംശയത്തോടെയാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കാണുന്നത്. വഖഫ് ബോര്‍ഡിന്റെ സുതാര്യത ഉറപ്പാക്കാനാണ് ശ്രമം എന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

എപ്പോഴും മധുരമായ വാക്കുകള്‍ മുന്നോട്ട് വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സമുദായത്തിന് എതിരായ പല കാര്യങ്ങളും നടപ്പാക്കുന്നത് എന്ന വിമര്‍ശനമാണ് വ്യക്തി നിമയ ബോര്‍ഡിനുള്ളത്. സമുദായത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതം ചെയ്യും. അതേസമയം, സമുദായത്തിനോട് അക്രമം കാണിച്ചവരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗം അബ്ദുല്‍ ഷുക്കൂര്‍ അല്‍ ഖാസിമി വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.

abdulshukkur-alqasimi

''മുന്‍ഗാമികള്‍ പടച്ചവന്റെ നാമത്തില്‍ ചെയ്ത ദാനമാണ് വഖഫ് സ്വത്തുക്കള്‍. അത് നോക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും ആ സ്വത്തില്‍ അധികാരമില്ല. നേരത്തെ പാര്‍ലമെന്റ് തന്നെ വഖഫ് സ്വത്തുക്കള്‍ക്ക് പരിരക്ഷ നല്‍കിയതാണ്. നമ്മുടെ ഭരണഘടന രാജ്യത്ത് മത സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ ദുരുദ്ദേശപരമാണെന്ന് കരുതുന്നു എന്നും അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി പറഞ്ഞു.

നിലവിലെ കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം സമുദായത്തിന്റെയും ഇസ്ലാമിക ശരീഅത്തിന്റെയും വിഷയത്തില്‍ ദുഃഖമുണ്ടാക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആ അടിസ്ഥാനത്തില്‍ ഇതും സമുദായത്തിന് ദോഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് എന്ന് പൂര്‍ണമായും വ്യക്തമായിട്ടില്ല. വഖഫ് സ്വത്തുക്കളില്‍ വഖഫ് ബോര്‍ഡിനുള്ള ഉത്തരവാദിത്തം എടുത്തുമാറ്റുന്നതിനോട് എതിര്‍പ്പുണ്ടെന്നും അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി പറഞ്ഞു.

വഖഫ് വരുമാനം എന്തിനാണ് ഉപയോഗിക്കുന്നത്

എപ്പോഴും മധുര വാക്കുകളാണ് സര്‍ക്കാര്‍ പറയാറുള്ളത്. ത്വലാഖ് വിഷയം കൂടുതല്‍ സൂക്ഷ്മതയുള്ളതാക്കാന്‍ മുത്തലാഖ് നിരോധിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, സിവില്‍ നിയമം ക്രിമിനല്‍ നിയമമാക്കി മാറ്റിയാണ് സമുദായത്തെ സര്‍ക്കാര്‍ സേവിച്ചത്. സ്‌കോളര്‍ഷിപ്പ് റദ്ദാക്കിയ നടപടിയും സമാനമായിരുന്നുവെന്നും ഷുക്കൂര്‍ ഖാസിമി വിമര്‍ശിച്ചു.

വ്യക്തികള്‍ എന്ത് ഉദ്ദേശത്തോടെയാണോ അവരുടെ സ്വത്തുക്കള്‍ വഖഫ് ചെയ്തത്, ആ ആവശ്യത്തിന് തന്നെയാണ് എല്ലാ വഖഫ് സ്വത്തുക്കളും ഉപയോഗിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആരാധനാ കാര്യങ്ങള്‍, മൃഗങ്ങള്‍ക്ക് ആഹാരം നല്‍കല്‍, പറവകളെ തീറ്റിക്കുക തുടങ്ങി എല്ലാ നല്ല കാര്യങ്ങള്‍ക്കുമാണ് അതില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. വഖഫ് ചെയ്ത വ്യക്തികളുടെ താല്‍പ്പര്യം കണക്കിലെടുത്താണിതെല്ലാം എന്നും ഷുക്കൂര്‍ ഖാസിമി പറഞ്ഞു.

സ്ത്രീകളും അമുസ്ലിങ്ങളും

''വഖഫ് ബോര്‍ഡില്‍ സ്ത്രീകളെയും അമുസ്ലിങ്ങളെയും ഉള്‍പ്പെടുത്തുന്നതിനോട് വ്യക്തി നിയമ ബോര്‍ഡിന് എതിര്‍പ്പില്ല. സ്ത്രീകളുടെ കാര്യങ്ങള്‍ നോക്കുന്നതിന് സ്ത്രീകള്‍ തന്നെ മുന്നോട്ട് വരുന്നത് നല്ലതാണ്. നിരവധി അമുസ്ലിം സഹോദരങ്ങള്‍ വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. പക്ഷേ, വഖഫ് ഭേദഗതി ബില്ലില്‍ സര്‍ക്കാരിന്റെ ഉദ്ദേശമെന്താണ് എന്ന് പിന്നീട് മാത്രമേ അറിയാന്‍ സാധിക്കൂ.

abdulshukkur-alqasimi

മധുര വാക്കുകളിലൂടെ വന്ന്, അവസാനം വലിയ ബുദ്ധിമുട്ടാക്കുന്ന നീക്കത്തെയാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് എതിര്‍ക്കുന്നത്. സാധാരണ വഖഫ് ചെയ്യുന്നവര്‍ സുന്നി-ഷിയാ എന്ന് തരംതിരിക്കാറില്ല. ഇനി വഖഫ് ചെയ്യുന്നവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ രീതിയില്‍ പരിഗണിക്കുന്നതും കുഴപ്പമില്ല. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വിഷയവുമായി ബന്ധപ്പെട്ടവരും പണ്ഡിതന്മാരും തന്നെ വേണം.

എതിര്‍പ്പുള്ള വിഷയങ്ങള്‍ നിയമ വഴിയില്‍ നേരിടുക എന്നതാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ രീതി. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതും തങ്ങളുടെ രീതിയാണ്. വഖഫ് സ്വത്തുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളെയും സ്വാഗതം ചെയ്യും. സമുദായത്തെ വിശ്വാസത്തിലെടുത്തു വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍.

ധാരാളം വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ കൈവശം തന്നെ വഖഫ് സ്വത്തുക്കളുണ്ട്. അതിന്റെ വാടക ലഭിച്ചാല്‍ തന്നെ സമുദായത്തിന്റെ വിദ്യാഭ്യാസം, വിധവ-അനാഥ സംരക്ഷണം എന്നിവയെല്ലാം ഭംഗിയായി നടക്കും. മുത്തലാഖ് വിഷയം വന്ന വേളയില്‍ പണ്ഡിതന്മാരുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ പരിഹാരമുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല. ഇന്നുവരെ സമുദായത്തോട് അക്രമം കാണിച്ചവര്‍ നീതി കാണിക്കുമെന്ന് ഇനി പ്രതീക്ഷിക്കുന്നില്ലെന്നും അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+