ട്രംപിന്റെ വാദം നുണയെന്ന് വാഷിംഗ്ടൺ പോസ്റ്റ്: ബിജെപിക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്, എല്ലാം പൊളിഞ്ഞു
വാഷിംഗ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കാന്‍ യു എസ് സർക്കാർ ധനസഹായം നല്‍കിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തെറ്റെന്ന് വാഷിംഗ്‌ടൺ പോസ്റ്റ്. 'യു എസ് എ ഐ ഡി' 2022 ല്‍ 2.1 കോടി രൂപ അനുവദിച്ചത് ബംഗ്ലാദേശിനായിരുന്നു എന്നും റിപ്പോർട്ടില്‍ പറയുന്നു. 'ഡോജിന്റെ തെറ്റായ അവകാശവാദം ഇന്ത്യയില്‍ എങ്ങനെ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് ശക്തി പകർന്നു' എന്ന തലക്കെട്ടിലാണ് വാഷിംഗ്‌ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.
തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനായി യു എസ് എ ഐ ഡിയില്‍ നിന്നും ഇന്ത്യക്ക് 2.1 കോടി യു എസ് ഡോളർ നല്‍കിയെന്നായിരുന്നു ട്രംപും ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ അവകാശവാദം. എന്നാല്‍ 2008 ന് ശേഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി യാതൊരുവിധത്തിലുള്ള ഫണ്ടും യു എസ് എ ഐ ഡിയില്‍ നിന്നും ഇന്ത്യക്കായി അനുവദിച്ചിട്ടില്ലെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് പറയുന്നു.

ഇന്ത്യക്ക് 2008 ന് ശേഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നും ധനസഹായമെന്നും ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്സ്പ്രസും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ട് ഇന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളും വാഷിംഗ്‌ടൺ പോസ്റ്റ് പരാമർശിക്കുന്നുണ്ട്. യു എസ് എ ഐ ഡിയുമായി അടുത്ത ബന്ധമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. മറ്റ് പദ്ധതികളുടെ തുകയാണ് ഇന്ത്യക്കായി ചെലവഴിച്ചുവെന്ന് ഡോജ് പറയുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കാനായി അമേരിക്ക പണം നല്‍കിയെന്ന ആരോപണം ബി ജെ പി വലിയ തോതില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതും പ്രധാനമന്തി നരേന്ദ്ര മോദിക്കെതിരെ പ്രവർത്തിക്കുന്നതുമായ ചില എന്‍ ജി ഒകള്‍ രാജ്യത്തെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ബി ജെ പി ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ വിദേശ സന്ദർശനത്തിനിടെ നടത്തിയ ചില പരാമർശങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടത്. 'കോൺഗ്രസ് ചെയ്തത് ലജ്ജാകരമായ കാര്യമാണ്. രാഹുൽ ഗാന്ധി വിദേശത്ത് ഇന്ത്യൻ ജനാധിപത്യത്തെ പരിഹസിക്കുകയും വിദേശത്തുള്ള ജനാധിപത്യ രാജ്യങ്ങളുടെ സഹായം തേടുകയും ചെയ്തു. കോൺഗ്രസ് തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നതിനാൽ വിജയിക്കാൻ അദ്ദേഹം വിദേശ പിന്തുണ തേടി എന്നാണ് ഇതിനർത്ഥം' എന്നും മുന്‍ മന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യക്ക് പണം നല്‍കിയില്ലെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ബി ജെ പിക്കെതിരായ ആക്രമണവും ശക്തമാക്കി. ബി ജെ പിയുടെ നുണപ്രചരണം പൊളിഞ്ഞെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.












Click it and Unblock the Notifications