വയനാട്ടുകാർ പ്രിയങ്കയെ ചേർത്ത് നിർത്തും: പ്രചരണത്തിനായി യുപിയില്‍ നിന്നും ഒറ്റയാനായി എത്തി അനോഘ്
വയനാട് ലോക്സഭ മണ്ഡലത്തിലൂടെ ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി വമ്പന്‍ പ്രചരണ പരിപാടികളാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഉടനീളം നടത്തുന്നത്. രാഹുല്‍ ഗാന്ധി മുതലുള്ള മുതിർന്ന നേതാക്കളെല്ലാം തന്നെ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി വോട്ട് തേടി വയനാട്ടിലെത്തി. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും മണ്ഡലത്തില്‍ എത്തിയ പ്രിയങ്ക ഓരോ നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രചരണം നടത്തുകയാണ്. അതിന് ശേഷം വീട് കയറിയുള്ള പ്രചരണത്തിലേക്കും യു ഡി എഫ് സ്ഥാനാർത്ഥി കടന്നേക്കുമെന്നാണ് സൂചന.
പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തിനായി അയല്‍ സംസ്ഥാനങ്ങളായ കർണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും മാത്രമല്ല, അങ്ങ് യു പിയില്‍ നിന്ന് വരെ പ്രവർത്തകർ എത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ വയനാട്ടില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് അനോഘ് ലാല്‍ തിവാരി. പ്രിയങ്ക ഗാന്ധി നാമ നിർദേശ പത്രിക സമർപ്പണത്തിനായി എത്തിയത് മുതല്‍ തന്നെ അനോഘ് ലാല്‍ തിവാരി മണ്ഡലത്തില്‍ സജീവമാണ്. നേതാക്കളുടെ പ്രചരണ പരിപാടികളില്‍ പാർട്ടിയുടെ വലിയ പതാകയും വീശി മുന്നില്‍ തന്നെ അനോഘ് ലാല്‍ തിവാരിയുണ്ടാകും.

പ്രചരണ പരിപാടികള്‍ ഇല്ലാത്ത ദിവസമാണെങ്കില്‍ കല്‍പ്പറ്റയിലും പരിസര പ്രദേശങ്ങളിലും പതാകയുമായി അനോഘ് ലാല്‍ തിവാരി സജീവമായിരിക്കും. ഇത് ആദ്യമായല്ല ഇദ്ദേഹം വയനാട്ടില്‍ എത്തുന്നത്. നേരത്തെ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ പ്രചരണത്തിനായി താന്‍ മണ്ഡലത്തില്‍ എത്തിയിരുന്നുവെന്നാണ് അനോഘ് ലാല്‍ തിവാരി വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നു.
'യുപിയിലെ റായ് ബറേലിയില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. പരമ്പരാഗതമായി തന്നെ കോണ്‍ഗ്രസ് കുടുംബമാണ്. സോണിയ ഗാന്ധിയേയും രാഹുലിനേയും പ്രിയങ്കയേയുമെല്ലാം അത്രയധികം ഇഷ്ടമാണ്. പ്രിയങ്ക ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ അവർക്ക് റെക്കോർഡ് ഭൂരിപക്ഷം തന്നെ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം എന്തായാലും അഞ്ച് ലക്ഷം കടക്കും എന്ന കാര്യത്തില്‍ സംശയമില്ല' - അനോഘ് ലാല്‍ പറഞ്ഞു.
സാധാരണ പാർട്ടി പ്രവർത്തകരോട് പോലും വളരെ അടുത്ത രീതിയില്‍ പെരുമാറുന്നവരാണ് പ്രിയങ്കയും രാഹുലും. അതിന് ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. പാർട്ടിയുടെ ഒരു ഉത്തരവാദിത്തവും വഹിക്കാത്ത എന്നെപ്പോലും അവർക്ക് കൃത്യമായി അറിയാം. ഒരമിച്ച് നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. എല്ലാവരോടും അവർ അങ്ങനെയാണ്. അത് ആ കുടുംബത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രിയങ്ക ഗാന്ധി ഇന്ന് തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചരണം തുടരുകയാണ്. മലയോര മേഖലയിൽ നിരവധി കായികതാരങ്ങൾ ഉണ്ടെന്നും കായിക വികസനത്തിന് ആവശ്യമായ പദ്ധതികൾ വേണമെന്നും അവർ കോടഞ്ചേരിയില്‍ പറഞ്ഞു. കായിക പരിശീലത്തിന് ആവശ്യമായ സ്റ്റേഡിയങ്ങൾ വേണം. പരിശീലകർ വേണം. അവസരങ്ങളുടെ വലിയൊരു ലോകം ഇവിടത്തെ കുട്ടികൾക്ക് തുറന്നു കൊടുക്കണം. തുഷാരഗിരി, പതങ്കയം, അരിപ്പാറ, തേവർമല അടക്കമുള്ള വിനോദസഞ്ചാരം കേന്ദ്രങ്ങൾ വികസിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications