പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാതിരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചില്ല: നിർണ്ണായക തീരുമാനമെടുത്ത് വരണാധികാരി
കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്ന പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം നല്‍കാനുള്ള തീവ്ര പരിശ്രമത്തിലാണ് യു ഡി എഫ് പ്രവർത്തകർ. രണ്ടാം ഘട്ട പര്യടനത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തില്‍ എത്തിയതോടെ പ്രവർത്തകരുടെ ആവേശം ഒന്നുകൂടെ ഇരട്ടിക്കുകയും ചെയ്തു.
പ്രചരണം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുമ്പോഴും പ്രവർത്തകരുടേയും നേതാക്കളുടേയും ഉള്ളില്‍ നേരിയ ആശങ്കയ്ക്ക് ഇടയാക്കിക്കൊണ്ട് പ്രിയങ്കയുടെ പത്രികയ്ക്കെതിരായി ബി ജെ പി ഉയർത്തിയ പരാതി നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ബി ജെ പിയുടെ പരാതി തള്ളി പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വകീരിച്ചിരിക്കുകയാണ്. നാല് സെറ്റ് പത്രികയായിരുന്നു പ്രിയങ്ക ഗാന്ധി വരണാധികാരി കൂടിയായ ജില്ല കളക്ടർക്ക് സമർപ്പിച്ചിരുന്നത്.

പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഭർത്താവ് റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ വലിയ ക്രമക്കേടുകള്‍ ഉണ്ടെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. വ്യക്തമല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ച സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക തള്ളണമെന്നായിരുന്നു ബി ജെ പിയുടെ വാദം. പ്രിയങ്കയുടെ പത്രിക സ്വീകരിക്കരുതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് അടക്കമുള്ളവർ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്നത്തെ സൂക്ഷ്മ പരിശോധനയില്‍ പ്രിയങ്കയുടെ പത്രിക അംഗീകരിക്കാനായിരുന്നു തീരുമാനം.
ആദായ നികുതി കണ്ടെത്തിയ റോബർട്ട് വദ്രയുടെ സ്വത്തും പ്രിയങ്ക സത്യവാങ്മൂലത്തില്‍ നല്‍കിയ കണക്കുകളും തമ്മില്‍ വലിയ പൊരുത്തക്കേട് ഉണ്ടെന്നായിരുന്നു ബി ജെ പി വാദം. 2010-21 കാലയളവില്‍ റോബർട്ട് വാദ്രയ്ക്ക് 80 കോടി രൂപയോളമാണ് ആദായനികുതി വകുപ്പ് നികുതി ചുമത്തിയത്. ഇതില്‍ തന്നെ 2019-20 ലെ കണക്ക് എടുക്കുമ്പോള്‍ 24 കോടിയിലേറെ വരും. എൻ്നാല്‍ 65.55 കോടി രൂപയാണ് റോബർട്ട് വാദ്രയുടെ ആസ്തിയായി പ്രിയങ്ക ഗാന്ധി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്.
സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വന്നതോടെയാണ് പ്രിയങ്ക ഭർത്താവിന്റെ സ്വത്ത് വിവരങ്ങള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണം ബി ജെ പി ഉയർത്തിയത്. കൈവശമുള്ള സ്വത്തിന് ആനുപാതികമായ നികുതിയാണ് ആദായ നികുതി വകുപ്പ് ചുമത്തുന്നത്. എ ജെ എൽ കമ്പനിയിൽ പ്രിയങ്കക്കുള്ള ഓഹരി കാണിച്ചിട്ടില്ലെന്ന ആരോപണവുമുണ്ടായിരുന്നു. അതിനാല്‍ തന്നെ റോബർട്ട് വാദ്രയുടെ പൂർണ്ണമായ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രിയങ്ക തയ്യാറാകണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.












Click it and Unblock the Notifications