'മാധ്യമങ്ങൾ നൽകിയത് വ്യാജ കണക്ക്, ലോകത്തിന് മുന്നിൽ കേരളം അവഹേളിക്കപ്പെട്ടു'; മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി. വയനാട് ദുരന്ത നിവാരണകണക്കിൽ സംശയത്തിന്റെ പുകപടലം പകർത്താൻ മാധ്യമങ്ങൾ ശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളം വ്യാജ കണക്കുകൾ പ്രചരിപ്പിച്ച് അനർഹമായ സഹായം തട്ടിയെടുക്കാൻ ശ്രമം നടത്തുന്നുവെന്ന കഥ ഒരു വിഭാഗം ജനങ്ങളുടെ മനസിൽ കടന്നുകയറാൻ ഇത് കാരണമായി. വ്യാജ വാർത്തയിൽ ലോകത്തിന് മുന്നിൽ കേരളം അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കുകളാണ് മാധ്യങ്ങൾ നൽകിയത്. ഓണത്തിന്റെ ദിവസങ്ങളിലാണ് ഇത്തരത്തിലൊരു സ്തോപജനകമായ വാർത്ത പ്രചരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ടാണ് ഇതുപോലുള്ള വാർത്തകൾ ലോകമാകെ സഞ്ചരിക്കുന്നത്. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. സോഷ്യൽ മീഡിയയിൽ വ്യാപകമായ ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു. അസത്യം പറക്കുമ്പോൾ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.

സർക്കാർ വിശദീകരിച്ച് പത്രകുറിപ്പ് ഇറക്കിയെങ്കിലും വ്യാജവാർത്തയ്ക്ക് പിന്നാലെ ഇഴയാൻ മാത്രമേ അതിന് സാധിച്ചുള്ളൂ. കേരളം വ്യാജ കണക്കുകൾ പ്രചരിപ്പിച്ച് അനർഹമായ സഹായം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥ വലിയ വിഭാഗം ജനങ്ങളുടെ മനസിലേക്ക് കടന്നുകയറി. കേരളീയരും സർക്കാരും ജനങ്ങളാകെയും ലോകത്തിന് മുന്നിൽ അവഹേളിക്കുപ്പെട്ടു. കേവലം ഒരു വ്യാജ വാർത്ത പ്രചരണമോ മാധ്യമ ധാർമ്മികതയുടെ പ്രശ്നമോ അല്ല ഇത്. നുണകൾ അല്ല, അതിന് പിന്നിലുള്ള അജണ്ടയാണ് . അത് നാടിന് എതിരെയുള്ളത്. ലോകമാകേയും പ്രകീർത്തിക്കും വിധമാണ് രക്ഷാപ്രവർത്തനം നടത്താൻ നമ്മുക്ക് സാധിച്ചത്.
ഇതിനോടകം ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. ഇതിനായി എസ്ഡിആർഎഫിൽ നിന്ന് 5.24 കോടിയും സിഎഡിആർഎഫിൽ നിന്ന് 2.63 കോടിയും ചെലവഴിച്ചു. 173 പേരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി കുടുംബങ്ങൾക്ക് 10000 രൂപ വീതം നല്‍കി. ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ തുടർന്ന 26 പേര്‍ക്ക് 17,16,000 രൂപ , 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ ,1694 പേര്‍ക്ക് ഒരു മാസത്തേക്ക് ഒരു ദിവസം 300 രൂപ വീതം, 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ , 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6000 രൂപ എന്നിങ്ങനെയാണ് ഇതുവരെ നൽകിയത്', മുഖ്യമന്ത്രി പറഞ്ഞു.
ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്ന ത്വരയില്‍ ദുരന്തത്തിന്‍റെ ഇരകളായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ സംവിധാനങ്ങളുടേയും ദുരിതാശ്വാസ നിധികളുടെയും വിശ്വാസ്യത തകര്‍ക്കുന്നതിനായി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുക. ഒരു വാര്‍ത്ത ആര്‍ക്കെതിരെയാണോ റിപ്പോര്‍ട്ട് ചെയ്യുന്നത്, അതിനു മുന്‍പ് അവരോട് അതിന്‍റെ വിശദാംശങ്ങള്‍ അന്വേഷിക്കുക എന്ന അടിസ്ഥാന മാധ്യമ ധര്‍മ്മം പാലിക്കാതെയാണ് ഇത്ര പ്രധാനപ്പെട്ട ഒരു വിഷയത്തിലുള്ള വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വസ്തുതകള്‍ സ്വയം മനസ്സിലാക്കാന്‍ ആയില്ലെങ്കില്‍ അതിനാവശ്യമായ വൈദഗ്ധ്യം ഉള്ളവരോട് ചോദിച്ച് തിരിച്ചറിയാനുള്ള സത്യസന്ധത കാണിച്ചില്ല.
കേന്ദ്ര സര്‍ക്കാര്‍പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ധൂര്‍ത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാര്‍ത്തക്കാര്‍ആഗ്രഹിച്ചത്. ഒരു കുടുംബത്തിന്‍റെ വരവ് ചെലവ് കണക്കുകള്‍ തയ്യാറാക്കുന്നത്ര ലളിതയുക്തിയിലാണ് ഒരു മഹാദുരന്തത്തിന്‍റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രമേ മെമ്മോറാണ്ടം വഴി ധനസഹായം ചോദിക്കാന്‍ സാധിക്കൂ. അത് അറിയാത്തവര്‍ അല്ല കേരളത്തിലെ മാധ്യമങ്ങള്‍. 2012 മുതല്‍ 2019 വരെ വിവിധ സര്‍ക്കാരുകള്‍ പല ദുരന്തഘട്ടങ്ങളില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റില്‍ ഉണ്ട്. അത് ഒറ്റ ക്ലിക്ക് അകലെ എല്ലാവര്‍ക്കും ലഭ്യമാണ്. 2012 മുതല്‍ 16 വരെയുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തു തയ്യാറാക്കി സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ څധൂര്‍ത്ത്' ആയോ പെരുപ്പിച്ച കണക്കായോ ഇന്ന് വരെ ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? ഇതിന് വ്യവസ്ഥാപിതമായ രീതികളുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണല്ലോ ആരും അന്നത് വിവാദമാക്കാതെ ഇരുന്നത്.
മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. അതിനായി പരിശീലനം ലഭിച്ച പ്രൊഫെഷണലുകള്‍ ആണ്. അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അവലംബിക്കുന്ന ചില രീതികളുമുണ്ട്. ദുരന്ത ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നതിന്‍റെ മധ്യത്തില്‍ തയ്യാറാക്കപ്പെടുന്ന മെമ്മോറാണ്ടത്തില്‍ പല സാദ്ധ്യതകള്‍ വിലയിരുത്തി വേണം ഓരോ കണക്കുകളും തയ്യാറാക്കാന്‍. അത്തരത്തില്‍ തയ്യാറാക്കിയ വിവരങ്ങളെ ആണ് കള്ളക്കണക്ക് എന്നാക്ഷേപിച്ചത്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications