വയനാട് ദുരന്തം: പതിനൊന്നാം നാളില്‍ സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹങ്ങള്‍ കണ്ടെത്തി
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പതിനൊന്നാം നാളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി രക്ഷാപ്രവര്‍ത്തര്‍. ഇന്ന് മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത്. സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്നാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സന്നദ്ധപ്രവര്‍ത്തകരപും രക്ഷാദൗത്യ സംഘവും ചേര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയത്.
അതേസമയം ഈ മൃതദേഹങ്ങള്‍ വൈകാതെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് കൊണ്ടുവരും. അതിനായി മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യുമെന്നാണ് സൂചന മൃതദേഹങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടരും. ഇത് ദുഷ്‌കരമായ കാര്യമാണ്.

വനമേഖലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയവയില്‍ ഒരു മൃതദേഹത്തിന്റെ കാല്‍ മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മൃതദേഹങ്ങല്‍ ജീര്‍ണിച്ച നിലയിലാണ്. ദുര്‍ഘടമായ മേഖലയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളാണിത്. കോട നിറഞ്ഞ വനമേഖലയായതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സം നേരിട്ടു.
മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി രാവിലെ ആറ് മുതല്‍ പതിനൊന്ന് വരെയാണ് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്തിയതിനാല്‍ തിരച്ചില്‍ ഇനിയും നീണ്ടേക്കും. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളില്‍ പരിശോധന തുടരുന്നുണ്ട്.
മുണ്ടക്കൈയിലേക്ക് പോലീസ് നായയെ എത്തിച്ചാണ് പരിശോധന നടക്കുന്നത്. ചെളി അടിഞ്ഞുകൂടിയ പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കം ഇവിടേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള തിരച്ചിലാണ് ഇന്ന് നടക്കുന്നത്.
ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജനപ്രതിനിധികളും, എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘം എന്നിവരും തിരച്ചിലില്‍ പങ്കാളികളാണ്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണ് ഉള്ളത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരില്‍ ഇവരില്‍ ഭൂരിഭാഗവും.
പ്രധാന മേഖലകളിലെല്ലാം തിരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരച്ചില്‍ ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശത്തെ ആറ് മേഖലകളാക്കി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. അതേസമയം കേന്ദ്ര സംഘം ഇന്ന് വയനാട്ടിലെത്തും. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായും കേന്ദ്ര സംഘം ചര്‍ച്ച നടത്തും.
അതേസമയം വയനാട്ടിലെ ദൗത്യം മതിയാക്കി നേരത്തെ സൈന്യം മടങ്ങിയിരുന്നു. എന്‍ഡിആര്‍എഫ് പക്ഷേ തിരച്ചില്‍ തുടരും. തിരച്ചില്‍ എത്ര ദിവസം വേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് എന്‍ഡിആര്‍എഫ് മേധാവി പിയൂഷ് ആനന്ദ് ഐപിഎസ് അറിയിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രദേശവാസികളെ ഉള്‍പ്പെടുത്തിയുള്ള രക്ഷൗദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications