മുണ്ടക്കൈ ദുരന്തം; തിരച്ചില്‍ ഒമ്പതാം ദിനത്തില്‍, ഇനി കണ്ടെത്താനുള്ളത് 152 പേരെ
വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഒമ്പതാം ദിവസമായ ഇന്നും തുടരും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സൂചിപ്പാറയിലെ സണ്‍റൈസ് വാലിയിലും ചാലിയാറിലും തിരച്ചില്‍ തുടരും. ഇന്നത്തെ തിരച്ചിലില്‍ വിവിധ വകുപ്പുകളുടെ മേധാവിമാരും ഭാഗമാകും. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ വീണ്ടും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
സണ്‍റൈസ് വാലിയില്‍ തന്നെയായിരിക്കും ഇന്നും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവിടെ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രത്യേക സംഘം നാല് കിലോമീറ്റര്‍ ദൂരത്തില്‍ പരിശോധന നടത്തിയിരുന്നു. ഇന്ന് ആറ് കിലോമീറ്റര്‍ ദൂരം പരിശോധന നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.

ദുര്‍ഘടമായ ഇടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച കൊണ്ടുള്ള തിരച്ചില്‍ ഇന്നും തുടരും. ദുരന്തത്തില്‍ 400 ലേറെ പേര്‍ മരിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആയി. ദുരന്തത്തിന് പിന്നാലെ ഇന്നലെ വരെ വിവിധയിടങ്ങളില്‍ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെടുത്തിരുന്നു. വയനാട്ടില്‍ നിന്നും 148 മൃതദേഹങ്ങളും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നും 76 മൃതദേഹങ്ങളുമാണ് ഇതുവരെ ലഭിച്ചത്.
അതേസമയം തിരിച്ചറിയാത്ത 218 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇതുവരെ സംസ്‌കരിച്ചു. പുത്തുമലയില്‍ ഹാരിസണ്‍ ഭൂമിയിലാണ് സംസ്‌കാരം നടന്നത്. ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച് സ്ഥിരം ശ്മശാനഭൂമിയാക്കാനാണ് തീരുമാനം. ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും എന്നാണ് വിവരം.
ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തുക, പുനരധിവാസത്തിനു വേണ്ടിയുള്ള സമയപരിധി നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. കേന്ദ്ര സഹായം ലഭ്യമാക്കാന്‍ വേണ്ടി എന്തൊക്കെ ഇടപെടല്‍ നടത്തണമെന്ന ചര്‍ച്ചയും മന്ത്രിസഭ പരിഗണിച്ചേക്കും.
ഇതുവരെ നടത്തിയ പ്രവര്‍ത്തനവും വരും ദിവസങ്ങളില്‍ തിരച്ചില്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. ദുരന്ത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഇന്ന് തീരുമാനം ഉണ്ടാകും എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ക്യാംപിലുള്ളവരുടെ രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.












Click it and Unblock the Notifications