അട്ടമലയിലേക്ക് മറ്റൊരു ദൗത്യസംഘം; ചൂരൽമല തകർന്നതോടെ മേഖലയിൽ കുടുങ്ങി കിടക്കുന്നത് നിരവധി പേർ
വയനാട്: അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ ചൂരൽമല മേഖലയിലെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിനോട് ചേർന്ന് കിടക്കുന്ന വാർഡുകളിൽ ഒന്നായ അട്ടമലയേയും ഭാഗികമായി ഉരുൾപൊട്ടൽ ബാധിച്ചിരുന്നു. ചൂരൽമല ഒന്നാകെ മഴവെള്ളപാച്ചിലിൽ ഒലിച്ചു പോയതോടെ ശരിക്കും ഒറ്റപ്പെട്ട് പോയത് അട്ടമലയിൽ കഴിയുന്ന ആളുകളാണ്. ചൂരൽമലയിലെ അപകടം കാരണം നിരവധി പേരാണ് അട്ടമലയിൽ കുടുങ്ങി കിടക്കുന്നത്.
ഇതോടെ ഇവിടേക്ക് മറ്റൊരു ദൗത്യ സംഘം പുറപ്പെട്ടിട്ടുണ്ട്. നിലവിൽ ചൂരൽമല മേഖലയിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അതിന് പുറമെയാണ് കേരളത്തെ നടുക്കിയ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരെ തിരഞ്ഞ് പ്രത്യേകത ദൗത്യ സംഘമെത്തുന്നത്. ചൂരൽമലയായിരുന്നു അട്ടമലയിൽ കഴിയുന്നവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാർഗം.

ദുരന്തത്തിന്റെ വ്യാപ്‌തി വലിയ രീതിയിൽ ബാധിച്ച മുണ്ടക്കൈ, ചൂരൽമല എന്നീ വാർഡുകളിലേത് പോലെ ജീവഹാനി അട്ടമലയിൽ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമല പ്രദേശം ഒന്നാകെ ഒലിച്ചു പോയതോടെ ഇവിടെ കഴിയുന്ന നൂറുകണക്കിന് പേരാണ് ഒറ്റപ്പെട്ടുപോയത്. ഒന്നര ദിവസത്തോളമായി അവർ ഇവിടെ കുടുങ്ങി കിടക്കുകയാണ്.
ആർക്കും ജീവഹാനി ഇല്ലെന്ന് പറയുമ്പോഴും പരിക്ക് പറ്റിയിരിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അത് കണക്കിലെടുത്ത് ഇവർക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന്റെ സംഘം കൂടി ദൗത്യ സംഘത്തിനൊപ്പം അട്ടമലയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ കാലാവസ്ഥ അനുകൂലമാണെന്നതാണ് പ്രധാന കാര്യം.
ഇവിടെ നിന്ന് രക്ഷപ്പെടുത്തി പുറത്തേക്ക് എത്തിക്കുന്നവരെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം. അട്ടമലയിൽ പ്രധാനമായും ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടെന്നാണ് സൂചന.
അതേസമയം, മുണ്ടക്കൈയിലെ ബെയിലി പാലം നിർമാണം ഇന്ന് പൂർത്തിയാകില്ലെന്നാണ് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചത്. പാലത്തിന്റെ നിർമാണം നാളെ മാത്രമേ പൂർത്തിയാകൂ. അതിനാൽ തന്നെ മുണ്ടക്കൈയിൽ തിരച്ചിൽ ഇനിയും വൈകും. തിരച്ചിലിനായി മണ്ണുമാന്തി അടക്കം യന്ത്രങ്ങൾ എത്തുന്നത് വൈകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇരുനൂറിലേറെ ആളുകളെ കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ 98 പേരെ കാണാതായെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പക്ഷേ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്നാണ് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർ വൺഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.












Click it and Unblock the Notifications