മുണ്ടക്കൈയില്‍ ഇനിയാരും ബാക്കിയില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി; 'തിരച്ചില്‍ നിര്‍ത്തില്ല'
വയനാട്: ബെയ്‌ലി പാലം സജ്ജമാകുന്നതോടെ ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൈവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം നടക്കിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരും. നിലവില്‍ രക്ഷാദൗത്യം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇനിയും ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടാകാം.
ജീവനോടെ ആരും ബാക്കിയില്ല എന്ന് സൈന്യം അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ തിരച്ചില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാലിയാര്‍ പുഴയിലും മൃതദേഹങ്ങള്‍ക്കായി പരിശോധന നടത്തും. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ഇപ്പോള്‍ പ്രധാന ശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തിലാണ്. ദുരിതാശ്വാസ ക്യാംപ് അല്‍പദിവസം കൂടി തുടരും.

ക്യാംപില്‍ കഴിയുന്നവരുടെ സ്വകാര്യത മാനിക്കണം. മാധ്യമപ്രവര്‍ത്തകര്‍ ക്യാംപിനുള്ളിലേക്ക് കയറരുത് എന്നും വിവരങ്ങള്‍ അറിയാനും പങ്ക് വെക്കാനും പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങളെ മാത്രമെ പ്രവേശിപ്പിക്കൂ.
ക്യാംപിന് അകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയില്‍ പ്രവര്‍ത്തിക്കും. ക്യാംപിലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കും. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ പഠിപ്പിക്കുന്ന സാഹചര്യമുണ്ടാക്കും. അത് വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് ചെയ്യും. പെട്ടെന്ന് സ്‌കൂളിലേക്ക് പോകാനാകുന്ന സാഹചര്യമില്ല.
ദുരന്തബാധിതരുടെ മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവര്‍ക്കും കൗണ്‍സിലിംഗ് നല്‍കും. കൂടുതല്‍ പേരെ ദൗത്യത്തിന്റെ ഭാഗമാക്കും എന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുത്. അത് സ്വീകരിക്കാനാവില്ല. ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ അതിന് തയ്യാറല്ല. അവര്‍ക്ക് ഭക്ഷണം എത്തിക്കും.
മഹാ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി തടയാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ അംഗീകരിക്കണം. ചത്ത മൃഗങ്ങളെയും കൃത്യമായി സംസ്‌കരിക്കും. നിലവില്‍ 12 മന്ത്രിമാര്‍ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ-വനം-ടൂറിസം-എസ്സി എസ്ടി മന്ത്രിമാര്‍ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കും.
ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരും. മൃതദേഹം തിരിച്ചറിയാനുള്ള സ്ഥലത്ത് ആളുകള്‍ തള്ളിക്കയറുന്ന നിലയുണ്ടാകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications