മുണ്ടക്കൈ ഉരുൾപൊട്ടൽ; ജില്ലയിൽ ഏഴായിരത്തോളം പേർ ക്യാമ്പുകളിൽ, 1726 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ വിവിധ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ 1726 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ ഏഴായിരത്തോളം പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നാണ് വിവരം. കൂടാതെ അപകട മേഖലകളിൽ കഴിയുന്ന ചിലരെ ബന്ധു വീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
ഓരോ ക്യാമ്പുകൾക്കും ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകിയാണ് പ്രവർത്തനം. നിലവിൽ ജില്ലയിൽ ആകെ 74 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടെ കൃത്യമായ ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകട മേഖലകളിൽ നിന്ന് ഉൾപ്പെടെ കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതും തുടരുന്നുണ്ട്.

അതേസമയം, ഉരുൾപൊട്ടൽ ബാധിത മേഖലയായ മേപ്പാടിയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ആയിരത്തിൽ അധികം പേരാണ് ഈ ക്യാമ്പുകളിൽ മാത്രമായി കഴിയുന്നത്. അതിൽ ഏറ്റവും അധികം പേർ കഴിയുന്നത് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ ക്യാമ്പിലാണ്.
മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിൽ 528 പേരാണ് കഴിയുന്നത്. കോട്ടനാട് സ്‌കൂളിൽ 207 പേർ, മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിൽ 130 പേർ, മേപ്പാടി സെന്റ് ജോസഫ് യുപി സ്‌കൂളിൽ 214 പേർ, നെല്ലിമുണ്ട അമ്പലം ഹാളിൽ 16 പേർ, തൃക്കൈപ്പറ്റ ജിഎച്ച്എസിൽ 85 പേർ, കാപ്പംകൊല്ലി അരോമ ഇന്നിൽ 23 പേർ, മൗണ്ട് ടാബോർ സ്‌കൂളിൽ 10 പേർ; എന്നിങ്ങനെയാണ് ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി. എല്ലാ വകുപ്പുകളും സന്നദ്ധ സംഘടനകളും ജനങ്ങളും ഏകോപനത്തോടെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം നിലവിൽ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൈന്യവും എന്‍ഡിആര്‍എഫും കോസ്‌റ്റ് ഗാര്‍ഡുമുള്‍പ്പെടെ ഇവിടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. താൽക്കാലിക പാലം നിര്‍മിച്ച് ആയിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് സൈന്യം അറിയിച്ചത്. ദുരന്തത്തില്‍ 184 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications